ഡോ.കെ. ജയപ്രസാദ്
ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ അമൃത് മഹോത്സവത്തിന് ആരംഭം കുറിക്കുകയാണ്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മനിര്‍വൃതിയോടൊപ്പം ഓരോ ഭാരതീയനും ചില ചോദ്യങ്ങള്‍ കൂടി ചോദിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നതിന് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഏറെ സഹായിക്കും. ഒന്ന്, ലോകത്തിലെ ഏറ്റവും പുരാതനവും നിത്യനൂതനവുമായ സംസ്കാരത്തിന്റെ ഈറ്റില്ലമായ ഭാരതം എങ്ങനെയാണ് നൂറ്റാണ്ടുകളോളം വിദേശ ശക്തികള്‍ക്ക് അടിമപ്പെട്ട് അസ്വതന്ത്രയായത്? രണ്ട്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ദേശസ്നേഹികളും, ജനമുന്നേറ്റങ്ങളും, വ്യത്യസ്ത ധാരകളും ശരിയായി അടയാളപ്പെടുത്തിയിട്ടുണ്ടോ? മൂന്ന്, സ്വാതന്ത്ര്യത്തോടൊപ്പം ഭാരതഭൂമിയെ വിഭജിച്ച്, കോളനി ശക്തികളുടെ താല്‍പ്പര്യത്തിന് കീഴടങ്ങിയ സാഹചര്യം വസ്തുതാപരമായി ചര്‍ച്ച ചെയ്തിട്ടുണ്ടോ? നാല്, സ്വതന്ത്ര ഭാരതത്തിന് ഏഴരപതിറ്റാണ്ട് കൊണ്ട് നേടാമായിരുന്ന പുരോഗതി നാം കൈവരിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ അതിന് നയിച്ച കുടുംബാധിപത്യത്തിന്റെ വക്താക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടോ? യുവമനസ്സുകളെ ശരിയായ ദിശയില്‍ ആനയിക്കാനും, വിഭാഗീയതയുടെ ശക്തികളെ അകറ്റിനിര്‍ത്താനും, രാജ്യത്തിന്റെ സ്വാതന്ത്ര്യം നിതാന്ത ജാഗ്രതയോടെ കാത്തുസൂക്ഷിക്കാനും നിരന്തരം ഈ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യം എന്നത് അടിസ്ഥാനപരമായി ഒരു ജനതയുടെ സംസ്കാരത്തെ നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യമാണ്. ഒരു ജനത തങ്ങളുടെ ആശയങ്ങളെയും അഭിലാഷങ്ങളെയും ഉള്‍ക്കൊണ്ട് മൂല്യങ്ങളെ നിലനിര്‍ത്തി സമഗ്രമായ പുരോഗതിയും നിര്‍ഭയമായ ജീവിത സാഹചര്യവും കൈവരിക്കുമ്പോഴാണ് സ്വതന്ത്രമാകുന്നത്. ഭാരതം ആ തരത്തില്‍ ഒരുകാലത്ത് സമ്പന്നവും സ്വതന്ത്രവുമായിരുന്നു. ലോകത്തിനു തന്നെ വെളിച്ചം നല്കിയ ഭാരത ജനത നിര്‍ഭാഗ്യവശാല്‍ തങ്ങളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിന് സംഘടിത ശ്രമം നടത്തിയില്ല. പ്രതിരോധ ശേഷി കൈവരിക്കാതിരുന്നതിനാല്‍ അധര്‍മ്മത്തിന്റെ ശക്തികള്‍ക്ക് ആയുധത്തിന്റെ ബലംകൊണ്ടും ക്രൂരതകൊണ്ടും ഒരായിരം വര്‍ഷം ഭാരതത്തെ അടിമപ്പെടുത്താന്‍ കഴിഞ്ഞു. സത്യവും നീതിയും അഹിംസയും മുഖമുദ്രയാക്കിയ ഒരു ജനത അസംഘടിതമായിരുന്നതിനാല് വൈദേശിക- ഇസ്ലാമിക ശക്തികള്‍ക്ക് അവരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിഞ്ഞു. എഡി 712-ല്‍ മുഹമ്മദ് ബിന്‍ കാസിമിന്റെ നേതൃത്വത്തില്‍ അറബികള്‍ പടിഞ്ഞാറേ ഇന്ത്യ കീഴടക്കിയതു മുതല്‍ ഗസ്നി, ഗോറി, തുഗ്ലക്ക്, ഖില്‍ജി, ബാബര്‍ തുടങ്ങി 1748 ല്‍ അഹമ്മദ് ഷാ വരെയുള്ള ഒരായിരം വര്‍ഷത്തെ ഇസ്ലാമിക ആക്രമണകാരികള്‍ ഇന്ത്യയില്‍ നടത്തിയ കൊള്ളയും ക്രൂരതകളും നിര്‍ബന്ധിത മതപരിവര്‍ത്തനവും ഹിന്ദുഹത്യയും ക്ഷേത്ര ധ്വംസനങ്ങളും ഒക്കെ വസ്തുതാപരമായി ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്. അംബേദ്കര്‍ തന്റെ ”ജമസെേശമി ീൃ ഠവല ജമൃശേശേീി ീള കിറശമ” എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. പില്ക്കാലത്ത് ബ്രിട്ടീഷുകാര്‍ ഭാരതത്തെ കയ്യടക്കി രാജ്യത്തെ സാംസ്കാരികമായും സാമ്പത്തികമായും തകര്‍ത്തു. ഒരായിരം വര്‍ഷത്തെ അടിമച്ചങ്ങല തകര്‍ത്ത് ഭാരതം സ്വതന്ത്രമായതിനു പിന്നില്‍ ഇതിഹാസ സമാനമായ വലിയൊരു ചരിത്രമുണ്ട്. വീരസവര്‍ക്കര്‍ സൂചിപ്പിച്ചതുപോലെ ചരിത്രം പഠിക്കുന്നത് ചരിത്രത്തില്‍ കെട്ടിയിടാന്‍ ആകരുത്, അത് ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനാകണം. സ്വാതന്ത്ര്യദിനാഘോഷം ഈ പാഠങ്ങള്‍ ഉള്ക്കൊള്ളുന്നതിനാകണം.
ഭാരതത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നത് എക്കാലത്തും നമ്മുടെ ശത്രുക്കള്‍ നമ്മുടെ ഉള്ളില്‍ തന്നെയുണ്ടായിരുന്നു എന്നതാണ്. രാഷ്ട്രത്തോട് കൂറില്ലാത്തവരും, ചതിയന്മാരും എക്കാലത്തും വൈദേശിക ശക്തികള്‍ക്ക് സഹായകമായിരുന്നു. മുഹമ്മദ് ബിന്‍ കാസിം സിന്ധ് ആക്രമിച്ചപ്പോള്‍ ദാഹിര്‍ രാജാവിന്റെ സേനാധിപന്മാര് ശത്രുക്കളുടെ ചാരന്മാരായിനിന്നു. ദല്‍ഹിയിലെ അവസാനത്തെ ഹിന്ദുരാജാവായ പൃഥ്വിരാജിനെ തോല്‍പ്പിക്കാന്‍ മുഹമ്മദ് ഗോറിക്ക് സഹായം ചെയ്തത് ജയചന്ദ്രനായിരുന്നു. ശിവജിക്കെതിരായും, സിക്ക് സാമ്രാജ്യത്തിനെതിരായും അകത്തുനിന്ന് ചതിച്ചവരുണ്ട്. 1857 ലെ സ്വാതന്ത്ര്യമുന്നേറ്റം തടഞ്ഞ ഇന്ത്യന്‍ നാട്ടുരാജ്യ ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നു. ഇസ്ലാമിക ഭരണകര്‍ത്താക്കള്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഭരണം നടത്തിക്കൊണ്ടു പോകാന്‍ സഹായിച്ച ഭാരതീയര്‍ ഏറെയുണ്ട്. ബ്രിട്ടീഷുകാരോട് ഏറെ കൂറുപുലര്‍ത്തിയ ഒരു വിഭാഗം ഭാരതീയര്‍ ഉള്‍പ്പെട്ട സേനയെ വച്ചുകൊണ്ടാണ് ഒന്നാം ലോക മഹായുദ്ധത്തിലും, രണ്ടാം ലോക മഹായുദ്ധത്തിലും ബ്രിട്ടണ് വിജയം നേടിയത്. കോളനി ഭരണകര്‍ത്താക്കളെക്കാള്‍ അവരോട് കൂറ് കാണിച്ച ചില ഇന്ത്യാക്കാര്‍ കോളനി ഭരണകര്‍ത്താക്കള്‍ക്ക് ഏറെ സഹായകമായി. ഭാരതത്തെ എക്കാലത്തും പരാജയപ്പെടുത്തിയത്, രാജ്യത്തോട് കൂറില്ലാത്ത ഒരു ചെറു ന്യൂനപക്ഷത്തിന്റെ ഭൗതിക മോഹങ്ങളാണ്. സ്വാതന്ത്ര്യാനന്തരവും ഈ ‘ചെറുന്യൂനപക്ഷം’ വിഭാഗീയതയുടെ വക്താക്കളായി പുതിയ രൂപത്തില്‍ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യത്തെ മറയാക്കി പ്രവര്‍ത്തിക്കുന്നു. കൂട്ടത്തിലുള്ള ഇവരെ തിരിച്ചറിയുകയാണ് രാഷ്ട്രത്തിന്റെ ഐക്യവും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്നതിനുള്ള ഒറ്റമൂലി. പുത്തന്‍ സാമ്രാജ്യത്വശക്തികള്‍ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും മതവിശ്വാസങ്ങളെയും ഉപയോഗപ്പെടുത്തിയാണ് ആധിപത്യം നേടുന്നത്. സ്വാതന്ത്ര്യം ഒരു ജനതയെ ആലസ്യത്തിലേക്ക് നയിച്ചാല്‍ ദേശദ്രോഹശക്തികള്‍ വീണ്ടും വിജയം നേടും. ഇവിടെയാണ് കരുതല്‍ വേണ്ടത്. പൗരന്റെ ശ്രദ്ധയും കരുതലും വ്യക്തി ജീവിതത്തില്‍ എന്നതുപോലെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനും അനിവാര്യമാണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യപോരാട്ടത്തിന് ഒരായിരം വര്‍ഷത്തെ ചരിത്രമുണ്ട്. അത് 1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചതുമുതല്‍ ആരംഭിക്കുന്നതുമല്ല. ഇസ്ലാമിക ആക്രമണമകാരികള്ക്കും പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ക്കും എതിരെ ഒറ്റയ്ക്കു നിന്ന്പോരാടി രാജ്യത്തിന്റെ മാനം കാക്കാന്‍ ശ്രമിച്ച ദേശാഭിമാനികളായ ഭരണകര്‍ത്താക്കളും, രാജാക്കന്മാരും സേനാപതികളുമുണ്ടായിരുന്നു. ജനങ്ങളില്‍ ആത്മബോധം ഉണര്‍ത്താന്‍ സ്വജീവിതം മാറ്റിവച്ച ദേശാഭിമാനികളായ സംന്യാസിമാരും ദാര്ശനികന്മാരും കവികളും നവോത്ഥാന നായകന്മാരുമുണ്ടായിരുന്നു. സ്വാതന്ത്ര്യം യാചിച്ച് വാങ്ങേണ്ടതല്ല, മറിച്ച് പൊരുതി നേടിയെടുക്കേണ്ടതാണ് എന്ന് വിശ്വസിച്ച വിപ്ലവകാരികളായ ധീരദേശാഭിമാനികളുമുണ്ടായിരുന്നു. വിശാലമായ ഭാരത ഉപഭൂഖണ്ഡത്തില്‍ ഉയര്‍ന്നുവന്ന എല്ലാ ചെറുത്തുനില്‍പ്പുകളും ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. എഴുതിയ ചരിത്രത്തെക്കാള്‍ എഴുതപ്പെടാതെപോയ വസ്തുതകളും ധീരദേശാഭിമാനികളുടെ കര്‍മമണ്ഡലവും ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടുവെങ്കിലും അവര്‍ തുറന്നുവിട്ട ദേശസ്നേഹത്തിന്റെ അലകളും പുനരാവിഷ്കരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാന അധ്യായവും, അതിലെ ദേശാഭിമാനികളായ നേതാക്കളും ഒരു പരിധിവരെ പുതിയ തലമുറയ്ക്ക് സുപരിചിതരാണ്. എന്നാല്‍ വിസ്മരിക്കപ്പെട്ട മറ്റ് അധ്യായങ്ങളും വ്യക്തിത്വങ്ങളും ഏറെ പ്രാധാന്യത്തോടെ നാം ഉള്‍ക്കൊള്ളണം. സ്വാതന്ത്ര്യസമരത്തിന്റെ വ്യത്യസ്ത ധാരകള്‍ എല്ലാം ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നു. സായുധസമരങ്ങളും വിപ്ലവപ്രവര്‍ത്തനങ്ങളും അഹിംസാ സമരങ്ങളോടൊപ്പം ചേര്‍ത്തുവായിക്കണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊ
പ്പം അതേ കാലയളവില്‍ രാഷ്ട്രചേതനയെ തട്ടിയുണര്‍ത്തിയ നവോത്ഥാന നായകന്മാരും പ്രസ്ഥാനങ്ങളും സംന്യാസിമഠങ്ങളും സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന കണ്ണികളാണ്. നിലവില്‍ പുതുതലമുറ ഉള്‍ക്കൊണ്ടിരിക്കുന്ന ചരിത്രം അപൂര്‍ണമാണ്. അതുകൊണ്ടുതന്നെ ഒരായിരം വര്‍ഷത്തെ സ്വാതന്ത്ര്യത്തിനായുള്ള ചെറുത്തുനില്‍പ്പും വൈദേശിക ഇസ്ലാമിക-കോളനിശക്തികള്‍ക്കെതിരായ സായുധസമരങ്ങളും സനാതന ധര്‍മത്തിന്റെ സംരക്ഷണത്തിനായുള്ള സംന്യാസിമാരുടെ പ്രസ്ഥാനങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകണം. ബ്രിട്ടീഷ് വിരുദ്ധ സമരം മാത്രമാകരുത് സ്വാതന്ത്ര്യസമരം. മുഗളസാമ്രാജ്യത്തിനും പശ്ചിമേഷ്യന്‍ ഇസ്ലാമിക അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പും സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സുപ്രധാന പങ്കു നിര്‍വഹിക്കുന്നു. വൈദേശിക ഇസ്ലാമിക ആക്രമണകാരികള്‍ക്കെതിരെ വന്മതില് സൃഷ്ടിച്ച വിജയനഗര സാമ്രാജ്യവും ശിവജിയുടെ ഹൈന്ദവീ സ്വരാജിന്റെ സ്ഥാപനവും ലാഹോര്‍ ആസ്ഥാനമായി രൂപംകൊണ്ട സിഖ് സമ്രാജ്യവും എല്ലാം ഭാരതത്തിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ രൂപംകൊണ്ട ജനമുന്നേറ്റത്തിന്റെ ഉദാഹരണങ്ങളാണ്. സ്വാതന്ത്ര്യചരിത്ര രചനയില്‍ ഇവയ്ക്കൊക്കെ മതിയായ അംഗീകാരം ഉണ്ടാവണം. വൈദേശിക ഇസ്ലാമിക ഭരണകൂടത്തെ ഭാരതീയര്‍ ദുര്‍ബലമാക്കിയ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുകാര്‍ കച്ചവട സഖ്യത്തിലൂടെ തന്ത്രപരമായി രാജ്യത്തിന്റെ ആധിപത്യം നേടിയത്. സ്വാതന്ത്ര്യാനന്തരം സംഭവിച്ചത് മതേതരത്വത്തിന്റെ മറവില്‍ വൈദേശിക ഇസ്ലാമിക അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പും, ത്യാഗങ്ങളും സായുധമുന്നേറ്റങ്ങളും ബോധപൂര്‍വം വിസ്മരിക്കപ്പെട്ടു. അറബികള്‍ മുതല്‍ മുഗളര്‍ വരെയുളള ഇസ്ലാമിക ആക്രമണകാരികള്‍ ‘തദ്ദേശീയരായി’ മാറി. വെള്ളക്കാര്‍ക്കെതിരായ സമരം മാത്രമായി സ്വാതന്ത്ര്യ സമരം രചിക്കപ്പെട്ടു. നിലവിലുള്ള അക്കാദമിക ചരിത്രം വെള്ളക്കാര്‍ക്കെതിരായ ജനമുന്നേറ്റത്തില്‍ മാത്രം തളച്ചിട്ടിരിക്കുകയാണ്. മതത്തിന്റെ പേരില്‍ വൈദേശിക ശക്തികളെ വേര്‍തിരിക്കാന്‍ പാടില്ല. അധിനിവേശങ്ങള്‍ എല്ലാം ഒരുപോലെ ചെറുക്കപ്പെടണം. ചരിത്രരചനയും ആ തരത്തില്‍ രൂപപ്പെടണം.
സ്വാതന്ത്ര്യദിനസ്മരണയില് വിസ്മരിക്കാന്‍ കഴിയാത്തതാണ് ഭാരതത്തിന്റെ വിഭജനം. വിഭജനം ഭാരതത്തിന്റെ ന്യൂനപക്ഷ പ്രശ്നം പരിഹരിച്ചില്ല. മാത്രമല്ല മതപരമായ വേര്‍തിരിവ് കൂടുതല്‍ പ്രകടവുമായി. സ്വതന്ത്രഭാരതത്തോടൊപ്പം 24ഃ7 ഒരു ശത്രുരാജ്യമായി പാക്കിസ്ഥാനെ കൂടെ പ്രതിഷ്ഠിച്ചു എന്നുവേണം കരുതാന്‍. അയല്പക്കത്തെ ശത്രുരാജ്യ നിര്‍മിതിയോടൊപ്പം ഏഴര പതിറ്റാണ്ട് കശ്മീരിനെ കൊലക്കളമാക്കാനും പാക്കിസ്ഥാന് കഴിഞ്ഞു. 2019 ല്‍ മാത്രമാണ് ആര്‍ട്ടിക്കിള്‍ 370 നെ ഉന്മൂലനം ചെയ്ത് കശ്മീരി ജനങ്ങളെ ഭാരതത്തിന്റെ ഭാഗമാക്കുന്നത്. നരേന്ദ്ര മോദി ഭരണകൂടത്തിന്റെ ഈ തീരുമാനം ഒരു ജനതയുടെ മോചനം ഉറപ്പാക്കി എന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ തെളിയിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ താല്പര്യമായിരുന്നു പാക്കിസ്ഥാന്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ കണക്കുകൂട്ടലാണ് വിഭജനം അംഗീകരിക്കാന്‍ ഇടയായത്. വര്‍ഗീയകലാപം ഉറപ്പാക്കി വിഭജനം നേടാമെന്ന് മുസ്ലീംലീഗ് തെളിയിച്ചു. എന്നാല്‍ സ്വാതന്ത്ര്യാനന്തരവും നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. വിഭജനം യാഥാര്‍ത്ഥ്യമാക്കിയ ശക്തികള്‍ ഇന്നും കരുത്തരാണ് എന്നത് സ്വാതന്ത്ര്യദിനത്തില്‍ ആശങ്ക ഉണര്‍ത്തുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യം ഏഴര പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ പരംവൈഭവം സ്വപ്നം കണ്ട് ഒരു തലമുറ ഉയര്‍ത്തുന്ന ഒരു ചോദ്യമിതാണ്, നാം ഈ കാലയളവില്‍ നേടാന്‍ ലക്ഷ്യമിട്ടതൊക്കെ നേടിയോ എന്നത്. ഏതാണ്ട് ഇരുപത്തിമൂന്ന് ശതമാനം ജനങ്ങളും ഇന്ന് നിരക്ഷരരാണ്. ഇരുപത്തിയഞ്ച് ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 2014 വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയവും, സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയവും ശക്തിപ്പെടുത്തിയത് ചില കുടുംബങ്ങളെയാണ്. മറിച്ച് ജനങ്ങളെയല്ല. ദാരിദ്ര്യവും നിരക്ഷരതയും വോട്ടുനേടാന്‍ ഉള്ള വഴികളാക്കി. കുടുംബാധിപത്യത്തില്‍നിന്ന് മോചനം നേടാന്‍ സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. രാജ്യം ഒരുപാട് മേഖലകളില്‍ വിജയം വരിച്ചു. എന്നിരുന്നാലും വികസനത്തിന്റെ ഗുണഭോക്താക്കളാകാന്‍ വലിയൊരു ശതമാനം അവശജനവിഭാഗങ്ങള്‍ക്കും കഴിഞ്ഞില്ല. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ഗ്രാമീണ ഭാരതത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ലോകസമൂഹത്തിനു മുന്നിലും ഭാരതത്തിന്റെ സ്ഥാനം ഏറെ വലുതായിരിക്കുന്നു. സോഷ്യലിസ്റ്റു മോഹങ്ങളും റഷ്യന്‍ പ്ലാനിംഗ് മാതൃകയും, ചേരിചേരാ നയവും, മിശ്ര സമ്പദ്വ്യവസ്ഥയും ഭാരതത്തിന് ഗുണകരമായില്ല. മറിച്ച് അഴിമതി മുഖമുദ്രയായി. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരുന്നു. ചേരിചേരാ നയം പിന്തുടര്ന്നിട്ടും സ്വാതന്ത്ര്യത്തിന്റെ ആദ്യ അന്‍പതു വര്‍ഷത്തിനുള്ളില്‍ രാജ്യം അഞ്ചു യുദ്ധങ്ങള്‍ (1948, 1962, 1965, 1971, 1998) നേരിട്ടു. അന്താരാഷ്ട്ര തലത്തിലും ഭാരതം അര്‍ഹിക്കുന്ന സ്ഥാനം നേടിയിരുന്നില്ല. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്നതോടെ ഭാരതം ഉണര്‍ന്നെണീക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഭാരതം കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. ആത്മാഭിമാനവും രാഷ്ട്രസ്നേഹവും സഹവര്‍ത്തിത്വവും യുവമനസ്സുകളില്‍ കൂടുതല്‍ ജ്വലിപ്പിക്കണം. സാമൂഹികനീതിയിലൂന്നിയ വികസനം യാഥാര്‍ത്ഥ്യമാകണം. വികസനത്തിന്റെ നേട്ടങ്ങള്‍ എല്ലാ പ്രദേശങ്ങളിലും, എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ലഭ്യമാക്കണം. നരേന്ദ്ര മോദിയുടെ നേതൃത്വം ഭാരതത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നു എന്നതാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം ദിനത്തില്‍ ആശ്വാസത്തിന് വക നല്‍കുന്നത്. രാഷ്ട്രതാല്‍പ്പര്യങ്ങളെ രാഷ്ട്രീയതാല്പ്പര്യങ്ങളില്നിന്നു വിഭിന്നമായി കാണുന്ന ഒരു തലമുറ ഉയര്‍ന്നുവന്നാല്‍ സ്വതന്ത്ര ഭാരതത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: