ഇടുക്കി: ഏലം കര്‍ഷകരില്‍ നിന്ന് വനവകുപ്പ് പണം പിരിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി എകെ ശശീന്ദ്രന്. വനംവകുപ്പ് വിജിലന്‍സ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി. ഓണത്തിന് ചെലവ് വേണമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ തോട്ടങ്ങള്‍ തോറും കയറിയിറങ്ങി പണം പിരിച്ചത്. ആയിരം മുതൽ അയ്യായിരം രൂപ വരെ പിരിച്ചിരുന്നു.
സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും, തെറ്റ് ചെയ്തെന്ന് ബോദ്ധ്യപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഓണത്തോടനുബന്ധിച്ച് ഏലം കര്‍ഷകരില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി പിരിവ് നടത്തുന്നെന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഈ വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് വിജിലന്‍സ് ഓഫീസറോട് നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.’- മന്ത്രി പറഞ്ഞു.
അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, നെടുങ്കണ്ടം, കുമളി, പുളിയന്മല, വണ്ടന്മേട്, കമ്പംമെട്ട് പരിധിയില്‍പ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പണം പിരിക്കുന്നത്. ഇത് സംബന്ധിച്ച് വണ്ടന്മേടുള്ള കാര്‍ഡം ഗ്രോവെഴ്സ് അസോസിയേഷന് സംസ്ഥാന മുഖ്യവനപാലകന് പരാതി നല്‍കിയിരുന്നു. നിരവധി കര്‍ഷക അംഗങ്ങളാണ് ഇക്കാര്യം കാണിച്ച് പരാതി പറഞ്ഞിരിക്കുന്നതെന്നും ഇത്തരം നടപടികള്‍ ഒഴുവാക്കണമെന്നും അസോസിയേഷന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഏലക്കായ്ക്ക് വിലയില്ലാത്ത ഈ സമയത്ത് ഇത്തരത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: