നാഗ്പൂര്‍: വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന് ഗഡ്കരിക്ക് ഉറപ്പ് നല്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദേശീയപാത പദ്ധതികള്‍ പ്രാദേശിക ശിവസേന നേതാക്കള്‍ തടസ്സപ്പെടുത്തുന്നുവെന്ന് കാട്ടി ഉദ്ധവ് മുഖ്യമന്ത്രിക്ക് നിധിന് ഗഡ്കരി കത്തു നല്കി ഏതാനും ദിവസങ്ങള്‍ക്കു പിന്നാലെയാണ് താക്കറെയുടെ പ്രതികരണം. നാഗ്പൂര്‍ മെട്രോയുമായി ബന്ധപ്പെട്ട പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, നിധിന് ഗഡ്കരി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് താക്കറെ നിര്‍വഹിച്ചു.
ചടങ്ങിന് ഗഡ്കരി നേരിട്ട് എത്തിയപ്പോള്‍ താക്കറെയും പുരിയും വെര്‍ച്വലായി പങ്കെടുത്തു. നിയമവിരുദ്ധമായ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗസ്ഥരെയും കരാറുകാരെയും ശിവസേന നേതാക്കള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗഡ്കരി ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ച് വാഷിമില്‍, സംസ്ഥാനത്തെ ചില ദേശീയപാത പദ്ധതികള്‍ തടസ്സപ്പെടുത്തിയെന്നും കത്തിലുണ്ട്. കത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
‘താങ്കള്‍ വളരെ മധുരമായി സംസാരിച്ചു, പക്ഷെ ശക്തമായ ഭാഷയില്‍ എഴുതി. നമ്മുടെ ബന്ധം വ്യത്യസ്തമാണ്. താങ്കള്‍ക്ക് ജോലിയോട് പ്രതിബദ്ധതയുണ്ട്, ഞങ്ങളും അങ്ങനെയാണ്. ശിവസേന തലവന്‍ ബാലസാഹെബ് താക്കറെയുടെ ശിക്ഷണത്തെക്കുറിച്ചും താങ്കള്‍ക്ക് അറിയാം… ജനക്ഷേമ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ല’.- ഉദ്ധവ് താക്കറെ പറഞ്ഞു. ‘ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ വഴിയില്വരാന് ഞാന്‍ ആരെയും അനുവദിക്കില്ലെന്ന് ഉറപ്പ് നല്കാന് ആഗ്രഹിക്കുന്നു’വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: