അമൃത്സര്‍: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഭിന്നശേഷിക്കാരന് 23 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്ത് തിരികെയെത്തി. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിങ് രജ്പുത്ത് ആണ് തന്റെ 56-ാം വയസ്സില്‍ ജന്മനാട്ടില് തിരിച്ചെത്തിയത്. 33-ാം വയസ്സിലാണ് ഇയാൾ പാക്കിസ്ഥാനിലെത്തിയത്.
മധ്യപ്രദേശിലെ സാഗറിലെ ഘോസിപട്ടി എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് പ്രഹ്ലാദും കുടുംബവും താമസിച്ചിരുന്നത്. 1998-ല്‍ പെട്ടെന്നൊരു ദിവസം പ്രഹ്ലാദ് വീട്ടില്‍ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. ബന്ധുക്കള്‍ അദ്ദേഹത്തിനായി ഏറെ തിരച്ചില്‍ നടത്തുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തിട്ടും ഫലമൊന്നുമുണ്ടായില്ല. 2014-ല്‍ പ്രഹ്ലാദ് പാക്കിസ്ഥാനിലെ ജയിലിലുണ്ടെന്ന് ഗൗര്‍ജമാര്‍ പോലീസിന് വിവരംലഭിച്ചു. അന്നുമുതല്‍ പ്രഹ്ലാദിന്റെ കുടുംബം അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.
എഴ് വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ പരിശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു. പ്രഹ്ലാദ് സിംഗ് രാജ്പുത്തിനെ തിങ്കളാഴ്ച അമൃത്സറിലെ അഠാരി അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാൻ കൈമാറുകയായിരുന്നു. പ്രഹ്ലാദിന്റെ സഹോദരന് വീര്‍ സിങ് രാജ്പുത് മധ്യപ്രദേശ് പോലീസിനൊപ്പം അതിര്‍ത്തിയില്‍ എത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി നഷ്ടപ്പെട്ട സഹോദരനെ കണ്ട വീര്‍ സിങ് വികാരഭരിതനായി. സഹോദരങ്ങള്‍ കണ്ണീരോടെ പരസ്പരം ആലിംഗനം ചെയ്യുകയും ആഹ്ലാദം പങ്കുവെക്കുകയും ചെയ്തു.
വീര്‍ സിങ് നടത്തിയ കഠിനപരിശ്രമങ്ങളുടെ ഫലമാണ് അദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള മടക്കം സാധ്യമാക്കിയത്. നിരവധി തവണ വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് വകുപ്പുകള്‍ക്കും അദ്ദേഹം ഇത് സംബന്ധിച്ച് അപേക്ഷ നല്കി. സാഗര്‍ പോലീസും പ്രഹ്ലാദിന്റെ കാര്യം ന്യൂദല്‍ഹിയിലെ അധികാരികള്‍ക്കു മുന്നില്‍ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: