കോഴിക്കോട്: പിണറായി സര്‍ക്കാരിന് സൗജന്യ ഭക്ഷ്യോത്പന്നക്കിറ്റും കൊവിഡ് പ്രതിരോധ വാക്സിന് വിതരണവും ബാധ്യതയാകുന്നു. സര്‍ക്കാരിന്റെ നടത്തിപ്പിലെ പിടിപ്പുകേടാണ് രണ്ടിലും വ്യക്തമാകുന്നതെന്ന വിമര്‍ശനം സര്‍ക്കാരിലും ഭരണ മുന്നണിയിലും സിപിഎമ്മിലും ശക്തമായി.
എല്ലാക്കാര്യത്തിലും ഉപദേശകരുടെ സഹായത്തില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാംവട്ട ഭരണത്തില്‍ എല്ലാ മേഖലയിലും പരാജയപ്പെടുന്നുവെന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നവരുടെ പ്രോഗ്രസ് കാര്‍ഡ്. തൊണ്ണൂറ് ദിവസം കഴിഞ്ഞ രണ്ടാം പിണറായി സര്‍ക്കാര്‍ നിരാശപ്പെടുത്തുന്നുവെന്നാണ് അവരുടെ വിലയിരുത്തല്‍.
കിറ്റ് വിതരണത്തിന്റെയും കൊവിഡ് പ്രതിരോധത്തിന്റെയും പേരിലാണ് വീണ്ടും അധികാരത്തിലെത്തിയത്. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ കള്ളിവെളിച്ചത്താകുന്നുവെന്നാണ് കാണുന്നത്. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ കാട്ടിയ പ്രവര്‍ത്തന മികവ് ഏറ്റവും പ്രതിരോധം ആവശ്യമായ ഘട്ടത്തില്‍ ഇല്ലാതായി. ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നല്‍കുന്നില്ലെന്ന പരാതിപ്പെട്ട് അത് രാഷ്ട്രീയമായി വിനിയോഗിക്കുകയായിരുന്നു. എന്നാല്‍, ആവശ്യത്തിന് വാക്സിന് ലഭ്യമായെങ്കിലും ശരിയായ വിധത്തില്‍ വിതരണം ചെയ്യുന്നതിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടതെന്ന് ഇപ്പോള്‍ വെളിവായി. കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച 73 ശതമാനം പേര് 60 വയസിനു മുകളിലുള്ളവരാണ്. ആ പ്രായത്തിലുള്ളവര്‍ക്കെല്ലാം രണ്ട് ഡോസും ഇനിയും കൊടുക്കാന്‍ ആയിട്ടില്ല.
മന്ത്രിമാറ്റം, വകുപ്പിലെ അഴിച്ചുപണിയില്‍ നേട്ടങ്ങള്‍ കുറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരില്‍ ഉണ്ടായ പോരും അനാസ്ഥയും ഉപദേശകരില്‍നിന്ന് ഉപജാപകരിലേക്ക് മുഖ്യമന്ത്രി മാറിയതും അടക്കം രണ്ടാം ഭരണം അപകടത്തിലേക്ക് തള്ളിവിടുന്നതായാണ് നിരീക്ഷകര്‍ പറയുന്നത്. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഗുണമായെങ്കിലും സര്‍ക്കാരിന് വന്‍ ബാധ്യതയും സംവിധാനത്തിലെ വന്‍ വീഴ്ചയുമായി മാറി അതെന്നാണ് കണക്കെടുപ്പ്.
ഓണക്കിറ്റെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഓണം കഴിഞ്ഞിട്ടും എല്ലാവര്ക്കും കിറ്റെത്തിയിട്ടില്ല. 90.87 ലക്ഷം റേഷന്‍ കാര്‍ഡുടമകളുണ്ട്. അവരില്‍ 69.73 ലക്ഷത്തിനേ കൊടുക്കാനായുള്ളു. 20 ലക്ഷം കാര്‍ഡുടമകള്‍ക്ക് നല്‍കിയിട്ടില്ല. സര്‍വര്‍ക്കും കിറ്റ് എന്ന് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അത് നടപ്പാക്കുന്നതെങ്ങനെയെന്ന ആസൂത്രണമില്ലാതെ പോയി. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണ്, മുഖ്യമന്ത്രി, മറ്റുമന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കാതെ നടത്തുന്ന വണ്മാന് ഷോയുടെ പോ
രായ്മയാണെന്ന വിമര്‍ശനം വിവിധ ഘടകകക്ഷി മന്ത്രിമാര്‍ അവരവരുടെ പാര്‍ട്ടിനേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. കൊച്ചുകേരളത്തിലെ ഭക്ഷ്യം, ആരോഗ്യം എന്നീ രണ്ട് പ്രധാന വകുപ്പുകളിലെ കാര്യങ്ങള്‍ കുറ്റമറ്റ തരത്തില്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ഇതര സംസ്ഥാനങ്ങളേയും കേന്ദ്ര സര്‍ക്കാരിനേയും കുറ്റപ്പെടുത്താനാകുമെന്നും നിരീക്ഷകര്‍ ചോദിക്കുന്നു.
തെറ്റായാലും ശരിയായാലും ചെയ്തികള്‍ക്ക് ഉപദേശം നല്കാന് ആദ്യ ഭരണത്തില്‍ എട്ട് ഉപദേശകരും അവര്‍ക്ക് സഹായികളുമുണ്ടായിരുന്നു. എന്നിട്ടും സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് ഇടപാടുകള്‍ പുറത്തുവന്ന് മുഖ്യമന്ത്രിയുടെയും ഭരണ സംവിധാനത്തിന്റെയും ഇടപാടുകള്‍ ചര്‍ച്ചയും വിവാദവുമായി. ഈ സാഹചര്യത്തില്‍ ആരുടെയും ഉപദേശ സഹായമില്ലാതെ ഭരിക്കാനാണ് മുഖ്യമന്ത്രി നിശ്ചയിച്ചത്. എന്നാല്‍, ഉപജാപകര്‍ ഏറെയുണ്ട്. അവരുടെ പിടിയിലാണ് മുഖ്യമന്ത്രി എന്ന ആക്ഷേപവും ഉണ്ട്.
തൊണ്ണൂറു ദിവസം പിന്നിട്ട ഭരണത്തില്‍ ശരാശരിയിലും താഴ്ന്ന കഴിവുള്ള മന്ത്രിമാരും ശരിക്കും പരാജയമായ ഭരണവും എന്നാണ് രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ വിലയിരുത്തലില്‍ നിരീക്ഷകര്‍ക്കുള്ള അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: