മിസിസിപ്പി: മലയാളി ശാസ്ത്രജ്ഞൻ ഗിരീഷ് പണിക്കർക്ക് മിസിസിപ്പി അക്കാദമി ഓഫ് സയൻസസിന്റെ (MAS) ആദരം. MASൽ 1991 മുതൽ അംഗമായ അദ്ദേഹം ശാസ്ത്രരംഗത്ത് നൽകിയ സംഭാവനകൾക്കാണ് ഈ ആദരവ്. വിവിധ തലങ്ങളിൽ അംഗങ്ങൾ കാഴ്ചവയ്ക്കുന്ന മികവിനെ മാനിച്ച് അക്കാദമി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.
MASന്റെ 85 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി, പ്രഗത്ഭരായ ഏതാനും ശാസ്ത്രജ്ഞരെ FMAS (ഫെലോ ഓഫ് മിസിസിപ്പി അക്കാദമി ഓഫ് സയൻസസ്) നൽകി ആദരിച്ചത്. ശാസ്ത്ര സാങ്കേതിക മേഖലയിൽ 30 വർഷത്തിലേറെയായി മികച്ച സംഭാവന നൽകിയവരെ മാത്രമാണ് ഈ വർഷം ആദരിച്ചത്. മലയാളിയായ ഗിരീഷ് കെ.പണിക്കർ, ഫെലോഷിപ്പ് നേടിയവരിൽ ഉൾപ്പെടുന്നു എന്നത് ലോകമലയാളികൾക്ക് അഭിമാനകരമായ നേട്ടമാണ്.
സംസ്ഥാനത്തെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും ഉയർന്നശ്രേണിയിൽ സ്ഥാനം പിടിക്കുന്ന ഈ പ്രത്യേക പദവി, ഓരോ വർഷവും 0.3 ശതമാനം അംഗങ്ങളെ മാത്രമേ തേടിയെത്തൂ. മിസിസിപ്പിയിലെ സെന്റർ ഫോർ കൺസർവേഷൻ റിസർച്ചിന്റെ പ്രൊഫസറും ഡയറക്ടറുമായ പണിക്കർ, ബ്ലൂബെറിയിലെ വിറ്റാമിൻ സി-യുടെയും ആന്റി-ഓക്സിഡന്റുകളുടെയും അളവ് ഉയർത്തുന്ന ഗവേഷണത്തിന്റെ പേരിലാണ് ഏറ്റവും കൂടുതൽ പ്രസിദ്ധി നേടിയത്.
2020 ലെ ലൈഫ് ടൈം ഓർഗാനിക് അച്ചീവ്മെന്റ് അവാർഡ് ജേതാവായ പണിക്കർ, ഇന്ത്യയിൽ നിന്നുള്ള ‘ഭാരത് ഗൗരവ്’ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. കാർഷികശാസ്ത്രത്തിൽ ഇന്ത്യയിൽ നിന്ന് ബിരുദവും അമേരിക്കയിൽ നിന്ന് ബിരുദാനന്തരബിരുദവും ഹോർട്ടികൾച്ചറൽ സയൻസിൽ (യുഎസ്എ) പിഎച്ച്ഡിയും നേടിയിട്ടുണ്ട്. നിരവധി സംഘടനകളുടെ ഡയറക്ടർ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള പണിക്കർ, MASന്റെ കാർഷിക വിഭാഗത്തിൽ രണ്ടു തവണ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ അമേരിക്കൻ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴഞ്ചേരി വി.കെ. പത്മനാഭന്റെ (തിരുവനന്തപുരം) മകൾ റാണിയാണ് ഗിരീഷ് പണിക്കരുടെ ഭാര്യ. ഏക പുത്രി: ജെം പണിക്കർ. തിരുവനന്തപുരത്ത് സുകുമാര പണിക്കരുടെയും പങ്കജം പണിക്കരുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: