ആലപ്പുഴ: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷ ചടങ്ങില്‍ പദ്ധതിക്ക് നേതൃത്വം നല്കിയവരില് പ്രധാനിയായ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അവഗണന. 35 പേരുള്ള പ്രാസംഗികരുടെ പട്ടികയില്‍ 31-ാം സ്ഥാനം മാത്രമാണ് നല്‍കിയത്. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും താഴെയാണ് സ്ഥാനം.
17ന് വൈകിട്ട് 4.30ന് ഗോര്‍ഖി ഭവനിലെ സി ഡിറ്റ് സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 1996ല്‍ പദ്ധതി നടപ്പാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടിയും മുഖ്യ പ്രാസംഗകരില്‍ ഇടംനേടിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ജനകീയാസൂത്രണ ചരിത്രം സമൂഹമാധ്യമ കാമ്പയിനിലൂടെ പങ്കുവച്ച് പദ്ധതി നടത്തിപ്പിലെ തന്റെ പ്രാധാന്യം ഉറപ്പിക്കാന്‍ ഐസക്ക് ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. പാര്‍ട്ടിയും സര്‍ക്കാരും തന്റെ പങ്കാളിത്തത്തെ അവഗണിക്കുന്നുവെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ജനകീയാസൂത്രണ നടത്തിപ്പിലെ ബുദ്ധിമുട്ടുകളും, എതിര്‍പ്പുകളും, നേട്ടങ്ങളും ഉള്‍പ്പെടെയുള്ള ചരിത്രം വെളിപ്പെടുത്തി മുന്‍ ധനമന്ത്രി രംഗത്തെത്തിയത്. വ്യക്തിപരമായി പോലും പാര്‍ട്ടിയിലെ ഒരു വിഭാഗം വേട്ടയാടിയതും ചൂണ്ടിക്കാട്ടിയിരുന്നു. ഇഎംഎസ്, ഇ.കെ. നായനാര്‍, പാലൊളി മുഹമ്മദ്കുട്ടി എന്നിവരുടെ നിരയിലേക്ക് സ്വയം പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് സമൂഹമാധ്യമ കാമ്പയിനിലൂടെ ശ്രമിച്ചതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള തിരിച്ചടിയാണ് രജതജൂബിലി ആഘോഷത്തിലെ അവഗണന.
ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കം കുറിച്ചത് 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലയളവിലായിരുന്നു. തോമസ് ഐസക് അന്ന് ആസൂത്രണബോര്‍ഡ് അംഗമായിരുന്നു. ഐ.എസ്. ഗുലാത്തിയായിരുന്നു ബോര്‍ഡ് വൈസ് ചെയര്മാനെങ്കിലും നിയന്ത്രണം ഐസക്കിനായിരുന്നു. തദ്ദേശ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയെ നോക്കുകുത്തിയാക്കിയായിരുന്നു ഐസക്കും, ശാസ്ത്രസാഹിത്യപരിഷത്തും ജനകീയാസൂത്രണത്തെ ഹൈജാക്ക് ചെയ്തത്.
ആദ്യഘട്ടത്തില്‍ ജനകീയാസൂത്രണത്തിലെ വികസന പദ്ധതികള്‍ക്ക് വിദേശ വായ്പകള്‍ക്കു പുറമേ നെതര്‍ലന്‍ഡ്സ് സര്‍ക്കാരിന്റെ ഗ്രാന്റും ഉണ്ടായിരുന്നു. 70 ശതമാനം വായ്പയും 30 ശതമാനം ഗ്രാന്റും എന്നതായിരുന്നു വ്യവസ്ഥ. പദ്ധതി തയ്യാറാക്കിയത് നെതര്‍ലന്‍ഡ്സായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി നിര്‍ദേശിച്ച വികസന പദ്ധതി മൂന്നാം ലോക രാജ്യങ്ങളെ കുടുക്കുന്ന സാമ്രാജ്യത്വബുദ്ധിയാണെന്നാണ് എം.എന്‍. വിജയന് ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: