മൂന്നാര്‍: റിപ്പിള് ടീ ഉത്പാദകരായ കെഡിഎച്ച്പി കമ്പനി തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ശ്രമ് യോഗി മന്ഥൻ യോജന അവാര്‍ഡ്. കണ്ണന് ദേവന് കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് പി.ആര്. ഡിവിഷനിലെ തൊഴിലാളിയായ വൈ. മഹേശ്വരിയും കന്നിമല ടോപ്പ് ഡിവിഷനിലെ തൊഴിലാളിയായ രാജകുമാരി എന്നിവരാണ് കേരളത്തില്‍ നിന്ന് ഈ പുരസ്കാരത്തിന് അര്‍ഹരായത്.
ഇരുവര്‍ക്കും പ്രധാനമന്ത്രിയുടെ 2018ലെ ശ്രമദേവി അവാര്‍ഡ് ആണ് ലഭിച്ചത്. നാല്‍പ്പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ജോലിയിലെ മികച്ച നിലവാരത്തിനൊപ്പം നൂതന കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ആഗസ്റ്റ് 12നാണ് പ്രഖ്യാപനമുണ്ടായതെങ്കിലും ഒദ്യോഗിക അറിയിപ്പ് ലഭിച്ചത് ഇന്നലെയാണ്. സ്വകാര്യ മേഖലയിലെ 17 സ്ഥാപനങ്ങളില്‍ നിന്നും 38 പേരാണ് അവാര്‍ഡിന് അര്‍ഹത നേടിയത്, ഇതില്‍ ഏഴ് പേരും വനിതകളാണ്.
നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള 48കാരിയായ മഹേശ്വരി 1993ല്‍ ആണ് കണ്ണന് ദേവന് കമ്പനിയില്‍ ജോലിക്ക് കയറിയത്. മഹേശ്വരി പ്രതിദിനം ശരാശരി 98.77 കിലോ കൊളുന്ത് നുള്ളുന്നുണ്ട്. 21 കിലോയാണ് അടിസ്ഥാനമായി എടുക്കേണ്ടത്. 2020 ജൂലൈയില്‍ ഒരു ദിവസം ഇവര്‍ 588 കിലോ കൊളുന്ത് നുള്ളിയിരുന്നു. സ്വയം സഹായ സംഘത്തിലെ പങ്കാളിത്തം കൃഷിയിലെ അഭിരുചി, വീട്ടിലെ സേവനം എന്നിവ കൂടി കണക്കിലെടുത്താണ് അവാര്‍ഡ്. ചെണ്ടുവരൈ എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ യേശുരാജനാണ് ഭര്‍ത്താവ്. രണ്ടു മക്കള്‍.
ആറാംക്ലാസ് വിദ്യാഭ്യാസമുള്ള 37കാരിയായ രാജകുമാരി 2012-ലാണ് നയമക്കാട് എസ്റ്റേറ്റില്‍ ജോലിക്കു ചേര്‍ന്നത്. ശരാശരി പ്രതിദിനം 97.87 കിലോ കൊളുന്തു നുള്ളുന്ന രാജകുമാരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലാണ്. പശുവളര്‍ത്തല്‍, പച്ചക്കറി കൃഷി എന്നിവയിലും ഈ വനിത സാന്നിധ്യമറിയിക്കുന്നു. നയമക്കാട് എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ പാണ്ടിരാജാണ് ഭര്‍ത്താവ്. രണ്ട് മക്കള്‍.
2014ല്‍ കമ്പനിയിലെ വാസന്തി എന്ന തൊഴിലാളിക്കും ഇതേ അവാര്‍ഡ് ലഭിച്ചിരുന്നു. തോട്ടം മേഖലയില്‍ ദേശീയ തലത്തിലുള്ള അവാര്‍ഡ് ലഭിച്ചതും കെഡിഎച്ച്പിക്കാണ്. ഇത്തവണ രണ്ട് തൊഴിലാളികള്‍ക്ക് കൂടി അവാര്‍ഡ് ലഭിച്ചത് കമ്പനിക്ക് ഇരട്ടി മധുരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: