കാബൂൾ: സംഗീതം ഇസ്ലാം വിരുദ്ധമാണെന്ന നിലപാടിന് പിന്നാലെ പൊതുവേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കരുതെന്നും താലിബാന്റെ അന്ത്യശാസനം. ഇത് ലംഘിച്ച് അഫ്ഗാനിസ്ഥാനിലെ കിഷ്നാബാദ് ഗ്രാമത്തിൽ സംഗീതപരിപാടി അവതരിപ്പിച്ചതിന് താലിബാന് തീവ്രവാദികള്‍ നാടന്‍ പാട്ടുകാരനായ ഗായകനെ വെടിവെച്ച് കൊന്നു. ഫത് വ ഇറക്കുക മാത്രമല്ല, അത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കി തങ്ങളുടെ അന്ത്യശാസനങ്ങള്‍ നടപ്പാക്കുന്നതാണ് താലിബാന് തീവ്രവാദികളുടെ രീതി.
അന്ദരാബി പ്രവിശ്യയിലെ പ്രമുഖ ഗായകനായ ഫവാദ് അന്ദരാബിയെ ക്രൂരമായാണ് കൊന്നത്. ഇതോടെ അഫ്ഗാനിസ്ഥാനിലെ ഗായകരുടെ ജീവിതജീവിതം കടുത്തപ്രതിസന്ധിയിലായി. ഗായകന് ഫവാദ് അന്ദരാബിയെ താലിബാന് തീവ്രവാദികള്‍ വധിച്ച വിവരം അഫ്ഗാനിസ്ഥാന്റെ മുന്‍ ആഭ്യന്തര മന്ത്രി മസൂദ് അന്ദരാബി ട്വിറ്ററില്‍ സ്ഥിരീകരിച്ചു. പൊതുവേദികളില്‍ സംഗീതം നിരോധിക്കുമെന്ന് താലിബാന് പ്രഖ്യാപനം നടത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ അതിക്രൂരമായ കൊല നടന്നത്.
‘നാടന്‍പാട്ടുകാരനായ ഫവാദ് അന്ദരാബി ക്രൂരമായി കൊലചെയ്യപ്പെട്ടു. പഞ്ച്ശീര്‍ താഴ് വരയിലും ഇവിടുത്തെ ജനങ്ങളിലും ആനന്ദം നിറച്ച ഗായകനായിരുന്നു. ഞങ്ങളുടെ സുന്ദരമായ താഴ് വര…പ്രപിതാമഹന്മാരുടെ മണ്ണ്…. എന്നദ്ദേഹം പാടിയപ്പോള്‍ അത് താലിബാന് ക്രൂരതകള്‍ക്ക് കീഴടങ്ങുന്നില്ല….’- ഇടറുന്ന നെഞ്ചുമായി മസൂദ് അന്ദരാബി ട്വിറ്ററില്‍ കുറിച്ചു. താലിബാന് വിരുദ്ധപ്പോരാട്ടങ്ങളുടെ വേദിയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ അതിര്‍ത്തിപ്രദേശമായ അന്ദരാബില് ഫവാദ് അന്ദരാബി നടത്തുന്ന സംഗീതപരിപാടിയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഫവാദ് അന്ദരാബി തന്റെ അവസാന ദിവസങ്ങളിലൊന്നില്‍ നടത്തുന്ന ഗാനപരിപാടിയുടെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. നേരത്തെയും ഗായകരെയും കലാകാരന്മാരെയും താലിബാൻ വധിച്ചിട്ടുണ്ട്. സംഗീതം ഇസ്ലാമിൽ നിഷിദ്ധമാണ് എന്നാണ് താലിബാന്റെ വാദം.
ഒരു മാസം മുൻപ് കണ്ഡഹാറില് അഫ്ഗാന് ഹാസ്യനടന് നസര്‍ മുഹമ്മദിനെ താലിബാന് ഭീകരര്‍ ക്രൂരമായി കൊല ചെയ്തിരുന്നു. വീട്ടില്‍ നിന്ന് വിളിച്ചിറക്കി തോക്കുധാരികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: