കൊല്ലം: പുറമേയ്ക്ക് നിഷേധിക്കുകയാണെങ്കിലും കൃത്യമായ സമയത്ത് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള അണിയറ നീക്കത്തില്‍ ആര്‍എസ്പി. ഇടതുമുന്നണി വിട്ടശേഷം നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും തകര്‍ച്ച മാത്രം നേരിട്ട സാഹചര്യത്തിലാണ് ഈ വീണ്ടുവിചാരം. ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയെന്ന് വിശേഷണമുള്ള ആര്‍എസ്പിക്ക് ചവറയില്‍ പോലും ഇപ്പോള്‍ ആധിപത്യമില്ലാത്തത് അണികള്‍ക്കിടയില്‍ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ചവറയില്‍, നിയമസഭയില്‍ അത് ആവര്‍ത്തിക്കാനാകാത്തതില്‍ പാര്‍ട്ടിക്ക് അഭിമാനക്ഷതമുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയായി ഷിബുവിനെ രംഗത്തിറക്കിയിട്ടും മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തിയിട്ടും വിജയമുറപ്പിച്ച പരമ്പരാഗത സീറ്റിലാണ് ആര്‍എസ്പിപരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളുടെയും മുന്നണിയുടെ മണ്ഡലം കണ്‍വീനറുടെയും കാലുമാറ്റമാണ് ഇതിന് കാരണമായി ആര്‍എസ്പി കണ്ടെത്തിയത്. ഇക്കാര്യം കെപിസിസിക്ക് രേഖാമൂലം നല്‍കിയിട്ടും നടപടിയുണ്ടാകാത്തതും ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകാത്തതും ആര്എസ്പിയില് രണ്ടഭിപ്രായത്തിന് വഴി വച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ പാര്‍ട്ടിയുടെ സ്വാധീനമേഖലകളില്‍ സിപിഎമ്മിന്റെ ആധിപത്യം രൂക്ഷമായതും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത നഷ്ടങ്ങള്‍ ഉണ്ടാകുന്നതും നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. കോണ്‍ഗ്രസിന്റെ ഉറപ്പില്‍ ഇനിയും ധൈര്യമായി യുഡിഎഫില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കം പങ്കുവയ്ക്കുന്നത്. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ തമ്മിലടിയും സമീപകാലത്തെ വിവാദവും ആര്‍എസ്പിയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തക്കതായ കാരണം ലഭിക്കുന്ന മുറയ്ക്ക് മുന്നണി വിടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടിയെന്നാണ് സൂചന.
പാര്‍ട്ടിയുടെ മുന്നണിമാറ്റം 2014 മാര്‍ച്ചില്‍ എല്‍ഡിഎഫിനെ ഉലച്ചെങ്കിലും വളരെ വേഗത്തില്‍ ആര്‍എസ്പിയെ ജില്ലയിലും ബൂത്തുതലത്തിലും അതിശക്തരാക്കാന്‍ ഇടതുമുന്നണിക്ക്, വിശേഷിച്ച് സിപിഎമ്മിന് സാധിച്ചതായാണ് കണക്കാക്കുന്നത്. തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത് ഇടതുമുന്നണിയില്‍ നിന്നപ്പോഴാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കമ്മിറ്റികളില്‍ തുറന്നടിക്കുന്ന സ്ഥിതിയിലെത്തി. ഇത്തരം ഒരു അവസ്ഥയില്‍ നേതൃത്വം മാറിചിന്തിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
പാര്‍ട്ടി മുന്നണി മാറണമെന്ന് ഷിബുവിനും എ.എ. അസീസിനും അര്‍ദ്ധമനസോടെ അഭിപ്രായമുണ്ടെങ്കിലും എന്‍.കെ.പ്രേമചന്ദ്രന്റെ ശക്തമായ എതിര്‍പ്പാണ് മുന്നിലെ തടസ്സം. പാര്‍ട്ടിയുടെ മുന്നണിമാറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് വേണ്ടി പ്രചരണരംഗത്ത് മുഴുവന്‍സമയവും പ്രേമചന്ദ്രന് ചിലവിട്ടതും ഇക്കാരണത്താലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: