ശ്രീനഗര്‍: കാശ്മീരി പണ്ഡിറ്റുകളുടെ വസ്തുക്കള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി, 1997-ലെ ജമ്മു കാശ്മീര്‍ കുടിയേറ്റ സ്ഥാവരവസ്തു നിയമം(മൈഗ്രന്റ് ഇമ്മുവബിള്‍ പ്രോപ്പര്‍ട്ടി ആക്ട്) ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ച് ജമ്മുകാശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെ നിയമ ലംഘനങ്ങള്‍ക്കെതിരെ സമയബന്ധിത നടപടി സ്വീകരിക്കുമെന്ന് ജമ്മു കാശ്മീര്‍ ഭരണകൂടം വ്യക്തമാക്കി. ഇതിനൊപ്പം അത്തരം വസ്തുക്കളുടെ ഒഴിപ്പിക്കല്‍, സംരക്ഷണം, തിരിച്ചുപിടിക്കല്‍ എന്നിവയും ഉറപ്പാക്കും.
താഴ്വരയിലെ കാശ്മീരി പണ്ഡിറ്റുകളുടെ സ്ഥാവര ആസ്തികളിലുണ്ടായേക്കാവുന്ന കയ്യേറ്റം തടയുന്നതിനാണ് ഈ നടപടികള്‍. നിയമം പൂര്‍ണമായി നടപ്പാക്കുന്നതിനായി കുടിയേറ്റക്കാര്‍ ഉപേക്ഷിച്ചുപോയ വസ്തുക്കളുടെ സര്‍വേ നടത്തി വിവരശേഖരം നടത്താന്‍ സിന്‍ഹ നിര്‍ദേശിച്ചു. 15 ദിവസത്തിനകം രജിസ്റ്റര്‍ പുതുക്കി ഡിവിഷണല്‍ കമ്മിഷണര്‍ക്ക് ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വസ്തുക്കളെപ്പറ്റിയുള്ള വിവരങ്ങളില്‍ മാറ്റങ്ങളോ, തിരുത്തലുകളോ വരുത്താന്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.
1997-ല്‍ മുഖ്യമന്ത്രിയായിരുന്ന ഫറൂഖ് അബ്ദുള്ളയാണ് നിയമം കൊണ്ടുന്നതെങ്കിലും ഇത് ഇതുവരെ നടപ്പാക്കിയിരുന്നില്ല. ‘ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍(ജില്ലാ മജിസ്ട്രേറ്റുമാര്‍) സര്‍വേയോ, സ്ഥലപരിശോധനയോ നടത്തി 15 ദിവസത്തിനകം എല്ലാ രജിസ്റ്ററുകളും പുതുക്കി കാശ്മീര്‍ ഡിവിഷണല്‍ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമർപ്പിക്കുക’-ലഫ്. ഗവര്‍ണര്‍ നല്കിയ ഉത്തരവില്‍ പറയുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: