തൊടുപുഴ: നഗരമധ്യത്തില്‍ തൊടുപുഴ നഗരസഭ ഓഫീസിന് മുന്‍വശത്തുള്ള കാര്‍ഗില്‍ സ്മൃതിമണ്ഡപം വാഹനമിടിച്ച് തകര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായതെന്നാണ് കരുതുന്നത്.
അതേസമയം ഇക്കാര്യം ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് കാട്ടി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്മാരകത്തിന് സമീപത്ത് തന്നെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്മാരകം തകര്‍ത്തവരെ കണ്ടെത്താന്‍ പോലീസ് സമീപത്തെ സിസിടിവി പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്മൃതിമണ്ഡപത്തിന് സംരക്ഷണമൊരുക്കി സ്ഥാപിച്ചിരിക്കുന്ന ഉയരം കുറഞ്ഞ വേലിയും വശങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന ടൈലുമാണ് തകര്‍ന്നത്. വേലി റോഡിലേക്ക് തകര്‍ന്ന് വീണ് കിടക്കുകയാണ്. ടൈല്‍ റോഡില്‍ ചിതറിക്കിടപ്പുണ്ട്, മുകളില്‍ ഒട്ടിച്ചിരിക്കുന്ന ഗ്രാനൈറ്റുകള്‍ക്കും ഇളക്കം തട്ടി പൊട്ടിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സ്മൃതിമണ്ഡപം തകരാന്‍ കാരണമായ സംഭവമെന്നാണ് പ്രാഥമിക നിഗമനം. യുദ്ധസ്മാരകത്തില്‍ വാണിജ്യ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് വാഹനങ്ങളുടെ കാഴ്ച മറയുകയും ഇത് പലപ്പോഴും ഇവിടെ വാഹനങ്ങള്‍ വന്നിടിച്ച് വലിയ കേടുപാടുകള്‍ സംഭവിക്കാനും ഇടയാക്കിയിട്ടുണ്ട്. നെഹ്രു യുവകേന്ദ്രയ്‌ക്കാണ് സ്മാരകത്തിന്റെ സംരക്ഷണ ചുമതല.
കാര്‍ഗില്‍ വിജയ് ദിവസ് ജൂലൈ 26 ആണെന്നിരിക്കെ സ്മാരകത്തില്‍ ഇത് തെറ്റായി ജൂണ്‍ 25 എന്നാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ ജന്മഭൂമിയടക്കം പലതവണ ചൂണ്ടിക്കാട്ടിയിട്ടും രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചവര്‍ക്കായി നിര്‍മിച്ച സ്മാരകത്തോട് നഗരസഭ അധികൃതര്‍ ഇപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. രാജ്യം പ്രധാന ആഘോഷങ്ങള്‍ നടത്തുമ്പോഴെല്ലാം ഈ സ്മാരകവും പരിസരവും വൃത്തിയാക്കി പൂര്‍വ സൈനികര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.
ജീവത്യാഗം നല്‍കിയവരോടുള്ള അനാദരവ്
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിലും, മാതൃരാജ്യത്തിനായി ജീവത്യാഗം നടത്തിയവരുടെ സ്മാരകം ഈ രീതിയില്‍ അവഗണന നേരിടുന്നത് അനാദരവെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക് പരിഷത്ത് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്ത് ഒരിടത്തും ഇല്ലാത്തതുപോലെ തൊടുപുഴയിലെ സ്മാരകത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത് തികച്ചും അപലപനീയമാണ്.
സ്മാരകം ഉചിതമായി പുനര്‍നിര്‍മ്മിച്ച് അതിന്റെ പവിത്രതയും മനോഹാരിതയും നിലനിര്‍ത്തണമെന്ന് പൂര്‍വ്വസൈനിക് പരിഷത്ത് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി. സി. ശേഖര്‍, ജില്ലാ സെക്രട്ടറി എ.ജി. കൃഷ്ണകുമാര്‍, സംസ്ഥാന സമിതിയംഗം സോമശേഖരന്‍ ചെമ്പമംഗലത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: