കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ആക്ടിംഗ് ധനകാര്യമന്ത്രി ഖാലിദ് പയേന്ദ രാജിവെച്ച ശേഷം രാജ്യം വിട്ടു. അഫ്ഗാന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് രാജിയെന്ന് പറയുന്നു.
മന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യം വിട്ടതായി സ്ഥിരീകരിക്കുന്ന ഒരു കത്ത് ധനകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. യുഎസ് സേന പിന്‍വാങ്ങിയതോടെ താലിബാന് ആക്രമണം കടുപ്പിച്ച് ഒമ്പത് നഗരപ്രവിശ്യാ തലസ്ഥാനങ്ങള്‍ കീഴടക്കുന്ന സന്ദര്‍ഭത്തിലാണ് മന്ത്രിയുടെ നാട് വിട്ടോടിപ്പോകല്.
പകരം ആലം ഷാ ഇബ്രാഹിമിയെ ധനകാര്യമന്ത്രിയുടെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. സാധാരണക്കാരെ ആക്രമിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയും സ്കൂളുകള്‍ അടക്കുകയും ചെയ്യുകയാണ്.
അതിനിടെ താലിബാന് പത്താമത്തെ നഗരപ്രവിശ്യയായ മസര്‍ ഇ ഷെറീഫ് കൂടി പിടിക്കാനുള്ള കടുത്ത യുദ്ധത്തിലാണ്. അഫ്ഗാനിസ്ഥാന്‍കാരുടെ മനോവീര്യം കൂട്ടാന്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘാനി മസര്‍ ഇ ഷെറീഫില്‍ എത്തിയെങ്കിലും താലിബാന് ഈ നഗരപ്രവിശ്യയെ വളഞ്ഞുകഴിഞ്ഞു. മസര്‍ ഇ ഷെറീഫ് കൂടി കീഴടക്കിയാല്‍ വടക്കന്‍ അഫ്ഗാന് നഗരങ്ങളുടെ നിയന്ത്രണം താലിബാന് ഏറ്റെടുക്കും.
രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ താലിബാനോടും അഫ്ഗാന് സേനയോടും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബചെലെറ്റ് അഭ്യര്‍ത്ഥിച്ചു. ജൂലായ് 9ന് ശേഷം നാല് അഫ്ഗാന് നഗരങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 180 പേര് കൊല്ലപ്പെടുകയും 1,180 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തതായും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: