വടകര: പ്രധാനമന്ത്രി ജനവികാസ് യോജന വഴി നൂറു കോടി രൂപയുടെ വികസനത്തിനൊരുങ്ങി കോഴിക്കോട് വടകര ഗവ.ജില്ലാ ആശുപത്രി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതിയുടെ ഗുണം ആതുരാലയത്തിന്റെയും വടകരയുടെയും മുഖച്ഛായ തന്നെ മാറ്റും.
സമഗ്രവികസനത്തിനാണ് തുക. പിഎംജെവികെയില്‍ ഉള്‍പ്പെടുത്തി ആദ്യഗഡുവായി 30.95 കോടി രൂപ അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. 100.50 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്‍ പദ്ധതി സമര്‍പ്പിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് മാസ്റ്റര്‍ പ്ലാനിലെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ 98.50 കോടി രൂപയും ധന്വന്തരി ഡയാലിസിസ് സെന്ററിന് 2.11 കോടി രൂപയും അനുവദിച്ചു കിട്ടാനാണ് പദ്ധതി തയ്യാറാക്കിയത്.
ധന്വന്തരി ഡയാലിസിസ് സെന്ററിന് മെഷീന്‍ വാങ്ങുന്നതിന് 63.53 ലക്ഷം രൂപയും എംപവേഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്രവിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ് പദ്ധതിക്കായി അനുവദിക്കുക. 64 വര്‍ഷം പഴക്കമുള്ള ജില്ലാ ആശുപത്രി കെട്ടിടം പൊളിച്ച് ഏഴുനിലയില്‍ പുതിയത് പണിയും. പാര്‍ക്കിങ് സൗകര്യം, ലിഫ്റ്റ്, ഒപി, ലബോറട്ടറി, ഫാര്‍മസി, കഫ്റ്റീരിയ, കണ്‍സള്‍ട്ടിങ് റൂം, എക്‌സ്‌റേ, ശൗചാലയം, സ്‌കാനിങ് സെന്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും ആശുപത്രിയില്‍ ഒരുക്കും.
വടകര നഗരസഭയിലും പ്രധാന മന്ത്രി ജനവികാസ് പദ്ധതിയില്‍ അഞ്ച് പ്രോജറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. മോഡല്‍ പോളിയുടെ കെട്ടിട നവീകരണം, ടെക്‌നിക്കല്‍ സ്‌കൂളിലെ വിഎച്ച്എസ്‌സി, വടകര സംസ്‌കൃതം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, താഴെ അങ്ങാടി കുടുംബാരോഗ്യ കേന്ദ്രം, പണിക്കോട്ടിയിലെ സബ്ബ്‌സെന്റര്‍ എന്നിവിടങ്ങളില്‍ രണ്ടര കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: