കോഴിക്കോട്: 63 വര്‍ഷത്തിനു ശേഷം കേരള രാഷ്ട്രീയത്തില്‍ ഡോളര്‍ വീണ്ടും വിഷയമാകുന്നു. അന്ന് ഡോളര്‍ രാഷ്ട്രീയത്തില്‍ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റ് ഇതര രാഷ്ട്രീയ കക്ഷികളായിരുന്നു. ആരോപിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ഇന്നിപ്പോള്‍ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റുകളാണ്, പ്രതിക്കൂട്ടില്‍ സിപിഎം മുഖ്യമന്ത്രിയും.
മുഖ്യമന്ത്രി ഇഎംഎസിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഇടയാക്കിയ 1958ലെ വിമോചന സമരത്തിന് പിന്നില്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്നുവെന്നാണ് കമ്യൂണിസ്റ്റ് വ്യാഖ്യാനങ്ങള്‍. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമത്തിനെതിരേ പ്രാദേശികമായി നടന്ന പ്രക്ഷോഭവും ക്രമസമാധാന പ്രശ്നങ്ങളും മൂലമാണ് 1959ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. പക്ഷേ, വിമോചന സമരത്തിന് അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ സഹായവും ആസൂത്രണവും ഉണ്ടായിരുന്നുവെന്നാണ് കമ്യൂണിസ്റ്റ് ആരോപണം. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന ഡാനിയന്‍ പാട്രിക് മൊയ്നിഹാന്റെ ചില പരാമര്‍ശങ്ങള്‍ ആധാരമാക്കിയാണ് ഇത് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും. അന്ന് പ്രതിപക്ഷത്തെ ‘അമേരിക്കന്‍ ഡോളര്‍ കൈപ്പറ്റിയ വഞ്ചകര്‍’ എന്ന് ആക്ഷേപിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. ‘അമ്പത്തേഴിന് രാവുകളില്‍ സിഐഎയുടെ കാശും വാങ്ങി അട്ടിമറിച്ചവരെക്കുറിച്ച്’ കാല് നൂറ്റാണ്ടു മുമ്പത്തെ പ്രീഡിഗ്രി ബോര്‍ഡ് സമരകാലത്തും സിപിഎം മുദ്രാവാക്യം മുഴക്കിയിരുന്നു.
ഇന്ന് ഡോളര്‍ കൈപ്പറ്റിയതിനും കടത്തിയതിനും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കെതിരേ സംസ്ഥാന നിയമസഭയില്‍ മുദ്രാവാക്യം വിളിക്കുന്നത് കോണ്‍ഗ്രസുകാരാണ്. പിണറായി വിജയനിലേക്ക് ഇഎംഎസിന്റെ കാലത്തുനിന്ന് പാര്‍ട്ടി സഞ്ചരിച്ച ദൂരവും അതാണ്. വിദേശ കോണ്‍സുലേറ്റിന്റെ സംസ്ഥാനത്തെ ആസ്ഥാനം വഴിയായിരുന്നു ഡോളര്‍ ഇടപാട്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഉണ്ടായിരുന്ന ഇടപാട്. നിയമസഭാ സ്പീക്കറും മന്ത്രിസഭാംഗവും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട ഇടപാട്. ‘ഡോളര്‍ കടത്തിയ മുഖ്യമന്ത്രി’യെന്ന് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നിയമസഭയില്‍ ആക്ഷേപിക്കപ്പെടുമ്പോള്‍ സ്വര്‍ണ-ഡോളര്‍ കടത്തിടപാടിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് വരുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്വര്‍ണക്കടത്ത്-ഡോളര്ക്കടത്തിടപാടില് മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കേണ്ട അഞ്ച് ഘടകങ്ങളുണ്ട്.
- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സുലേറ്റ് തലവന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്.
- കേസില്‍ പ്രതികളും പ്രധാന ഇടപാടുകാരുമായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് നേരത്തേ അറിയാം, സ്വപ്നയെ ഒരു വിദേശയാത്രയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് അദ്ദേഹമാണ്.
- സ്വപ്നയെ സ്പേസ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു.
- ലൈഫ് പാര്‍പ്പിട പദ്ധതി യുഎഇ കോണ്‍സുലേറ്റ് വഴി നടപ്പാക്കുന്നതും പദ്ധതിയുടെ ഘടന മാറ്റുന്നതും അതിന്റെ കോണ്‍ട്രാക്ടിലെ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു.
- സ്വര്‍ണക്കടത്ത്-ഡോളര്കടത്തിടപാടില് മുഖ്യ പ്രതി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എല്ലാക്കാര്യവും അപ്പപ്പോള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം പലപ്പോഴായി കോടതികളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലുണ്ട്. വൈകാതെ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലും ഉണ്ടാകും.
അത് പരിശോധിച്ച് കോടതി തീരുമാനിക്കും സംസ്ഥാന മുഖ്യമന്ത്രിയുടെ പങ്ക് ആര്, എങ്ങനെ അന്വേഷിക്കണമെന്ന്. അത് നിര്‍ണായക തീരുമാനമാകും. അതുവരെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിയാവശ്യത്തില്‍ നില്‍ക്കുമോ, സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുമോ എന്നാണിനി കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: