കാബൂള്‍: ജനവരി മുതലുള്ള താലിബാന്-അഫ്ഗാന് യുദ്ധം സൃഷ്ടിച്ചത് 2.7 ലക്ഷം അഭയാര്‍ത്ഥികളെ. ഇതോടെ ദശകങ്ങള്‍ നീണ്ട അഫ്ഗാനിലെ ആഭ്യന്തരയുദ്ധത്തില്‍ അഭയാര്‍ത്ഥികളായവര്‍ 35 ലക്ഷം പേര്.
കുണ്ടുസ് പ്രവിശ്യയില്‍ മാത്രം നടന്ന യുദ്ധത്തില്‍ 12000 അഫ്ഗാന് കുടുംബങ്ങളാണ് അനാഥരായത്. ഇവര്‍ ഇപ്പോള്‍ ടെന്റുകളില്‍ പാതിവിശപ്പുമായി കഴിയുന്നു. താലിബാന് ഭരണം വീണ്ടും എത്തിയെന്നറിഞ്ഞതോടെ അഫ്ഗാന് വിട്ട് പോകാന്‍ കൊതിക്കുന്നത് ലക്ഷങ്ങളാണ്. സ്ത്രീകളെയും കുട്ടികളെയും അഫ്ഗാനിസ്ഥാനില്‍ നിര്‍ത്തുന്നത് അപകടകരമാണെന്ന് അഫ്ഗാന്‍കാര്‍ ഭയക്കുന്നു.
2001ല്‍ യുഎസ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ എത്തിയതിന് ശേഷമുണ്ടായ പോരാട്ടത്തില്‍ ആകെ കൊല്ലപ്പെട്ടത് 2,41000 പേരാണ്. ഇതില്‍ 71,000 പേരും സാധാരണ അഫ്ഗാന് പൗരന്മാരാണ്.
ദശകങ്ങള്‍ നീണ്ട യുദ്ധത്തിന്റെ ഫലമായി കുടിവെള്ളം മലിനമായതിനാല്‍ പല അഫ്ഗാന് പൗരന്മാരും രോഗികളായി മാറുന്ന സ്ഥിതിവിശേഷവുമുണ്ട്. കുട്ടികളും സ്ത്രീകളും പോഷാകാഹാരക്കുറവിന്റെ പ്രശ്നങ്ങളും അനുഭവിക്കുന്നു. ആരോഗ്യപരിപാലനവും കൃത്യമായി നടക്കാത്തതിനാല്‍ സാധാരണ അഫ്ഗാന് പൗരന്മാരുടെ ജീവിതത്തെ അത് ബാധിച്ചിരിക്കുന്നു. ദാരിദ്ര്യം, പോഷകാഹാരക്കുറവ് എല്ലാം യുദ്ധത്താല്‍ കീറിമുറിക്കപ്പെട്ട ഈ രാജ്യത്തെ ദുരിതത്തിലാഴ്ത്തുന്നു.
20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം യുഎസ് പട്ടാളക്കാരുടെ പൊടുന്നനെയുള്ള പിന്മാറ്റമാണ് താലിബാനെ വര്ധിതവീര്യരാക്കിയത്. കുറഞ്ഞ പക്ഷം സമാധാനച്ചര്ച്ചകളെങ്കിലും സാധാരണ അഫ്ഗാന് പൗരന്മാരുടെ വികസനവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുന്നതാക്കണമായിരുന്നു. അതുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: