മലപ്പുറത്ത് പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ട പതിനെട്ടുകാരന് കോടതി ഉത്തരവിനെത്തുടര്‍ന്ന് അടിയന്തരമായി ജയില്‍മോചിതനായ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് സഹപാഠിയായ യുവാവിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ജയിലില്‍ ഈ വിദ്യാര്‍ത്ഥിക്ക് കഠിന പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് വീട്ടില്‍ വന്ന് പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ചാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. എന്നാല്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുന്നതിനു മുന്‍പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ ഫലം നെഗറ്റീവായതോടെയാണ് മുപ്പത്തിയാറു ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന യുവാവിന് മോചനം ലഭിച്ചത്. താന്‍ നിരപരാധിയാണെന്ന് തുടക്കം മുതല്‍ പറഞ്ഞ യുവാവ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരയുടെ മൊഴിയെ മാത്രം ആശ്രയിച്ച് പോക്സോ കേസുകള്‍ അലസമായും മുന്‍വിധിയോടെയും കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളിലൊന്നാണിത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വളരെ നാളായില്ല തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് അമ്മ പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. മുന്‍ ഭര്‍ത്താവിന്റെ മൊഴി പ്രകാരമായിരുന്നു ഇത്. പക്ഷേ ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ ഈ അമ്മ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി. കുടുംബവഴക്കിന്റെ പ്രതികാരം തീര്‍ക്കാന്‍ ഭര്‍ത്താവ് ഇങ്ങനെയൊരു പരാതി നല്‍കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.
കടയ്ക്കാവൂര്‍ കേസില്‍ ഇരുപത്തിയേഴു ദിവസമാണ് നാല്‍പ്പത്തിയേഴുകാരിയായ യുവതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചെങ്കിലും സമൂഹത്തിനു മുന്നില്‍ അവരുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം സംഭവിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന നൂറുകണക്കിന് സംഭവങ്ങളിലൊന്നാണിത്. 2020 ല്‍ മാത്രം പോക്സോ നിയമപ്രകാരം 43,000 കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു. ഇതില്‍നിന്നു തന്നെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തോത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ആവശ്യപ്പെട്ട പ്രകാരം വീടു വില്ക്കാന് തയ്യാറാവാതിരുന്ന മുംബൈക്കാരനെതിരെ തന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അയല്‍വാസി കൊടുത്ത കേസില്‍ പത്ത് വര്‍ഷത്തോളമാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയപ്പോഴേക്കും ഒരു സാധു മനുഷ്യന് പത്ത് വര്‍ഷം ജയിലില്‍ നരകയാതന അനുഭവിക്കേണ്ടി വന്നുവെന്നത് അത്യന്തം അപലപനീയമായ കാര്യമാണ്. സമീപകാലത്ത് കേരള ഹൈക്കോടതി തന്നെ ഇരുപത്തിയെട്ടുകാരനായ ഒരു യുവാവ് പ്രതിയായ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി റദ്ദാക്കുകയുണ്ടായി. ഇവിടെയും വ്യക്തിപരമായ കാരണങ്ങളാല്‍ പരാതി നല്കി യുവാവിനെ കുടുക്കാനാണ് ശ്രമം നടന്നത്.
പോക്സോ നിയമപ്രകാരം എടുക്കുന്ന കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പലപ്പോഴും ആഴത്തിലുള്ള പരിശോധന നടത്തി സത്യം കണ്ടെത്താന്‍ ശ്രമിക്കാറില്ല. അന്വേഷണം നടക്കുന്ന പോക്സോ കേസുകള്‍ പരിശോധിച്ച സംസ്ഥാന പോലീസിന്റെ ഒരു സമിതി കണ്ടെത്തിയത് ഇവയില്‍ പത്ത് ശതമാനത്തോളം കെട്ടിച്ചമച്ചതാണ് എന്നായിരുന്നു. വ്യക്തിവൈരാഗ്യവും കുടുംബപ്രശ്നങ്ങളുമാണ് കേസിനിടയാക്കുന്ന പരാതികള്‍ക്കു കാരണം. ഇതിന്റെ അടിസ്ഥാനത്തില്‍, അതീവ ശ്രദ്ധയോടെ വേണം പോക്സോ കേസുകള്‍ അന്വേഷിക്കാനെന്ന ഒരുത്തരവും പോലീസ് ഇറക്കുകയുണ്ടായി. പക്ഷേ ഈ ഉത്തരവ് നിലവിലുള്ളപ്പോള്‍ തന്നെ പോക്സോ നിയമപ്രകാരമുള്ള വ്യാജകേസുകള്‍ നിരവധിയുണ്ടായി എന്നതാണ് വിരോധാഭാസം. ലൈംഗിക പീഡനങ്ങളില്‍ ഇരകളുടെ മൊഴികളെ മാത്രം മുന്‍നിര്‍ത്തി കേസെടുത്താല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ ഇടയുണ്ടെന്ന് സുപ്രീംകോടതി തന്നെ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാധ്യമ വിചാരണയും ജനങ്ങളുടെ പ്രതിഷേധവും ഭയന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാവുന്ന സാഹചര്യം പോക്സോ കേസുകളില്‍ പതിവാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ബാലികമാരെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്ന നിയമം തന്നെ നാം നിര്‍മിച്ചിരിക്കുകയാണല്ലോ. അപ്പോള്‍പോലും നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല. പോക്സോ കേസുകള്‍ വളരെ ശ്രദ്ധയോടെയും നിക്ഷ്പക്ഷമായും അന്വേഷിക്കുകയാണ് ഇതിനു വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: