ഇടുക്കി: മഴക്കാലം ആരംഭിച്ച ശേഷം ഇടുക്കി, ശബരിഗിരി പദ്ധതികളില്‍ നിന്നായി കെഎസ്ഇബി ആകെ വിറ്റത് 39 കോടി യൂണിറ്റ് വൈദ്യുതി. ശരാശരി 3-5 രൂപവരെയാണ് വില. നാല് രൂപ വെച്ച് യൂണിറ്റിന് കണക്ക് കൂട്ടിയാല്‍ കെഎസ്ഇബിക്ക് ഇതുവരെ ലഭിച്ചത് 156 കോടി രൂപ.
ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തില്‍ ജൂലൈ 17 മുതല്‍ പൂര്ണ്ണതോതിലായിരുന്നു ഉത്പാദനം. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതും വെള്ളം തുറന്ന് വിട്ടാല്‍ ഉണ്ടാകുന്ന നഷ്ടവും കണക്ക് കൂട്ടിയായിരുന്നു ഈ നടപടി. സാധാരണ ഈ സമയങ്ങളില്‍ 2-3 മില്യണ്‍ യൂണിറ്റാണ് ഉത്പാദനം നടത്തുക. നിലവില്‍ റൂള്‍കര്‍വ് നിര്‍ബന്ധമായും പാലിക്കേണ്ട സാഹചര്യം ഉള്ളതിനാലാണ് ഉത്പാദനം കുത്തനെ കൂട്ടി നിര്‍ത്തിയതെന്ന് കെഎസ്ഇബി അധികൃതരും വ്യക്തമാക്കി.
ഇടുക്കിയിലെ ഉത്പാദനം കുറച്ചു
മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം പാതിയാക്കി കുറച്ചു. കഴിഞ്ഞ ദിവസം എല്ലാ ജനറേറ്ററുകളും ഡ്രിപ്പായതിന് പിന്നാലെ ഓണ്‍ലൈനായി കൂടിയ പവര്‍ പൊസിഷന്‍ യോഗത്തിലാണ് വൈദ്യുതി ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ മഴ മാറി നിന്നാല്‍ ഇത് 3 മില്യണ്‍ യൂണിറ്റിലേക്ക് കുറയ്ക്കാനാണ് തീരുമാനം. നിലവില്‍ ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതും റൂള്‍ ലെവലില്‍ 14 അടിയുടെ കുറവുള്ളതും തീരുമാനത്തിന് അനുകൂലമായി.
എല്ലാമാസവും അഞ്ചാം തിയതി ചേരുന്ന ഈ യോഗത്തില്‍ കെഎസ്ഇബി ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര്‍ ആണ് അദ്ധ്യക്ഷനാകുന്നത്. ഒരു മാസം എത്രയൂണിറ്റ് വീതം ഓരോ പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കണമെന്ന് തീരുമാനിക്കുന്നതും. കെഎസ്ഇബിയുടെ നയപരമായ തീരുമാനങ്ങളും സാമ്പത്തിക കാര്യങ്ങളും തീരുമാനിക്കുന്നതും ഈ യോഗത്തിലാണ്. അടിയന്തര സാഹചര്യത്തിലും പവര്‍ പൊസിഷന്‍ യോഗം ചേരാറുണ്ട്. മഴ അവസാനിക്കുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇടുക്കി സംഭരണി തുറന്ന് വിടാതെ പരമാവധി വെള്ളം സംഭരിക്കുകയാണ് യോഗങ്ങളുടെ ലക്ഷ്യം.
2371.72 അടിയാണ് ഇടുക്കിയിലെ നിലവില്‍ അവശേഷിക്കുന്ന ജലശേഖരം, 65.71%. കഴിഞ്ഞ വര്‍ഷം ഇതേ സമയം 64% ആയിരുന്നു ജലശേഖരം. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിനിടെ 7.629 മില്യണ്‍ യൂണിറ്റായിരുന്നു വൈദ്യുതി ഉത്പാദനം. കൊവിഡ് സാഹചര്യമായതിനാല്‍ നിലവില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറഞ്ഞ് നില്‍ക്കുകയാണ്. 70 മില്യണ്‍ യൂണിറ്റാണ് ശരാശരി ഉപഭോഗം വരുന്നത്. അതേ സമയം ശബരിഗിരിയിലെ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: