ഒളിംപിക്സിന് കൊടിയിറങ്ങുന്നു. ഈ അവസരത്തില്‍ ഒളിംപിക് വേദിയില്‍ പങ്കെടുക്കുകയും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത എല്ലാവര്ക്കും അഭിനന്ദനം അറിയിക്കുന്നു. ഒരിക്കലും നമ്മളാല്‍ സാധ്യമാകില്ല എന്ന് പലരും ധരിച്ചിരുന്ന നേട്ടമാണ് ലോക കായിക വേദിയില്‍ തങ്ങളുടെ പ്രതിഭയും കഴിവും കൊണ്ട് അവര്‍ നേടിയെടുത്തത്.
ഈ ഒളിംപിക് വേദിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ വനിതകളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുകയാണ്. അവര്‍ ഇന്ന് പലര്‍ക്കും റോള്‍ മോഡലുകള്‍ ആകുകയാണ്. ഈ വനിതകള്‍ ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സ്പോര്‍ട്സിനുള്ള വിഘ്നങ്ങളെ മറികടക്കുകയും വരുന്ന തലമുറകള്‍ക്ക് മാതൃകകളും പ്രചോദനങ്ങളും ആയി മാറി സാമൂഹ്യമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയുമാണ്. ഈ രാഷ്ട്രത്തിലെ ദശകോടികള്‍ വരുന്ന സ്ത്രീകളുടെ പേരില്‍ ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും നന്ദി പറയുകയാണ്.
സുശക്തരായ വനിതാ മാതൃകകള്‍ക്ക് ഒരു കാലത്തും ഭാരതത്തില്‍ ഒരു കുറവും ഉണ്ടായിരുന്നിട്ടില്ല. ഋഷികളായി മാറിയ ഗാര്‍ഗ്ഗിയും മൈത്രേയിയും മുതല്‍ ആയുധമെടുത്ത് ഭാരതാംബയ്ക്ക് വേണ്ടി പോരാടിയ റാണി ലക്ഷ്മി ഭായിയും, ഒനക്കേ ഒബാവ്വയും, കിറ്റൂര്‍ ചെന്നമ്മയും മുതല്‍ കായിക രംഗത്തെ ഐക്കണുകളായ സൈനാ നേവാളും, പി.വി സിന്ധുവും, സാനിയാ മിര്‍സയും മേരീ കോമും തുടങ്ങി അനവധിപേരും കല്‍പ്പനാ ചൗളയെ പോലുള്ള ബഹിരാകാശ യാത്രികരും ഒക്കെ അതിനുദാഹരണങ്ങളായുള്ള ഭാരതീയ സ്ത്രീത്വ പ്രതീകങ്ങളാണ്.
ഇന്ത്യന്‍ സമൂഹത്തിന്റെ അസ്ഥിത്വം എന്ന് പറയുന്നത് തന്നെ സ്ത്രീകളാണ്. സ്ത്രീയും സ്ത്രീത്വവും ആരാധിക്കപ്പെടുന്ന ചുരുക്കം സാംസ്കാരികതകള്‍ മാത്രമേ ലോകത്തുള്ളൂ. അത്തരം സാംസ്കാരികതയാണ് നമ്മുടേത് എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം. ഇന്നത്തെ ഇന്ത്യന്‍ സ്ത്രീത്വം എന്നത്തേക്കാളും അധികം ശക്തമാണ്. കാരണം വൈവിധ്യങ്ങളായ മേഖലകളില്‍ സുശോഭിക്കുകയും ഒപ്പം കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുകയും നമ്മള് ചെയ്യുന്നു. അതിലേറ്റവും എടുത്ത് പറയേണ്ടത് വീട്ടമ്മമാരെയാണ്. പാടിപ്പുകഴ്ത്തപ്പെടാതെ പോകുന്ന ഹീറോകള്‍ ആണ് അവര്‍..
ഈ അവസരത്തില്‍ ഒരു പ്രത്യേക വിഷയത്തെ അഭിസംബോധന ചെയ്ത് തന്നെ സംസാരിക്കണം എന്ന് ആഗ്രഹിക്കുകയാണ്. മറ്റൊന്നുമല്ല പെണ്‍കുട്ടികളും സ്ത്രീകളും സമൂഹത്തില്‍ ഇരകളാണ് എന്ന വിഷയത്തെ. നമ്മള് പീഡിപ്പിക്കപ്പെടുന്നവരും, അടിച്ചമര്‍ത്തപ്പെടുന്നവരും, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരും ആണെന്ന വിഷയത്തെ കുറിച്ച്. ഇത് നിഷേധിക്കാന്‍ എനിക്ക് സാധിക്കില്ല. ചില സ്ഥലങ്ങളില്‍ ഇത് ഇങ്ങനെ തന്നെ സംഭവിക്കുന്നുണ്ട്. പക്ഷേ ദുര്‍ഗ്ഗയെ ആരാധിക്കുന്ന ഈ സമൂഹത്തില്‍ ആ ദുര്‍ഗ്ഗയെ ഉള്‍ക്കൊള്ളാനും അതിനുപരിയായി വളര്‍ന്നു കയറാനും സ്ത്രീകള്‍ക്ക് കഴിയണം. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ പൗരാണിക ഭാരതത്തിന്റെ സ്വഭാവമല്ലായിരുന്നു എന്നും ചരിത്രത്തില്‍ നിന്ന് പിന്തുടര്ന്ന് വന്ന ധാരാളം മാതൃആധിപത്യ സമൂഹങ്ങളും നമുക്കിടയില്‍ തന്നെ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും മറക്കരുത്.
വ്യക്തിപരമായി സംസാരിക്കുകയാണെങ്കില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഇന്ന് സ്ത്രീകള്‍ കടന്നു പോകേണ്ടതായി വരുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും എനിക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെ എനിക്ക് ഇന്ത്യന്‍ രക്ഷകര്‍ത്താക്കളോട് പറയാനുള്ളത് അവര്‍ ആണ്‍കുട്ടികള്‍ക്ക് അവരുടെ മേഖലകളില്‍ വളര്‍ന്നു പോകാന്‍ എത്രമാത്രം പിന്തുണ നിങ്ങള്‍ നല്കുന്നുവോ അത്രയും തന്നെ പെണ്‍കുട്ടികള്‍ക്കും നല്‍കണം. നമ്മുടെ സാംസ്കാരിക മൂല്യങ്ങളെ ചേര്‍ത്ത് നിര്‍ത്തിയും പടിഞ്ഞാറന്‍ പാശ്ചാത്യതയെ അനുകരിക്കാതെ സ്വന്തം സ്വത്വത്തില്‍ ഊന്നി നിന്നും നമുക്കത് ചെയ്യാനാകും.
ഒട്ടനവധി അത്ഭുതകരങ്ങളായ നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ കഴിയുന്ന കഴിവുറ്റ വ്യക്തിത്വങ്ങള്‍ തന്നെയാണ് നമ്മുടെ സ്ത്രീകള്‍. ആ കഴിവുകളെ പിന്തുണയ്ക്കുവാന് കഴിയുന്ന മാതാപിതാക്കളും ഭര്ത്താക്കന്മാരും ഉണ്ടാകണം.
സുശക്തമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നമുക്ക് ചുറ്റും തിരഞ്ഞാല്‍ ഒട്ടനവധി വിജയിച്ച സ്ത്രീ മാതൃകകളെ കാണാന്‍ കഴിയുന്നത്രയും സുശക്തമാണ് നമ്മുടെ സമൂഹം. അവര്‍ നമ്മുടെ രാഷ്ട്രത്തിലെ മുഴുവന്‍ വനിതകളെയും മാനസികമായ പ്രതിബന്ധങ്ങളെ തകര്‍ത്തെറിയാനും, ഓരോ ദിവസവും കൂടുതല്‍ മികച്ചത് ചെയ്യാനും പ്രചോദിപ്പിക്കുന്ന ഹീറോകളുമാണ്.
അതോടൊപ്പം ഓരോ വനിതകളോടും ഞാന്‍ ഒരു കാര്യം കൂടി പറയുവാനും ആഗ്രഹിക്കുന്നു. ഒരു അമ്മയേയോ സഹോദരിയേയോ പോലെ നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് പിന്തുണയുമായ് ഞാന്‍ എന്നും ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: