കാബൂള്‍:പഞ്ച്ശീര്‍ മലനിരകളിലെങ്ങും ചെറുത്തുനില്പിന്റെ വീര്യമാണ്. കുട്ടികളും സ്ത്രീകളും മുതല്‍ പ്രായമേറിയവര്‍ വരെ യുദ്ധത്തെ ഭയമില്ലാത്തവരാണ്. നയിക്കാന്‍ യുദ്ധതന്ത്രങ്ങളും ചാരപ്രവര്‍ത്തനങ്ങളും നടത്തിയ പരിചയ സമ്പന്നതയുള്ള അഫ്ഗാന് വൈസ് പ്രസിഡന്റ് അംറുള്ള സാലേയും യുദ്ധവീരന് അഹ്മദ് മസൂദും ഉള്ളപ്പോള്‍ യുവാക്കള്‍ ആരോടും മുട്ടാന്‍ ഒരുക്കമാണ്.
അഫ്ഗാന് തലസ്ഥാനമായ കാബൂളിന് വടക്ക് ഹിന്ദുകുഷ് എന്ന് വിളിക്കുന്ന കൂറ്റന്‍ മലനിരകള്‍ ഉള്‍പ്പെട്ടതാണ് പഞ്ച്ശീര്‍. ചെറുത്തുനില്പിന്റെ വീരഗാഥകളുടെ നീണ്ട ചരിത്രം പഞ്ച് ശീറിനുണ്ട്. പണ്ട് സോവിയറ്റ് റഷ്യയുടെ പട്ടാളം അഫ്ഗാനിസ്ഥാനെ കീഴടക്കാനെത്തിയപ്പോള്‍ അഹ്മദ് ഷാ മസൂദ്ദിന്റെ നേതൃത്വത്തില്‍ ഇവിടെ ശക്തമായ ചെറുത്തുനില്‍പ്പുണ്ടായി. ഒടുവില്‍ അഹ്മദ് ഷാ മസൂദിന്റെ സേന വിജയിച്ചു. പിന്നീട് താലിബാനുമായി അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര യുദ്ധമുണ്ടായപ്പോഴും അഹ്മദ് ഷാ മസൂദിന്റെ നേതൃത്വത്തില്‍ ശക്തമായി ആ്ഞ്ഞടിച്ചിരുന്നു. എന്നാല്‍ മസൂദ് 2001ല്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.
അംറുള്ള സാലേയും അഹ്മദ് മസ്സൂദും.
ഇക്കുറി താലിബാന് കാബൂള്‍ പിടിച്ചപ്പോള്‍ രണ്ട് പേര് പഴയ ചെറുത്തുനില്‍പ്പുകളുടെ ഓര്‍മ്മ പുതുക്കി ഹിന്ദുക്കുഷ് മലനിരകളിലൂടെ പഞ്ച്ശീറിലേക്കെത്തി. രണ്ട് ദശകമായി പാശ്ചാത്യരാജ്യത്തെ സര്‍ക്കാരുകളുമായുള്ള ചര്‍ച്ചകളുടെ ചുക്കാന്‍ പിടിക്കുന്ന അംറുള്ള സാലേയും പഴയ അഹ്മദ് ഷാ മസൂദിന്റെ മകന് അഹ്മദ് മസ്സൂദും. രണ്ടു പേര്‍ക്കും താലിബാനോട് അടങ്ങാത്ത കലിയുമുണ്ട്. അംറുള്ള സാലേയുടെ സഹോദരിയെ താലിബാന്‍കാര്‍ അപമാനപ്പെടുത്തി കൊന്നിട്ടുണ്ട്. കണ്മുന്നില് വെച്ച്. അതുപോലെ അച്ഛന് അഹ്മദ് ഷാ മസ്സൂദ് 2001ല്‍ അല്‍ ക്വെയ്ദ തീവ്രവാദികളുടെ തോക്കിനിരയായി മരിച്ചുവീണത് താലിബാനെതിരായ പോരാട്ടത്തിനിടയിലാണെന്നത് ഇന്നും അഹ്മദ് മസ്സൂദിന്റെ മനസ്സില്‍ പച്ചപ്പോടെ കിടക്കുന്നു.
കഴിഞ്ഞ ദിവസം പഞ്ച്ശീറില്‍ നിന്നും ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. ചെറുത്തുനില്‍പ്പിന്റെ നേര്‍ക്കാഴ്ചയായ ഈ ചിത്രം ഇന്ന് വൈറലാണ്. ചെറിയ ആണ്‍കുട്ടികളുടെ ഒരു സംഘം പഞ്ച്ശീര്‍ പ്രവിശ്യയിലെ ദാരാ ജില്ലയിലെ ബന്ദേജോയ് പ്രദേശത്തെ ഒരു പാലത്തിന് മുകളില്‍ കയ്യില്‍ തോക്കുമേന്തി ധീരതയോടെ പ്രതിരോധം തീര്‍ക്കുന്ന ചിത്രം. മനസ്സില്‍ നിന്നും എളുപ്പം മായുന്നതല്ല ചെറുത്തുനില്‍പ്പിന്റെ ഈ ചിത്രം.
‘താലിബാന് തീവ്രവാദികളുടെ മുന്നില്‍ ഒരിക്കലും തലകുനിക്കില്ല’
സാലേയുടെയും അഹ്മദ് മസൂദിന്റെയും നേതൃത്വത്തില്‍ ഒരു ഗറില്ലാ യുദ്ധസന്നാഹമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ഇവരോടൊപ്പം സേനയ്ക്ക് താങ്ങും തണലുമായി മുന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ മൊഹമ്മദിയും ഉണ്ട്. കാബൂള്‍ താലിബാന് പിടിച്ചെന്ന് കേട്ടപ്പോഴേ സാലേ ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: ‘താലിബാന് തീവ്രവാദികളുടെ മുന്നില്‍ ഞാന്‍ ഒരിക്കലും തലകുനിക്കില്ല. എന്റെ ആത്മാവിനെ ഞാന്‍ വഞ്ചിക്കില്ല. അഹമ്മദ് ഷ മസൂദ് എന്ന കമാന്‍ഡറെ ഇതിഹാസത്തെ എന്റെ നായകനെ ഞാന്‍ വഞ്ചിക്കില്ല,’.
അഫ്ഗാനിസ്ഥാന്റെ സൈനിക ചരിത്രത്തില്‍ പഞ്ച്ശീര്‍ താഴ് വരയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇതിന്റെ കൂറ്റന്‍ മലനിരകളും ദുരൂഹമായ താഴ് വരകളും നിറഞ്ഞ ഭൂമിശാസ്ത്രമാണ് പഞ്ചശീറിനെ ഒരു യുദ്ധപ്രതിരോധ കേന്ദ്രമാക്കി മാറ്റുന്നത്. ഈ സവിശേഷ ഭൂമിശാസ്ത്രത്തിന് യുദ്ധത്തിനുള്ള മേല്‍ക്കൈ ചാരപ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയ സാലേയ്ക്ക് നന്നായറിയാം. അതുകൊണ്ടാഅ അദ്ദേഹം പഞ്ച് ശീറിനെ താലിബാന് വിരുദ്ധപ്പോരാട്ടത്തിന്റെ മെക്കയായി സ്വീകരിച്ച് ഇവിടെക്ക് കുന്നിറങ്ങി വന്നത്. പഞ്ച്ശീറിലേക്ക് ഒരേയൊരു പ്രവേശന കവാടമേയുള്ളൂ. അത് പഞ്ച്ശീര്‍ നദി സൃഷ്ടിച്ച കവാടമാണ്. അതുകൊണ്ട് തന്നെ സൈനിക പ്രതിരോധം എളുപ്പമാണ്.
1990കളിലെ ആഭ്യന്തരകലാപത്തില്‍ പഞ്ച്ശീര്‍ പിടിക്കാന്‍ താലിബാന് കഴിഞ്ഞില്ല. സോവിയറ്റ് റഷ്യയ്ക്കും പഞ്ച് ശീര് കീഴടക്കാന്‍ കഴിഞ്ഞില്ല. ഈ താഴ് വരയിലെ 1.5 ലക്ഷം വരുന്ന നിവാസികള്‍ എല്ലാം താജിക് വംശക്കാരാണ്. താലിബാന്‍കാരാകട്ടെ പഷ്തൂണ്‍കാരാണ്. താജിക് വംശക്കാരുടെ രക്തത്തിലോടുന്നത് പോരാട്ടവീര്യമാണ്
പച്ചമരതകക്കല്ലുകള്‍ക്ക് പേര് കേട്ടതാണ് ഈ താഴ് വര. അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ പൊരുതാന്‍ പഞ്ച് ശീര് നിവാസികള്‍ക്ക് പണം നല്‍കിയത് അവരുടെ മണ്ണില്‍ നിന്നും കുഴിച്ചെടുത്ത ഈ മരതകക്കല്ലുകളാണ്. യുഎസിന്റെ നേതൃത്വത്തിലുള്ള നേറ്റോ സേന ഭരിച്ച 2001 മുതല്‍ 2021 വരെ പഞ്ച് ശീര് താഴ് വര അഫ്ഗാനിലെ ഏറ്റവും സുരക്ഷിത താവളമായിരുന്നു.
പഞ്ച് ശീര് താഴ് വരയുടെ ഏറ്റവും വലിയ യുദ്ധചരിത്രം എഴുതിയത് പ്രമുഖ താലിബാന് വിരുദ്ധപ്പോരാളിയായ അഹമ്മദ് ഷാ മസൂദാണ്. 2001ല്‍ ഇദ്ദേഹം വധിക്കപ്പെട്ടു. 1953ല്‍ ജനിച്ച അഹ്മദ് ഷാ 1979ല്‍ തനിക്ക് ഭാഗ്യവാന് എന്നര്‍ത്ഥം വരുന്ന മസൂദ് എന്ന പേര് സ്വയം നല്കി. കാബൂളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെയും പിന്നീട് സോവിയറ്റ് പട്ടാളക്കാരെയും ചെറുത്തുനിന്ന ഏറ്റവും സ്വാധീനമുള്ള മുജാഹിദ്ദീന്‍ പോരാളിയായിരുന്നു അഹ്മദ് ഷാ മസൂദ്.
1989ല്‍ സോവിയറ്റ് യൂണിയന് അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയപ്പോള്, പിന്നീട് താലിബാന്‍കാര്‍ അധികാരം പിടിക്കാന്‍ ശ്രമം തുടങ്ങി. മസ്സൂദും അദ്ദേഹം രൂപകല്പന ചെയ്ത വടക്കന്‍ മുന്നണിയും (നോര്‍ത്തേണ്‍ അലയന്‍സ്) പഞ്ച്ശീര്‍ മാത്രമല്ല, ഒട്ടുമിക്ക വടക്ക് കിഴക്കന്‍ പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി. അങ്ങിനെ താലിബാന് തീവ്രവാദികളുടെ കരങ്ങളില്‍ നിന്നും അവര്‍ ഈ പ്രദേശത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ചു.
സ്ത്രീകള്‍ക്ക് തുല്ല്യാവകാശം നല്‍കണമെന്ന വിശ്വാസക്കാരനായിരുന്ന മസൂദ്. 2001ല്‍ അല്‍ ക്വെയ്ദ തീവ്രവാദികള്‍ മസ്സൂദിനെ കൊന്നു.
തീരാത്ത പോരാട്ടവീര്യവുമായി മകന് അഹമ്മദ് മസൂദ് എത്തി….
പിന്നീട് മകന് അഹ്മദ് മസൂദിന്റെ ഉദയമായിരുന്നു. കാഴ്ചയില്‍ അച്ഛനെ ഓര്‍മ്മിപ്പിക്കുന്ന മസൂദ് വൈകാതെ താഴ് വരയിലെ സേനയെ നയി്ച്ചു. താലിബാന് കാബൂള്‍ പിടിച്ചപ്പോള്‍ പ്രസിഡന്റ് അഷ്റഫ് ഗനി നാടുവിട്ട് യുഎഇയില്‍ അഭയം തേടിയപ്പോള്‍ അഹ്മദ് മസൂദിന്റെ അരികിലെത്തി വൈസ് പ്രസിഡന്റ് അംറുള്‍ സാലേ. ഇരുവരും ചേര്‍ന്ന് താലിബാനെ നേരിടാനുള്ള ഗറില്ല പ്രസ്ഥാനത്തെ വാര്‍ത്തെടുത്തുകഴിഞ്ഞു. യുദ്ധതന്ത്രങ്ങളും ആസൂത്രണം ചെയ്തുകഴിഞ്ഞു. അമേരിക്കയുടെ കയ്യില്‍ നിന്നും ലഭിച്ച ഒട്ടേറെ ആധുനിക ആയുധങ്ങള്‍ ഇവരുടെ പക്കലുണ്ട്. എല്ലാ മുജാഹിദ്ദീന്‍ പടയാളികളും താലിബാനെ നേരിടാന്‍ സജ്ജമായിക്കഴിഞ്ഞു. ഇവര്‍ക്കും പിന്നാലെ സാദാ ജനങ്ങളും ഈ വടക്കന്‍ മുന്നണിയുടെ ഗറില്ലാ പോരാട്ടങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ പഞ്ച് ശീര് താഴ് വര പിടിക്കുക താലിബാന് ദുഷ്കരമാവും. അത് അറിയാവുന്ന റഷ്യയുടെ വിദേശമന്ത്രി സെര്‍ജി ലാവ് റോവ് പറഞ്ഞത് ഓര്‍മ്മവരുന്നു: ‘ അഫ്ഗാനിസ്ഥാന്റെ എല്ലാ പ്രവിശ്യകളും താലിബാന്റെ നിയന്ത്രണത്തിലല്ല’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: