മംഗലാപുരം സ്വദേശിയായ റോബര്‍ട്ട് റൊസാരിയോ, ക്രൈസ്തവ സഭകളുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാല്‍ നൂറ്റാണ്ടു കാലമായി പടപൊരുതുന്ന ക്രിസ്ത്യാനിയാണ്. ദേശീയവാദികളായ ക്രൈസ്തവരുടെ കൂട്ടായ്മയായ ഹിന്ദുസ്ഥാനി ക്രിസ്ത്യന്‍സ് എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍. സ്വന്തം മാതൃഭൂമിയ്‌ക്കെതിരെ പ്രവൃത്തിക്കാതെ ദേശീയ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ തന്റെ സമുദായ അംഗങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
ക്രൈസ്തവ സഭയുടെയും സഭാ നേതാക്കളുടേയും പല കൊള്ളരുതായ്മകളോടും ഒറ്റയ്‌ക്ക് പോരാടിയ ചരിത്രം അദ്ദേഹത്തിനുണ്ട്. ഭാരതത്തെ കൈയ്യടക്കാന്‍ ശ്രമിയ്‌ക്കുന്ന മിഷണറിമാരെ പറ്റിയും മതംമാറ്റം ഉള്‍പ്പെടെയുള്ള അവരുടെ കുതന്ത്രങ്ങളെ പറ്റിയും ഹിന്ദുക്കളെ ബോധവല്‍ക്കരിയ്‌ക്കാന്‍ റൊസാരിയോ എന്നും മുന്‍പന്തിയില്‍ തന്നെയുണ്ട്.
സ്റ്റാന്‍ സാമി പ്രതിനിധാനം ചെയ്യുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സാരംഗ ചാനലിനു വേണ്ടി എസ്തര്‍ ധന്‍രാജ് അദ്ദേഹത്തോട് നടത്തിയ അഭിമുഖത്തിലെ പ്രധാന ആശയങ്ങള്‍ വായിയ്‌ക്കാം.
എസ്തര്‍: സ്റ്റാന്‍ സാമിയുടെ മരണം അസ്വസ്ഥതയുണ്ടാക്കുന്ന പല വിഷയങ്ങളും തുറന്നിരിയ്‌ക്കുകയാണ്. ഒരു സമ്പൂര്‍ണ്ണ രാഷ്‌ട്രീയ നാടകത്തിന്റെ നിലവാരത്തിലേക്ക് അതു വളര്‍ന്നു കഴിഞ്ഞു. പലതരത്തിലുള്ള ആഖ്യാനങ്ങള്‍ അതേപ്പറ്റി പുറത്തുവന്നു കഴിഞ്ഞു. സാമിയുടെ സംഘം നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളെ പറ്റി അറിയാന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് നോക്കേണ്ടി വരും. അതുപോലെ വിമോചന ദൈവശാസ്ത്രവും അതില്‍ ഉള്‍പ്പെടുന്നു.
എന്റെ ആദ്യത്തെ ചോദ്യം. സ്റ്റാന്‍ സാമി തന്റെ പേര് അങ്ങനെയാക്കിയതിനു പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ ?
റോബര്‍ട്ട്: അദ്ദേഹത്തിന്റെ ഈ പേരില്‍ ചില തിരിമറികള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം ഒരു തമിഴനാണ്. യഥാര്‍ത്ഥ പേര് സ്റ്റാനിസ്ലോസ് ലൂര്‍ദ് സാമി എന്നാണ്. അതില്‍ ആദ്യഭാഗത്തിനെ സ്റ്റാന്‍ എന്നാക്കിയത് സമ്മതിക്കാം. പലരും അങ്ങനെ ചുരുക്കപ്പേര് ഇടാറുണ്ട്. എന്നാല്‍ ലൂര്‍ദ് സാമി എന്നതിനെ മാറ്റി സ്വാമി എന്നാക്കിയത് തിരിമറിയാണ്. ഝാര്‍ഖണ്ഡിലും മറ്റുമുള്ള ഹിന്ദുക്കളെ കബളിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. അത്തരമൊരു പേരില്‍ നിന്ന് ചില ഗുണങ്ങള്‍ നേടിയെടുക്കാനുള്ള ലക്ഷ്യമാണ് അതിനു പിന്നില്‍.
എസ്തര്‍: അദ്ദേഹത്തെ പറ്റി രണ്ടുതരത്തിലുള്ള വീക്ഷണങ്ങള്‍ ഉണ്ട്.
ഒന്ന് മാവോയിസ്റ്റുകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങള്‍. രണ്ട് ഗോത്രസമൂഹത്തിനു വേണ്ടി അദ്ദേഹം ചെയ്യുന്ന സേവനങ്ങള്‍. താങ്കള്‍ക്ക് എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളത് ?
റോബര്‍ട്ട്: അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ് കഴിഞ്ഞ വര്‍ഷം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അന്നു മുതലേ ഇത്തരം ആഖ്യാനങ്ങള്‍ തുടങ്ങിയിരുന്നു. മരണശേഷം അത് വളരെ ശക്തമായി എന്നു മാത്രം. ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക് എനിക്ക് ഇതില്‍ യാതൊരു അത്ഭുതവും തോന്നുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ പറയുന്നതാണിത്. അന്നൊന്നും ആളുകള്‍ എന്നെ വിശ്വസിച്ചില്ല. മാവോയിസ്റ്റുകളും ക്രൈസ്തവസഭയും തമ്മില്‍ ബന്ധങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ആളുകള്‍ എന്നെ ചോദ്യം ചെയ്തു. എന്നാല്‍ ഇന്ന് അതെല്ലാം എല്ലാവര്‍ക്കും കാണാവുന്ന വിധം പുറത്തു വന്നിരിയ്‌ക്കുന്നു. ഈ രാജ്യത്തെ ഏതൊരു രാഷ്‌ട്രീയ ആഖ്യാനത്തിനു പിന്നിലും, ഞാന്‍ ഊന്നിപ്പറയുന്നു, ഏതൊരു രാഷ്‌ട്രീയ ആഖ്യാനത്തിനു പിന്നിലും ക്രൈസ്തവ സഭയാണ്. ഏറ്റവും കുറഞ്ഞത് സഭയാണ് അവയ്‌ക്കു പിന്നിലെ തലച്ചോര്‍. ഇതു പറഞ്ഞിട്ടുള്ളപ്പോള്‍ ഞാന്‍ അതിരുവിട്ട് സംസാരിയ്‌ക്കുന്നു എന്ന് ആളുകള്‍ അധിക്ഷേപിച്ചു. എന്നാല്‍ ഇന്ന് അതെല്ലാം പരസ്യമായി വരികയാണ്. അതുപോലെ എല്ലാത്തരത്തിലുമുള്ള രാഷ്‌ട്രീയ സംവിധാനങ്ങളുമായും, ഭാരത ഭഞ്ജന ശക്തികളുമായും, ജിഹാദികളുമായും ഒക്കെയുള്ള അവരുടെ ബന്ധങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.
എസ്തര്‍: 84 ആം വയസ്സില്‍ സഭ നടത്തുന്ന ഒരു ആശുപത്രിയില്‍ വച്ച്, ഹൃദയാഘാതം വന്നാണ് അദ്ദേഹം മരിച്ചത്. അതിനെ ഭരണകൂട കൊലപാതകം എന്ന് പറയാമോ ?
റോബര്‍ട്ട്: താങ്കള്‍ പറഞ്ഞതുപോലെ അദ്ദേഹം മരിച്ചത് 84 ആം വയസ്സിലാണ്. എവിടെ വച്ചാണ് മരിച്ചത് ? അദ്ദേഹം ജയിലില്‍ വച്ചല്ല മരിച്ചത്. എന്നാല്‍ എന്താണ് ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം ? അതൊരു ജുഡീഷ്യല്‍ കൊലപാതകം ആയിരുന്നു, കസ്റ്റഡി കൊലപാതകമായിരുന്നു എന്നൊക്കെയുള്ള ശക്തമായ പദപ്രയോഗങ്ങളാണ് നടത്തുന്നത്. എപ്പോഴാണ് ഒരു മരണത്തെ കസ്റ്റഡി കൊലപാതകം എന്നു വിളിക്കുക ? ഒരു വ്യക്തി പോലീസിന്റെ കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍, പീഡനം കൊണ്ട് മരിയ്‌ക്കുന്നതിനെയാണ് അങ്ങനെ പറയുക. ഇദ്ദേഹം ജയിലിലായിരുന്നില്ല. സാങ്കേതികമായി മാത്രമാണ് അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. മരിക്കുന്ന സമയത്ത് അദ്ദേഹം ഒരു ആശുപതിയുടെ, അതും സഭ തന്നെ നടത്തുന്ന ഒരു ആശുപത്രിയുടെ കസ്റ്റഡിയില്‍ ആയിരുന്നു. മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയാണത്. അവിടെയാണ് അദ്ദേഹം മരിച്ചത്. എന്നിട്ടും അതിനെ കസ്റ്റഡി കൊലപാതകം ആയി ചിത്രീകരിയ്‌ക്കാനുള്ള അവരുടെ ധൈര്യം നോക്കണം.
എസ്തര്‍: ഇക്കാര്യത്തില്‍ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് എന്തു കാര്യമാണ് ഉള്ളത് ?
റോബര്‍ട്ട്: ഇക്കാര്യത്തില്‍ ഐക്യരാഷ്‌ട്ര സഭയ്‌ക്കും മറ്റും ഒരു കാര്യവുമില്ല. ഇത് ഞാന്‍ നേരത്തെ പറഞ്ഞ ആശങ്കകള്‍ക്ക് അടിവരയിടുന്നു. അന്തര്‍ദേശീയ തലത്തില്‍ എന്തൊക്കെ പ്രചരണങ്ങള്‍ ഉണ്ടോ, അതിനു പിന്നില്‍ സഭ ഉണ്ടാകും. എവിടെയൊക്കെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ ഇന്ത്യയ്‌ക്കെതിരെ സംസാരിയ്‌ക്കുന്നുണ്ടോ, അവരെയൊക്കെ അണിനിരത്തുന്ന ശക്തി സഭയാണ്. ഇത് ഞാന്‍ വ്യക്തമായി പഠിച്ചു മനസ്സിലാക്കിയ കാര്യമാണ്. അല്ലാതെ ഈ വിദേശ ശക്തികള്‍ക്ക് ഇതില്‍ ഒരു കാര്യവുമില്ല.
എസ്തര്‍: സ്റ്റാന്‍ സാമി ഗോത്രവര്‍ഗ്ഗക്കാരുടെ മിശിഹ. അല്ലെങ്കില്‍ നിരപരാധികളുടെ കൊലപാതകം പ്രോത്സാഹിപ്പിയ്‌ക്കുന്ന വ്യക്തി. താങ്കള്‍ ഇതില്‍ ഏത് അഭിപ്രായം സ്വീകരിയ്‌ക്കും?
റോബര്‍ട്ട്: നക്‌സലൈറ്റുകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണ വിധേയനായിരുന്നു സ്റ്റാന്‍ സാമി. നേരിട്ടോ അല്ലാതെയോ നക്‌സലൈറ്റുകളുമായി ബന്ധമുണ്ടായിരുന്ന ആള്‍. അത്തരത്തില്‍ ഒരാളുടെ മരണം എങ്ങനെയാണ് മനുഷ്യാവകാശ പ്രശ്‌നമാകുന്നത് ? കാരണം അദ്ദേഹം തന്നെ മനുഷ്യാവകാശ ലംഘകനായിരുന്നു. അദ്ദേഹം ചെയ്തു കൊണ്ടിരുന്നതെന്താണ് ? അക്രമത്തെ പ്രോത്സാഹിപ്പിയ്‌ക്കുകയായിരുന്നു. നിഷ്‌ക്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കുന്നവരെ പിന്തുണയ്‌ക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. അത്തരമൊരു വ്യക്തിയുടെ മരണം മനുഷ്യാവകാശ ലംഘനമല്ല, മറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആഘോഷമായിട്ടാണ് മാറേണ്ടത്. മറ്റൊരു കാര്യം അദ്ദേഹം ഝാര്‍ഖണ്ഡിലെ ഗോത്രസമൂഹത്തിന്റെ മിശിഹാ ആയിരുന്നു എന്ന പ്രചരണമാണ്. അങ്ങനെയെങ്കില്‍ അവരായിരിക്കണ്ടേ അദ്ദേഹത്തിനു വേണ്ടി ഏറ്റവും കരയേണ്ടത് ? എന്നാല്‍ നിങ്ങള്‍ മാദ്ധ്യമങ്ങള്‍ നോക്കൂ.. അവിടെയെങ്ങും ഗോത്രസമൂഹമോ, പാവങ്ങളോ അദ്ദേഹത്തിനു വേണ്ടി കരയാന്‍ മുന്നോട്ടു വരുന്നില്ല. പകരം ആരാണ് ഇതിന്റെ പേരില്‍ കോലാഹലം ഉണ്ടാക്കുന്നത് ? കരയുന്നതു മുഴുവനും രാഷ്‌ട്രീയക്കാരാണ്. അദ്ദേഹത്തിന്റെ സാധുജന സേവനം എന്നത് കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു എന്നാണ് അത് തെളിയിയ്‌ക്കുന്നത്. ഏറ്റവും ചുരുക്കി പറഞ്ഞാല്‍ അദ്ദേഹം ഭാരത ഭഞ്ജന ശക്തികളുടെ ഭാഗമായിരുന്നു.
എസ്തര്‍: ദി പ്രിന്റ് എന്ന മാദ്ധ്യമത്തില്‍ വന്ന ഈ ലേഖനം പറയുന്നതു പോലെ മാര്‍ക്‌സിസവും ക്രിസ്തുമതവും ഒരേ സത്വത്തിന്റെ രണ്ടു മുഖങ്ങളാണോ ?
‘പഴയ രീതിയിലുള്ള ഇടവക പ്രവര്‍ത്തനങ്ങളും അനുയായികളുടെ ആത്മീയ കാര്യങ്ങളും മാത്രം ചെയ്യുന്നതില്‍ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകാരായ കത്തോലിക്കാ പുരോഹിതര്‍ ഇപ്പോള്‍ തൃപ്തരല്ല. മറിച്ച് സ്വന്തം സംസ്ഥാനങ്ങള്‍ വിട്ട് ദൂരെ ഗോത്രസമൂഹങ്ങളുടെ ഇടയില്‍ രാഷ്‌ട്രീയ ബോധം വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ ആഗ്രഹിയ്‌ക്കുന്നു. ബൈബിള്‍ വചനങ്ങളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് വിപ്ലവത്തോട് അടുത്തു നില്‍ക്കുന്നവയ്‌ക്ക് ഊന്നല്‍ കൊടുക്കുകയും മറ്റുള്ളവയെ അവഗണിയ്‌ക്കുകയും ചെയ്തുകൊണ്ടുള്ള ഒരു രീതിയാണ് അവര്‍ ഉദ്ദേശിയ്‌ക്കുന്നത്.’
റോബര്‍ട്ട്: മാര്‍ക്‌സിസവും ക്രിസ്തുമതവും തമ്മിലുള്ള ഈ ബന്ധം, ഇന്ത്യയിലെ സവിശേഷതയാണ്. പാശ്ചാത്യ ദേശങ്ങളില്‍ അവര്‍ തമ്മിലടിയ്‌ക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ അവര്‍ ഒരുമിയ്‌ക്കുന്നു. ഇത് അവരുടെ രാഷ്‌ട്രീയ അടവു നയമാണ്. നോക്കൂ, ലോകത്തെല്ലായിടവും ക്രിസ്ത്യാനികളും മുസ്ലീങ്ങളും കലഹിയ്‌ക്കുന്നു. അവിടെയെല്ലാം അവര്‍ വിരുദ്ധ ചേരികളിലാണ്. എന്നാല്‍ ഇന്ത്യയില്‍ അവര്‍ ഒരുമിച്ചാണ്. അതുപോലെ കമ്മ്യൂണിസ്റ്റുകളും ക്രൈസ്തവസഭയും, ലോകമെങ്ങും കലഹത്തിലാണ്. എന്നാല്‍ ഇവിടെ അവര്‍ ഒരുമിച്ചാണ്. ഇതൊരു രാഷ്‌ട്രീയ സഖ്യമാണ്. ഇതിന് ആത്മീയതയുമായി ബന്ധമില്ല. രാഷ്‌ട്രീയത്തിനു വേണ്ടി മതത്തെ ഉപയോഗപ്പെടുത്തല്‍ മാത്രമാണത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എന്ത് തന്ത്രമാണോ ഉപയോഗിക്കേണ്ടത്, അതവര്‍ ഉപയോഗിയ്‌ക്കുന്നു. അതിനെ മുന്‍ തന്ത്രത്തില്‍ നിന്നുള്ള വ്യതിയാനം എന്ന് ഞാന്‍ പറയും. നേരത്തേ ചെയ്തിരുന്നതും, ഇപ്പോള്‍ ചെയ്യുന്നതും, രണ്ടും നല്ല ഉദ്ദേശത്തോടെ അല്ല. ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റല്‍ എന്നതു പോലും ഒരു തന്ത്രം മാത്രമാണ്. തുടക്കം മുതല്‍ തന്നെ സഭയുടെ ഉദ്ദേശ്യമേ രാഷ്‌ട്രീയമാണ്. സ്വര്‍ഗ്ഗവാസം, മരണാനന്തര ജീവിതം ഇതെല്ലാം വെറും തിരിമറികളാണ്. അതുപോലെ സേവനം തുടങ്ങിയ അവരുടെ എല്ലാ വാദങ്ങളേയും പൊളിച്ചു തരാന്‍ എനിക്ക് പറ്റും. സഭയുടെ എല്ലാ സേവന മാതൃകകളും പഠിച്ച ശേഷമാണ് ധൈര്യപൂര്‍വ്വം ഞാനിത് പറയുന്നത്. മീന്‍ പിടിക്കാന്‍ ചൂണ്ടയില്‍ ഇര കോര്‍ക്കാറില്ലേ ? ചില മീനുകള്‍ അത് വിഴുങ്ങി ചൂണ്ടയില്‍ കുരുങ്ങും. മറ്റുചിലത് ഇര വിഴുങ്ങിയിട്ട് രക്ഷപ്പെടും. ആ മീനുകള്‍ക്ക് നിങ്ങള്‍ സേവനം കൊടുത്തു എന്നാണോ പറയുക ? ഇതാണ് സഭ ചെയ്തു കൊണ്ടിരിയ്‌ക്കുന്നത്.
എസ്തര്‍: മാറിക്കൊണ്ടിരിയ്‌ക്കുന്ന രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സഭയുടെ തന്ത്രപരമായ ചുവടു മാറ്റങ്ങളാണ് ഇതെല്ലാം എന്ന് എന്തു കൊണ്ടാണ് താങ്കള്‍ പറയുന്നത് ?
റോബര്‍ട്ട്: മുമ്പ് മതം, ആത്മീയത തുടങ്ങിയ മറകള്‍ക്കു പിന്നിലായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ ചുറ്റുപാടുകള്‍ മാറുമ്പോള്‍ അവര്‍ക്കും തന്ത്രങ്ങള്‍ മാറ്റേണ്ടി വരുന്നു. നേരത്തേയും ഇതെല്ലാം രാഷ്‌ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു, ഇപ്പോഴും അതങ്ങനെയാണ്. ഇന്ത്യാക്കാരെ ഒരു പ്രത്യേക രീതിയില്‍ വോട്ടു ചെയ്യാന്‍ ബോദ്ധ്യപ്പെടുത്തുക വളരെ പ്രയാസമാണ്. അവര്‍ വളരെക്കാലം അതിനായി ശ്രമിച്ചു. ഞാനിത് 1977 മുതല്‍ കാണുന്നതാണ്. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പരാജയപ്പെടുമ്പോളെല്ലാം അട്ടിമറി എന്നു പറഞ്ഞ് അവര്‍ കോലാഹലമുണ്ടാക്കും. 1975ല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ കൊണ്ടുവന്നു. അപ്പോള്‍ സഭ വളരെ സന്തുഷ്ടരായിരുന്നു. ഇന്ദിര ഇലക്ഷനില്‍ തോറ്റപ്പോള്‍ സഭ ദു:ഖിതരായി. അതിലെ വിരോധാഭാസം നോക്കൂ. രാജ്യം മുഴുവനും ഇന്ദിരയുടെ പരാജയം ആഘോഷിയ്‌ക്കുകയായിരുന്നു. എന്നാല്‍ സഭയാകട്ടെ ഇവിടെ കരയുകയായിരുന്നു. അന്നു മുതല്‍ ഇന്നു വരെ അവര്‍ പലതരത്തിലുള്ള ആഖ്യാനങ്ങള്‍ പരീക്ഷിച്ചു, ഒന്നും വിജയം കണ്ടില്ല. 2014 ആണ് ഒരു ഉദാഹരണം. സഭയുടെ എല്ലാ ശ്രമങ്ങളേയും അട്ടിമറിച്ചു കൊണ്ട് അപ്രതീക്ഷിതമായ ഫലം വന്നു. അവരെ സംബന്ധിച്ച് ഞെട്ടിയ്‌ക്കുന്നതായിരുന്നു അത്. അതോടെ നിലവിലെ തന്ത്രം മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. അമേരിക്കയിലേയോ യൂറോപ്പിലേയോ തന്ത്രത്തില്‍ നിന്ന് വ്യത്യസ്ഥമാണ് ഇന്ത്യയിലെ അവരുടെ തന്ത്രം. എന്നാല്‍ എല്ലായിടത്തും ലക്ഷ്യം ഒന്നാണ്.
എസ്തര്‍: എങ്ങനെയാണ് ഹിംസയും ദൈവശാസ്ത്രവും കൂടിക്കലര്‍ന്നത് ? പ്രത്യേകിച്ചും സ്റ്റാന്‍ സാമിയും, ഇപ്പോഴത്തെ പോപ്പും എല്ലാം ഉള്‍പ്പെട്ട ജസ്യൂട്ട് വിഭാഗത്തില്‍ ?
റോബര്‍ട്ട്: ജസ്യൂട്ട് വിഭാഗത്തിന്റെ സ്ഥാപകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കൂ. ആരായിരുന്നു അതിന്റെ സ്ഥാപകര്‍ ? സെയിന്റ് ഇഗ്‌നേഷ്യസ് ലയോളയും സഹസ്ഥാപകന്‍ സെയിന്റ് ഫ്രാന്‍സിസ് സേവിയറും. ഈ രണ്ടുപേരും ഹിംസയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നവരാണ്. അതായത് ജസ്യൂട്ട് സഭയുടെ പിറവി മുതല്‍ ഹിംസ അതിന്റെ ഭാഗമാണ്. ജസ്യൂട്ട് വിഭാഗം ഇന്ന് ഹിംസയില്‍ മുഴുകുന്നതില്‍ യാതൊരു അത്ഭുതവുമില്ല. അവരുടെ ചരിത്രം പഠിക്കുന്നവര്‍ക്ക് അതില്‍ പുതുമ കാണാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സ്റ്റാന്‍ സാമി ആദ്യത്തെ ആളൊന്നുമല്ല. അദ്ദേഹത്തിന് ഇത് പാരമ്പര്യമായി പകര്‍ന്നു കിട്ടിയതാണ്. അതില്‍ അദ്ദേഹം കണ്ണുമടച്ച് മുഴുകി എന്നു മാത്രം. ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഹിംസ ആവശ്യമുണ്ട് എന്നത് അവരുടെ ആശയമാണ്. അതായിരുന്നു ജസ്യൂട്ട് സഭാ സ്ഥാപകരുടെ തന്നെ അടിസ്ഥാന വിശ്വാസം. യാതൊരു മൃദുസമീപനത്തിലും അല്ല, കര്‍ക്കശ്യത്തിലാണ് അവരുടെ ഊന്നല്‍. ദൈവം എന്നത് തങ്ങളുടെ അജണ്ടയ്‌ക്കു വേണ്ടി അവര്‍ ഉപയോഗപ്പെടുത്തുകയും, ദുരുപയോഗപ്പെടുത്തുകയും ചെയ്ത ഒരു വാക്ക് മാത്രമാണ്.
എസ്തര്‍: എന്താണ് മുന്നോട്ടുള്ള വഴി ? ഇത്തരം വ്യാജ ആഖ്യാനങ്ങളെ തകര്‍ത്ത് ഈ ജനാധിപത്യ വിരുദ്ധരുടെ യഥാര്‍ത്ഥ മുഖം എങ്ങനെ പുറത്തു കൊണ്ടു വരാന്‍ കഴിയും ?
റോബര്‍ട്ട്: സഭയാണ് രാഷ്‌ട്രീയ ആഖ്യാനങ്ങള്‍ നിശ്ചയിക്കുന്നത്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും അത് പിന്തുടരുന്നു. ഇതാണ് ഞാന്‍ എന്റെ പഠനത്തിലൂടെ മനസ്സിലാക്കിയത്. കോണ്‍ഗ്രസ്സ്, ബി ജെ പി തുടങ്ങിയ നമ്മുടെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും ചേര്‍ത്താണ് ഞാന്‍ ഇതു പറയുന്നത്. അവര്‍ വെറും കളിക്കാര്‍ മാത്രമാണ്. സഭയാണ് രാഷ്‌ട്രീയ ആഖ്യാനങ്ങള്‍ നിശ്ചയിക്കുന്നത്. സഭയാണ് ഏറ്റവും വലിയ രാഷ്‌ട്രീയ കളിക്കാര്‍. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇതു മനസ്സിലാക്കിയിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അത് എനിക്ക് വളരെ അതിശയകരമായിട്ടാണ് തോന്നുന്നത്. ബിജെപി ഉള്‍പ്പെടെയുള്ളവര്‍ ധാര്‍മ്മികമായി തെറ്റായ കാര്യം പോലും രാഷ്‌ട്രീയ ശരിയ്‌ക്കു വേണ്ടി ചെയ്യുന്നു. ഇത് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും വ്യക്തമായി മനസ്സിലാക്കണം. ഒരു കാര്യം കൂടി ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിയ്‌ക്കുന്നു. 250 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍, ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന പേരിലായിരുന്നു അവര്‍ വന്നത്. അവര്‍ ഒരിയ്‌ക്കലും രാജാക്കന്മാരെ പോലെയോ, മുഗളന്മാരെ പോലെയോ ഒരു രാഷ്‌ട്രീയ ശക്തിയായിട്ടല്ല വന്നത്. മുഗളന്മാര്‍ അധിനിവേശം നടത്തിയതു പോലെ ബ്രിട്ടീഷുകാര്‍ അധിനിവേശം നടത്തിയില്ല. ബിസിനസ്സുകാരുടെ വേഷത്തിലാണ് അവര്‍ വന്നത്. ‘ഈ കച്ചവടക്കാരെ സൂക്ഷിക്കണം, അവര്‍ നിങ്ങളുടെ അധികാരം പിടിച്ചെടുക്കും’ എന്നൊക്കെ അന്ന് ഞാന്‍ ആളുകളോട് പറഞ്ഞിരുന്നെങ്കില്‍ അവര്‍ എന്തു പറയുമായിരുന്നു ? തീര്‍ച്ചയായും എന്നെ ഒരു ഗൂഡാലോചനാ സിദ്ധാന്തക്കാരനാക്കുമായിരുന്നു. എന്നാല്‍ പിന്നെ എന്തു സംഭവിച്ചു ? അവര്‍ നമ്മുടെ അധികാരം പിടിച്ചെടുക്കുക മാത്രമല്ല ചെയ്തത്, നമ്മുടെ മൂല്യങ്ങള്‍ തകര്‍ത്തു, സംസ്‌ക്കാരം നശിപ്പിച്ചു, നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനം ഇല്ലാതാക്കി, വിദ്യാഭ്യാസ സംവിധാനം തകര്‍ത്തു. നമ്മുടേതായ ഏതാണ്ടെല്ലാം തന്നെ അവര്‍ നശിപ്പിച്ചു. ഇന്ന് സ്വാതന്ത്ര്യം ആഘോഷിയ്‌ക്കുന്ന ആളുകളോട് എനിക്കു പറയാനുള്ളത് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെ നിന്നും പോയിട്ടില്ല എന്നാണ്. വൈറസ് മ്യൂട്ടേറ്റ് ചെയ്യുന്നതിനെപ്പറ്റി ഇപ്പോള്‍ നമ്മള്‍ പറയുന്നില്ലേ ? അതുപോലെ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്വയം രൂപമാറ്റം ചെയ്തിരിയ്‌ക്കുകയാണ്. കച്ചവടക്കാരുടെ വേഷത്തില്‍ നിന്നും മതത്തിന്റെ രൂപത്തിലേക്ക് മാറിയിരിയ്‌ക്കുന്നു. നമ്മള്‍ ഇത് ശരിയ്‌ക്കും മനസ്സിലാക്കേണ്ടതുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രൈസ്തവ സഭയുടെ രൂപത്തില്‍ ഇപ്പോഴും ഇന്ത്യയില്‍ നിലവിലുണ്ട്. അന്ന് കച്ചവടക്കാര്‍ ആയിരുന്നു, ഇന്ന് മതപ്രവര്‍ത്തകര്‍ ആണ്. നമ്മുടെ പ്രിയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഇത് വ്യക്തമായി മനസ്സിലാക്കി ഇന്ത്യയിലെ ജനങ്ങളെ ഓര്‍ത്തു കൊണ്ട് ഉറച്ച നടപടികള്‍ എടുക്കുന്നില്ലെങ്കില്‍ മുന്നോട്ടുള്ള പോക്ക് വളരെ പ്രയാസകരമായിരിയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: