കാബൂള്‍: വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ തലോക്വാന്‍ നഗരം പിടിച്ച് താലിബാന്. ഇതോടെ താലിബാന് അഞ്ച് പ്രവിശ്യാനഗരങ്ങളുടെ തലസ്ഥാനങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. വെറും ദിവസങ്ങള്‍ക്കുള്ളിലാണ് താലിബാന് നഗരപ്രദേശങ്ങളും കീഴടക്കുന്നത്.
ടഖാര്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് തലോക്വാന്‍. യുഎസ് സേന പുര്‍ണ്ണമായും അഫ്ഗാനില്‍ നിന്നും പിന്മാറിയതോടെയാണ് താലിബാന് കാര്യങ്ങള്‍ എളുപ്പമായത്. നേരത്തെ ഗ്രാമപ്രവിശ്യകള് മുഴുവനായി കീഴടക്കിയിരുന്ന താലിബാന് ഇപ്പോള്‍ അവശേഷിക്കുന്ന നഗരപ്രവിശ്യകളും കീഴടക്കി മുന്നേറുകയാണ്.
ആദ്യം ഇറാന്-അഫ്ഗാന് അതിര്‍ത്തിപ്രദേശമായ നഗരപ്രവിശ്യയുടെ തലസ്ഥാനമായ സാറഞ്ച് കീഴടക്കിക്കൊണ്ടായിരുന്നു നഗരത്തിലേക്കുള്ള താലിബാന്റെ കടന്നുകയറ്റം തുടങ്ങിയത്. തൊട്ടുപിന്നാലെ തുര്‍ക്മെനിസ്ഥാന്‍ അതിര്‍ത്തിയിലുള്ള നഗരപ്രവിശ്യയുടെ തലസ്ഥാനമായ ഷെര്ബെര്ഗനും കീഴടക്കി. ഞായറാഴ്ച വടക്കന്‍ അഫ്ഗാനിസ്ഥാനിലെ 3.75 ലക്ഷം പേര് താമസിക്കുന്ന കുണ്ടുസ് പിടിച്ചു. അതിന് പിന്നാലെ സാര്‍ ഇ പുളും പിടിച്ചു.
താലിബാന്റെ മുന്നേറ്റം തടയാന്‍ യുഎസ് വ്യോമാക്രമണം നടത്തുന്നുവെങ്കിലും ഫലപ്രദമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: