കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ വിവാദമായ നെപ്പോളിയന് എന്ന വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കി. റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 53(1എ) പ്രകാരമാണ് നടപടി.
ഇത് കൂടാതെ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ ഇ- ബുള്‍ ജെറ്റിന്റെ രണ്ട് കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു. കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി കലാപം ആഹ്വാനം ചെയ്തതിനാണ് ആലപ്പുഴയിലും, കൊല്ലത്തും കേസെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ യുവാക്കള്‍ യുക്തിരഹിതമായി പെരുമാറരുതെന്നും ഇളങ്കോ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാറില്‍ വെച്ച് നിയമ ലംഘനം നടത്തിയ സംഭവത്തില്‍ പോലീസ് പ്രാഥമിക പരിശോധന തുടങ്ങി കഴിഞ്ഞു. വിഡിയോകളില്‍ ചിലത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലായതിനാല്‍ ഇതു സംബന്ധിച്ച് യൂട്യൂബിന് റിപ്പോര്‍ട്ട് നല്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്. ഇതുവരെ അപ്ലോഡ് ചെയ്ത വിഡിയോകള്‍ മുഴുവന്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിങ് റിക്വസ്റ്റ് നല്‍കിയിട്ടുണ്ട്. കേരളത്തിന് പുറത്ത് യാത്ര ചെയ്ത സമയത്ത് ആംബുലന്‍സ് സൈറണ്‍ ഉപയോഗിച്ച് അതിവേഗം കടന്നുപോകുന്നതും ടോള്‍ നല്‍കാതെ പോയതും പത്രപ്രവര്‍ത്തകരാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പ്രസ് സ്റ്റിക്കര്‍ ഉപയോഗിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഉള്‍പ്പെടെ മുഴുവന്‍ വിഡിയോകളും പരിശോധിക്കും.
പോലീസിന്റെയോ മോട്ടോര്‍ വാഹനവകുപ്പിന്റെയോ നടപടികള്‍ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാ പൗരന്മാര്ക്കും അവകാശമുണ്ട്. തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം. അതിനു പകരം നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും നിയമപാലകരെ അധിക്ഷേപിക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതു ശരിയല്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
പോലീസ് സ്റ്റേഷന് ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയതില്‍ 18 വയസ്സില്‍ താഴെയുള്ളവരും ഉണ്ട്. ഇവര്‍ക്കെതിരെ ജുവനൈല്‍ നിയമപ്രകാരം നടപടി ഉണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സംഘം ചേരലിന് ആഹ്വാനം നല്‍കിയത് ആരാണെന്ന കാര്യവും പരിശോധിക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.
പോലീസ് മര്‍ദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്. ഇക്കാര്യം അവര്‍ തന്നെ അപ്ലോഡ് ചെയ്ത വിഡിയോയില്‍നിന്നു തന്നെ വ്യക്തമാണ്. അറസ്റ്റ് നടപടികള്‍ മാധ്യമങ്ങളും പോലീസും വീഡിയോ എടുത്തിട്ടുണ്ട്. ഇവരുടെ ഫോളോവര്‍മാര്‍ പ്രചരിപ്പിക്കുന്ന വിഡിയോകളുടെ തമ്പ്നെയിലില്‍ പോലീസ് മര്‍ദ്ദിക്കുന്ന തരത്തിലുള്ള ചില ചിത്രങ്ങളുണ്ട്. എന്നാല്‍ വിഡിയോയില്‍ ഇതില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡിയോ തയാറാക്കി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് സഹോദരന്മാര്ക്കെതിരെ കേസെടുത്തത്. വ്ളോഗര്‍മാര്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടില്ലെന്ന് തെളിഞ്ഞാല്‍ ആ വകുപ്പ് എടുത്തു മാറ്റും. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത ഇരുവരും ഇപ്പോള്‍ കണ്ണൂര്‍ സബ് ജയിലിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: