ശാസ്താംകോട്ട: നാക്കിലവെച്ച് പപ്പടം, ഉപ്പേരി, ഇഞ്ചി, നാരങ്ങ മുതല്‍ തൊടുകറികള്‍. പിന്നെ തുമ്പപ്പൂച്ചോറില്‍ ഇളംചൂട് പരിപ്പും ഒഴിച്ചപ്പോള്‍ പൊന്തിയ ഗന്ധത്തില്‍ ഊട്ടിനെത്തിയവര് ഒന്നിളകി. എന്നാലും വിളിക്കും വരെ കാക്കണം അതാണ് ആചാരം. ഒടുവില്‍ വിളമ്പുകാര്‍ മാറി ഊട്ടിന് ക്ഷണമെത്തി. പിന്നെ കൊറോണയും സാമൂഹിക അകലവുമൊക്കെ എവിടെയോ പോയി.
കൊവിഡ് കാലത്ത് വേറിട്ട ഓണാഘോഷത്തിന് ശാസ്താംകോട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ തിരുമുറ്റം എല്ലാതവണത്തേയും പോലെ ഇന്നലെയും വേദിയായി. ഓണസദ്യയും ഓണത്തല്ലും ക്ഷേത്ര മതില് കെട്ടിനുള്ളില്‍ അരങ്ങ് തകര്‍ത്തപ്പോള്‍ ക്ഷേത്രത്തിലെത്തി ഭക്തര്‍ ഓണാഘോഷത്തിന് കാണികളായി. ക്ഷേത്രത്തിലെ അന്തേവാസികളായ വാനരക്കൂട്ടത്തിന് ഇന്നലെ ഉത്രാട സദ്യ വിളമ്പിയതായിരുന്നു രംഗം. നാലമ്പലത്തിനുള്ളിലെ വാനരഭോജന ശാലയിലായിരുന്നു രാവിലെ പതിനൊന്നരയോടെ സദ്യ ഒരുക്കിയത്. തൂശനിലയിട്ട് തൊടുകറികള്‍ എല്ലാം വിളമ്പി. ചോറും പരിപ്പും പര്‍പ്പടകവും സാമ്പാറും പുളിശേരിയും പായസവും അടക്കം എല്ലാം ഗംഭീരം.
സദ്യവട്ടങ്ങള്‍ എല്ലാം ഇലയില്‍ നിരന്നു കഴിഞ്ഞപ്പോള്‍ ചുറ്റുമുള്ള മരകൊമ്പുകളിലും മതില് കെട്ടിന് മുകളിലും ഇരുന്ന വാനര സംഘത്തെ ക്ഷേത്ര ജീവനക്കാര്‍ പ്രത്യേക ശബ്ദമുണ്ടാക്കി സദ്യയുണ്ണാന്‍ ക്ഷണിച്ചു. അതിന് മുന്‍പേ തന്നെ ചില മിടുക്കന്മാര് ഭോജന ശാലയുടെ പുറത്ത് പതിയിരിപ്പുണ്ടായിരുന്നു. ക്ഷേത്രം ജീവനക്കാര്‍ ‘സദ്യ ഉണ്ണാന്‍ ക്ഷണിച്ച’തോടെ കാണാനായത് നിയന്ത്രണം വിട്ടുള്ള തള്ളിക്കയറ്റമായിരുന്നു. ഞാന്‍ മുന്‍പേ എന്ന മട്ടില്‍ ആദ്യത്തെ രണ്ട് മിനിറ്റ് പരസ്പരം മല്ലടിച്ച ശേഷം ഇലയില്‍ വിളമ്പിയത് കൂട്ടത്തിലുണ്ടായിരുന്ന വാനര മൂപ്പന് മണത്തും രുചിച്ചും നോക്കി. പിന്നീട് വാരിവലിച്ചുള്ള തീറ്റിയായി. അടുത്തിരിക്കുന്ന ഇലയില്‍ കയ്യിട്ടുവാരിയും പിറുപിറുത്തും പോരടിച്ചും അന്‍പതോളം വരുന്ന വാനര കൂട്ടം അരമണിക്കൂറിനകം പന്തി കാലിയാക്കി.
ക്ഷേത്രത്തിലെ അന്തേവാസികളായ വാനരര്‍ ക്ഷേത്ര ഉല്‍പ്പത്തി കാലം മുതല്‍ ഉണ്ടന്നാണ് ഐതീഹ്യം. തേവരുടെ തോഴര്‍ എന്നറിയപ്പെടുന്ന ഇവിടുത്തെ വാനരപ്പടയെ പരിപാലിക്കുന്നതും അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും ക്ഷേത്ര ആചാരത്തിന്റെ ഭാഗമാണിവിടെ എത്തുന്ന ഭക്തര്‍ക്ക്. ഇന്നലെ ക്ഷേത്രത്തില്‍ വാനരര്‍ക്ക് ഉത്രാട സദ്യ ഒരുക്കിയത് മുന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.വി അരവിന്ദാക്ഷന് നായരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: