കാബൂള്‍: ആ കുരുന്നിന്റെ ചിരിയും ചെറിയ പെണ്‍കുട്ടിയുടെ സ്നേഹചുംബനങ്ങളും ഇപ്പോള്‍ ലോകപ്രശസ്തം. ഞായറാഴ്ച രാവിലെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നിന്നുള്ള ഈ ദൃശ്യം ട്വീറ്റ് ചെയ്തത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. അഫ്ഗാന് ജനത അനുഭവിക്കുന്ന ദുരിതങ്ങളും താലിബാന്റെ ക്രൂരതയില്‍ രക്ഷപ്പെടുന്നതിന്റെ ആശ്വാസവും ഈ ദൃശ്യത്തിലുണ്ട്.
വിമാനത്തിനുള്ളില്‍ അമ്മയുടെ മടിയിലിരിക്കുന്ന ഒരു കുഞ്ഞിന്റെയും ആ കുഞ്ഞിന് ചിരിച്ചു കളിച്ച് ഉമ്മ നല്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടേയും വീഡിയോ ദൃശ്യമാണ് ലോകമാകെ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വിമാനത്തില്‍ കയറാനായതിന്റെ ആഹ്ലാദത്തിലാണ് ചെറിയ പെണ്‍കുട്ടി. പലായനത്തിന്റെ ദുരിതങ്ങളെക്കുറിച്ച് ഒന്നുമറിയാതെ അവള് കുരുന്നുകുഞ്ഞിനോട് കൊഞ്ചുകയും ഇടയ്ക്ക് കവിളില്‍ മാറി മാറി ഉമ്മ നല്‍കുകയും ചെയ്യുന്നു.
ഈ സ്നേഹദൃശ്യത്തിനിടെ ഏറെ വികാരനിര്‍ഭരമായി ഒരു സ്ത്രീ സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞ ഒരാഴ്ചക്കിടെ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. നൂറ്റേഴ് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 168 യാത്രക്കാരുമായി വിമാനം ദല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദിലെ വ്യോമത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. അഫ്ഗാനിലെ സാഹചര്യം മോശമാവുകയാണെന്ന് മറ്റൊരു യാത്രക്കാരി പറഞ്ഞു. മകള്‍ക്കും രണ്ട് പേരക്കുട്ടികള്‍ക്കുമൊപ്പമാണ് അവര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യ ഞങ്ങളുടെ രക്ഷക്കെത്തി, താലിബാന് എന്റെ വീട് കത്തിച്ചു, ഞങ്ങള്‍ക്ക് നല്കിയ സഹായത്തിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നു, അവര്‍ പ്രതികരിച്ചു. വ്യോമസേനാ വിമാനങ്ങള്‍ കൂടാതെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളും അഫ്ഗാനില്‍ നിന്നുള്ളവരെ എത്തിക്കാന്‍ സര്‍വീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: