തിരുവല്ല : ദേശീയതയുടെ യഥാര്‍ത്ഥ ശബ്ദമാണ് ജന്മഭൂമിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുകന് .ജന്മഭൂമി ശബരിഗിരി (പത്തനംതിട്ട ) എഡിഷന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക പരിഷ്കരണത്തിന്റെയും ദേശീയതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെയും യാത്രയിലുള്ള ഒരു പുതിയ നാഴികക്കല്ലാണ് പുതിയ ഓഫീസ്. ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനത്തോടുള്ള കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രചോദനകഥയാണ് പ്രാദേശികമായും ദേശീയമായും ആഗോളമായും ഉള്ള ജന്മഭൂമിയുടെ ക്രമാനുഗതമായ വളര്‍ച്ച.
1975 ല്‍ ആരംഭിച്ചതു മുതല്‍ ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജന്മഭൂമി 45 വര്‍ഷം പൊതുജനങ്ങള്‍ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്കി് കേരളത്തിലുടനീളം പ്രവര്ത്തിക്കുന്നുണ്ടെന്നറിഞ്ഞതില് സന്തോഷമുണ്ട്.
ഡിജിറ്റല്‍ ജേണലിസത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും കാലഘട്ടത്തിലും ജനങ്ങളുടെ വിശ്വാസം സമ്പാദിച്ചുകൊണ്ട് അച്ചടി മാധ്യമങ്ങള്‍ എങ്ങനെ വിശ്വസനീയമായ സാന്നിധ്യം നിലനിര്‍ത്തി എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ജന്മഭൂമി. കേരളത്തിലും പുറത്തും യഥാര്‍ത്ഥ ദേശീയതയോടെ പത്രത്തിന്റെ സ്ഥാനം നേടാന്‍ ജന്മഭൂമി വലിയ സ്ഥിരോത്സാഹം കാണിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി പറഞ്ഞു
കേരളത്തിന്റെ സാമൂഹ്യ,സാംസ്കാരിക, മണ്ഡലങ്ങളില്‍ ജന്മഭൂമി ചെലുത്തിയ സ്വാധീനം വലുതാണ് .ഉത്തരവാദിത്വ പത്രപ്രവര്‍ത്തനമാണ് ജന്മഭൂമി നിര്‍വഹിക്കുന്നത്. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ അറിഞ്ഞത് ജന്മഭൂമിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് സഹായകമാകുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കൈയച്ചാണ് സഹായിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് നടന്ന് കൊണ്ടുരിക്കുന്ന വാക്സിന് ഡ്രൈവ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് പ്രക്രിയയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പത്രപ്രവര്‍ത്തകരുടെ ക്ഷേമപദ്ധതിയുടെ മാര്‍ഗരേഖ പുതുക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് . എല്‍. മുരുകന് പറഞ്ഞു. ശരിയായ വിവരങ്ങള്‍ ശേഖരിച്ചു സത്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാനായി അചിന്തനീയമായ വേദനയും അപകടസാധ്യതയുകളുമാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ജനക്ഷേമ പദ്ധതികളായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന, കോവിഡ് -19 പ്രതിരോധ കുത്തിവെയ്പ് യജഞം തുടങ്ങിയവയ്ക്ക് മാധ്യമങ്ങള്‍ അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും കേന്ദ്ര സഹമന്ത്രി ആവശ്യപ്പെട്ടു
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന യോഗത്തില്‍ .ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് അധ്യക്ഷനായി. തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്‍വ്വിണ്ണാനന്ദ മഹാരാജ് ദീപം തെളിയിച്ചു. കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തി.ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്,അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്,ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന് നായര്‍, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ,ആര്.ഉമാകാന്തന്‍, എഡിറ്റര്‍ കെഎന്‍ആര്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. ശബരിഗിരി എഡിഷന് പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ സ്വാഗതവും യൂണിറ്റ് മാനേജര്‍ എ.സി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: