തിരുവനന്തപുരം : ഡോക്ടര്‍മാര്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയത് തിരുത്തി നല്‍കിയതാണ്. എന്നാല്‍ സാങ്കേതിക പിഴവ് സംഭവിച്ച് പഴയ ഉത്തരം തന്നെ അപ്ലോഡ് ചെയ്യുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ എംഎല്‍എ മാത്യൂ കുഴല്‍നാടനാണ് സഭയില്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ തന്റെ മറുപടി നല്‍കിയതില്‍ സാങ്കേതിക പിഴവ് സംഭവിക്കുകയായിരുന്നു. പുതിയ ഉത്തരം നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഡോക്ടര്‍മാര്‍ക്കെതിരെ അടുത്തിടെ നിരവധി തവണ ആക്രമണങ്ങള്‍ ഉണ്ടാവുകയും സംസ്ഥാനത്ത് ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇത് പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടും ഇതുവരെ വിഷയം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ വീണ ജോര്‍ജ് ഇന്ന് നിയമസഭയില്‍ നല്‍കിയത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമങ്ങള്‍ തടയാന്‍ പുതിയ നിയമനിര്‍മാണം ഉണ്ടാകുമോ എന്നായിരുന്നു എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ ചോദ്യം. ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാനത്ത് ഇപ്പോഴുള്ള നിയമങ്ങള്‍ പര്യാപ്തമാണ്. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രിയുടെ മറുപടിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: