തിരുവനന്തപുരം: മലബാര്‍ കലാപം ആഘോഷിക്കരുതെന്ന് എഴുത്തുകാരന് എം.എന്‍.കാരശ്ശേരി. വഴിതെറ്റിപ്പോയൊരു പ്രസ്ഥാനത്തെ നൂറാം വാര്‍ഷികത്തില്‍ ആഘോഷിക്കുന്നതും അതിനു വീരപരിവേഷം നല്‍കുന്നതും ശരിയല്ല. കരിഞ്ഞുപോയ മുറിവുകളെ പൂര്‍വാധികം ആഴത്തില്‍ കുത്തിപ്പഴുപ്പിക്കാന്‍ മാത്രമാണ് അതു വഴിവയ്ക്കുക. കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മനോരമയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു
ലേഖനത്തിന്റെ പൂണ്ണ രൂപം
മലബാര്‍ കലാപംകൊണ്ട് ഇവിടത്തെ മുസ്ലിംകളുടെ ജീവിതം 100 കൊല്ലം പിറകിലേക്കു പോവുകയാണു ചെയ്തത്. മുസ്ലിംകള്ക്കും ഹിന്ദുക്കള്‍ക്കുമെല്ലാം നഷ്ടം മാത്രം വരുത്തിവച്ച ആ സമരം ആഘോഷിക്കപ്പെടേണ്ടതല്ല.
ബ്രിട്ടിഷ് വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി പടരുകയും ചിലയിടത്ത് ഹിന്ദുവിരുദ്ധമായി വഴിതെറ്റുകയും ചെയ്ത ഒന്നായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു കോണ്‍ഗ്രസുകാര്‍ പറയുന്നു. കര്‍ഷക കലാപമായിരുന്നുവെന്നു കമ്യൂണിസ്റ്റുകാര്‍ പറയുന്നു. രണ്ടും ചേര്‍ന്നതാണെന്നു മുസ്ലിം ലീഗുകാര്‍ പറയുന്നു. ഹിന്ദുവിരുദ്ധമായിരുന്നുവെന്നു ബിജെപി പറയുന്നു. ഇപ്പറയുന്ന നാലു കൂട്ടര് പറയുന്നതും ശരിയാണെന്നു പറയാനുള്ള വകുപ്പ് അതിലുണ്ടായിരുന്നു.
ആയുധം എടുത്തുകൊണ്ടുള്ള സമരത്തെ കെ.പി. കേശവമേനോനെയും കെ. മാധവന് നായരെയും പോലുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തിരുന്നു. ഇവിടെ നാലു മാപ്പിളമാര്‍ വാളോ തോക്കോ എടുത്തു സമരം ചെയ്തതുകൊണ്ട് എന്തു നേട്ടമാണുണ്ടായത്? കലാപത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും കഷ്ടപ്പെട്ടിട്ടുണ്ട്. ആയിരങ്ങളെ നാടുകടത്തി. എത്രയോ പേരെ തൂക്കിക്കൊന്നു. എത്രയോ മാപ്പിളമാരുടെ സ്വത്തുവകകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. അതിനെല്ലാം കാരണമായ കലാപത്തെ വലിയ വീരാരാധനയായി കൊണ്ടാടുന്നതു ശരിയല്ല.
ബ്രിട്ടിഷ് വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ വേണ്ടിയാണ് മഹാത്മാഗാന്ധി ഖിലാഫത്ത് സമരത്തെ കോണ്‍ഗ്രസുമായി കൂട്ടിക്കെട്ടിയത്. എന്നാല്‍ ഇവിടെ അതിന്റെ അഹിംസയിലധിഷ്ഠിതമാകുക എന്ന അംശം നഷ്ടമായി. ഈ സാധ്യത കോണ്‍ഗ്രസ് നേതാവ് എം.പി.നാരായണമേനോന് ഗാന്ധിജിയോടു പറഞ്ഞിരുന്നതാണ്.
കലാപം മലബാറിലെ സമുദായമൈത്രിയെ സാരമായി ബാധിക്കാതിരുന്നതു മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിനെപ്പോലുള്ള നേതാക്കള്‍ പുലര്‍ത്തിയ ജാഗ്രത മൂലമാണ്. 1930ല്‍ ഗാന്ധിജി ഉപ്പുസത്യഗ്രഹത്തിന് ആഹ്വാനം ചെയ്തപ്പോള്‍ ജാതിമതഭേദമെന്യേ മുഴുവന്‍ ആളുകളെയും അതില്‍ ഒന്നിച്ചുനിര്‍ത്താന്‍ അബ്ദുറഹ്മാനു കഴിഞ്ഞു.
1921ല്‍ ഉണ്ടായതിനെക്കാള്‍ വലിയ മുറിവ് 21ന്റെ പേരില്‍ ഇനി ഉണ്ടാകരുത്. വഴിതെറ്റിപ്പോയൊരു പ്രസ്ഥാനത്തെ നൂറാം വാര്‍ഷികത്തില്‍ ആഘോഷിക്കുന്നതും അതിനു വീരപരിവേഷം നല്‍കുന്നതും ശരിയല്ല. കരിഞ്ഞുപോയ മുറിവുകളെ പൂര്‍വാധികം ആഴത്തില്‍ കുത്തിപ്പഴുപ്പിക്കാന്‍ മാത്രമാണ് അതു വഴിവയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: