കോട്ടയം: കളിപ്പാട്ട വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ആഗോള വിപണിയില്‍ ഏറ്റവും കുറഞ്ഞ പങ്കാളിത്തമുള്ളതും ലഭ്യതയ്ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നതുമായ മേഖലയാണ് ഇന്ത്യയിലെ കളിപ്പാട്ട നിര്‍മ്മാണം. 100 ബില്യണ്‍ ഡോളര്‍ ലോകവിപണിയില്‍ ഒന്നര ശതമാനം മാത്രമാണ് ഇന്ത്യയുടെ പങ്കാളിത്തം. ആഭ്യന്തര ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.
ആഗോള കളിപ്പാട്ട വിപണി 2023ഓടെ 120 ബില്യണ്‍ ഡോളറിലധികം വരുമാനം കൈവരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര വാണിജ്യമന്ത്രാലയവും ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡും കളിപ്പാട്ട മേഖലയെപ്പറ്റി വിശദമായ പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഗെയിമുകളുടെ മാതൃകകളെപ്പറ്റി പഠിക്കാനായി നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, എംഎസ്എംഇ മന്ത്രാലയം, ഡിപിഐഐടി, ടെക്സ്റ്റൈല്‍ മന്ത്രാലയം, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, എഐസിടിഇ എന്നിവയുടെ സഹകരണത്തോടെ ആഗോള വിപണിയില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
കളിപ്പാട്ട നിര്‍മ്മാണത്തിലെ പുതിയ ആശയങ്ങള്‍ക്കായി ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 25 വരെ രാജ്യത്ത് ആദ്യമായി ടോയ്ക്കത്തോണ് നടത്തി. തുടര്‍ന്ന് കളിപ്പാട്ട മേള ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് നാല് വരെ നടത്തി. 12000ത്തിലധികം സംരംഭകരാണ് മേളയില്‍ പങ്കെടുത്തത്. ടോയ്ക്കത്തോണിന്റെ അവസാന ഘട്ടം ജൂണ്‍ 22 മുതല്‍ 24 വരെ നടത്തി. പുതിയ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നവരെ പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുകയും വിപണിയിലെ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കുകയുമാണ് ടോയ്ക്കത്തോണിന്റെ ലക്ഷ്യം.
വിപണിയില്‍ ചൈനീസ് ആധിപത്യം കളിപ്പാട്ട ആഗോള വിപണിയില്‍ ചൈനീസ് ആധിപത്യമാണ് നിലനില്‍ക്കുന്നത്. പ്രതിവര്‍ഷം 30 ബില്യണാണ് ഇവരുടെ ആഗോള കയറ്റുമതി പ്രാതിനിധ്യം. യൂറോപ്യന്‍ യൂണിയനും അമേരിക്കയും കൂടി 58 ബില്യണാണ് വിപണിയിലെ പങ്കാളിത്തം. ഇന്ത്യയില്‍ എത്തുന്നതില്‍ ഭൂരിഭാഗവും ചൈനീസ് കളിപ്പാട്ടങ്ങളാണ്. ഇന്ത്യയിലെത്തുന്ന കളിപ്പാട്ടങ്ങളില്‍ പകുതിയിലേറെയും ചൈനയില്‍ നിര്‍മ്മിച്ചവയാണ്. ചൈനയുടെ ആധിപത്യം കുറയ്ക്കുന്നതിനായി കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നയത്തില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തി. ഇറക്കുമതി തീരുവ 200 ശതമാനമായി വര്‍ധിപ്പിച്ചു. കൂടാതെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: