തിരുവനന്തപുരം: അളമുട്ടിയാല്‍ ചേരയും കടിക്കും എന്നതാണ് പഴമൊഴി. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന്റെ പേരില്‍ പരസ്യ പ്രതികരണവുമായി
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തു വന്നത് അളമുട്ടിയപ്പോളാണ്. അവഗണനയുടെ അങ്ങേയറ്റം ആയപ്പോള്‍ ഉണ്ടായ ബോധപൂര്‍വമായ പ്രതികരണം. ഗ്രൂപ്പുമാനേജര്‍മാരായ ഇരുവര്‍ക്കും കുറെ നാളുകളായി നല്ലകാലമല്ല. ഗ്രൂപ്പുകളാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രശ്നം എന്ന ചിന്ത ഹൈക്കമാന്‍ഡിന്റെ തലയില്‍ കയറിയതാണ് പ്രശ്നം. ഇരു നേതാക്കളുടേയും വാക്ക് കേട്ട് നടത്തിയ നീക്കങ്ങളൊക്കെ പാളിയതിനാലാണ് നേതൃത്യം മാറി ചിന്തിച്ചത്.
പ്രതിപക്ഷ നേതാവായി വി ഡി സതീശനേയും കെ പി സി സി അധ്യക്ഷനായി കെ സുധാകരനേയും നിയമിച്ചത് ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും താല്പര്യം നോക്കാതെയായിരുന്നു. ഒരു വാക്കു പോലും പറയാതെ ചെന്നിത്തലയെ മാറ്റിയത് അദ്ദേഹത്തെ അവഹേളിക്കുന്നതിനു തുല്യമായിരുന്നു. എതിര്‍പ്പ് കത്തിലൂടെ നേതൃത്വത്തെ അറിയിച്ച് നിശബ്ധനായി ഇരിക്കുകയായിരുന്നു ചെന്നിത്തല. പാര്‍ട്ടി കാര്യങ്ങളില്‍ കാര്യമായ താല്പര്യം കാണിക്കാതെ ഒഴിഞ്ഞു നില്‍ക്കാനും ചെന്നിത്തല ശ്രദ്ധിച്ചു. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക തല്കണമെന്ന് പലപ്രവാശ്യം ആവശ്യപ്പെട്ടെങ്കിലും ചെന്നിത്തല നല്‍കിയില്ലന്ന് കെ സുധാകരന് പരാതിപ്പെടുകയും ചെയ്തു.
ഉമ്മന്‍ചാണ്ടി പണ്ടുമുതലേ സോണിയഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നല്ലബുക്കില്‍ പെട്ട ആളായിരുന്നില്ല.
: ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ്സിനുള്ളില്‍ അഭിപ്രായ ഭിന്നത. ഡിസിസി അധ്യക്ഷപ്പട്ടികയില്‍ വന്‍ പ്രതിഷേധമാണ് ഉടലെടുത്തിട്ടുണ്ട്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി അറിയതോടെയാണ് അഭിപ്രായ ഭിന്നത രുക്ഷമായത്.
അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ഫലപ്രദമായ ചര്‍ച്ചകളൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ നടന്നിട്ടില്ല. തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്പെന്‍ഡ് ചെയ്തതിലും ഉമ്മന്‍ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചു. പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് അവരോട് വിശദീകരണം തേടണമായിരുന്നു എന്നും അദ്ദേഹം അറിയിച്ചു. പട്ടികയില്‍ ചര്‍ച്ചകള്‍ നടന്നിട്ടി്ല്ലെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചു.
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായരേയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും ഇന്നലെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കള്‍ തന്നെ ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നായിരുന്നു അനില്‍ കുമാറിന്റ പ്രതികരണം. ഇതിനെ ശിവദാസന്‍ നായരും പിന്തുണച്ചു. കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷനേതാവും നാല് വര്‍ക്കിങ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോര്‍മുല വച്ചുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമല്ലെന്നും ശിവദാസന്‍ നായര്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരേയും പാര്‍ട്ടി നേതൃത്വം സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
അതിനിടെ പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടി നാട്ടുകയും, പി.ജെ. കുര്യനും ആന്റോ ആന്റണി എംപിക്കും പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചു. പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്റോ ആന്റണി. സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: