തിരുവല്ല: റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്ന് മുതല്‍ സ്മാര്‍ട്ടാവും. ഇനി മുതല്‍ ആധാര്‍ കാര്‍ഡിന്റെയോ എടിഎം കാര്‍ഡിന്റെയോ വലിപ്പത്തിലാവും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നത്. രണ്ടു വശവും പ്രിന്റു ചെയ്ത കാര്‍ഡുകളില്‍ ഫോട്ടോയും പതിച്ചിട്ടുണ്ടാവും.
കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ ഇന്ത്യ വണ്‍ റേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ടാക്കുന്നത്. ഇതിന്റെ ആദ്യപടിയായി റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളോ മറ്റു തിരുത്തലുകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴി തിരുത്താം. നിലവില്‍ കാര്‍ഡുകളിലെ വിവരങ്ങളില്‍ തെറ്റുതിരുത്തലുകള്‍ പുരോഗമിക്കുകയാണ്. തെറ്റുകളുള്ള കാര്‍ഡുടമകള്‍ സ്വയം മുന്നോട്ട് വന്ന് തിരുത്തലുകള്‍ നടത്തണം. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്മാര്‍ട്ട് ആക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ മോഹന്‍കുമാര്‍ സി.വി പറഞ്ഞു.
ബിപിഎല്‍ പട്ടികയില്‍ നിന്ന് അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. അനര്‍ഹരെ ഒഴിവാക്കിയുള്ള മാറ്റങ്ങള്‍ ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും. ഇതോടെ ജില്ലയിലെ അനര്‍ഹരായവര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കില്ല. പദ്ധതി നിലവില്‍ വരുന്ന പക്ഷം പെട്ടന്നു തന്നെ അടുത്ത ഘട്ട നടപടികള്‍ സ്വീകരിക്കും. പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡുകള്‍ക്ക് സ്മാര്‍ട്ടാക്കുന്നതിന് പണം ഈടാക്കില്ല. അതേസമയം നീല, വെള്ള കാര്‍ഡുകാരില്‍ നിന്ന് നിശ്ചിത തുക ഈടാക്കും. പുതുതായി വരുന്ന റേഷന്‍ കാര്‍ഡുകളില്‍ ഫോട്ടോ പതിച്ചതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം. യാത്രകളിലും കരുതാം.
ക്യുആര്‍ കോഡും ബാര്‍കോഡും അടങ്ങിയതാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്. റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യൂആര്‍ കോഡ് സ്കാനര്‍ കൂടി വയ്ക്കും. സ്കാന്‍ ചെയ്യുമ്പോള്‍ വിശദവിവരം സ്ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുമ്പോള്‍ ആ വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കും. സംസ്ഥാനത്തെ നിലവിലുള്ള റേഷന്‍കാര്‍ഡുകളുടെ കാലാവധി 2022 വരെയുണ്ടെങ്കിലും ഈ നവംബറോടെ തന്നെ സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: