വാഷിങ്ടൺ: ലോകത്തിന് ഞെട്ടലുണ്ടാക്കി യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ രഹസ്യ വെളിപ്പെടുത്തല്‍. ഇത് പ്രകാരം അടുത്ത 90 ദിവസത്തിനകം അഫ്ഗാന് സര്‍ക്കാരിന്റെ ശക്തികേന്ദ്രമായ തലസ്ഥാനനഗരമായ കാബൂള്‍ വീഴുമെന്നാണ് പേര് വെളിപ്പെടുത്താനിഷ്ടപ്പെടാത്ത ഏതാനും രഹസ്യസേന ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
അമേരിക്കന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങി ആറ് മാസം മുതല്‍ ഒരു വര്‍ഷത്തിനകം അഫ്ഗാന് സര്‍ക്കാര്‍ വീഴുമെന്ന് നേരത്തെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. താലിബാന്റെ കരുത്തിന് മുന്നില്‍ യുഎസ് സഹായമില്ലാതെ പിടിച്ചുനില്ക്കാന് അഫ്ഗാന് സര്‍ക്കാരിനാവില്ലെന്ന് യുഎസ് രഹസ്യസേന നേരത്തെ വിലയിരുത്തിയിട്ടുണ്ട്.
എന്നാല്‍ ഈ വീഴ്ച നേരത്തെയാകുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എന്നാല്‍ യുഎസ് സേനയെ അഫ്ഗാനില്‍ നിന്നും പിൻവലിച്ച നടപടിയിൽ ഖേദിക്കുന്നില്ലെന്നും താലിബാനെ നിയന്ത്രിക്കേണ്ടത് അഫ്ഗാന് സര്‍ക്കാരാണെന്നുമുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്തായാലും അമേരിക്കന്‍ സേന അഫ്ഗാന് സര്‍ക്കാരിനെയും അവിടുത്തെ ജനതയെയും വഴിതെറ്റിച്ചുവെന്ന ആരോപണം വ്യാപകമായി ഉയരുന്നുണ്ട്. യുഎസ് എംബസിയെയും കാബൂൾ വിമാനത്താവളത്തെയും സംരക്ഷിക്കാൻ നിലനിർത്തിയ സൈന്യത്തെ ഒഴിച്ച് അഫ്ഗാനിലെ മുഴുവൻ യുഎസ് പട്ടാളത്തെയും അമേരിക്ക പിൻവലിച്ചിരുന്നു.
താലിബാന് തീവ്രവാദികള്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അത് കാര്യക്ഷമമല്ലെന്ന് താലിബാന് സേനയുടെ മുന്നേറ്റം വ്യക്തമാക്കുന്നു. ഗ്രാമപ്രവിശ്യകളെല്ലാം നേരത്തെ കീഴടക്കിയ താലിബാന് ഇപ്പോള്‍ എട്ട് നഗരപ്രവിശ്യകളും പിടിച്ചുകഴിഞ്ഞു. 11 പ്രവിശ്യാ തലസ്ഥാനങ്ങൾ വരുതിയിലാക്കുമെന്നാണ് താലിബാന്റെ ഭീഷണി. ഭൂപ്രദേശത്തിന്റെ 65 ശതമാനവും ഭീകരർ കൈവശപ്പെടുത്തിയെന്നാണ് വിവരം.
മുപ്പത് ദിവസത്തിനുള്ളിൽ തലസ്ഥാനമായ കാബൂളിനെ ഒറ്റപ്പെടുത്തുമെന്നും 90 ദിവസത്തിനുള്ളിൽ മുഴുവനായും താലിബാൻ കൈക്കലാക്കുമെന്നുമാണ് കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: