തിരുവല്ല: തിരുവല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വകാര്യ വസ്തുവില്‍ അര്‍ദ്ധരാത്രി കയ്യേറ്റം നടത്തി സിപിഎം പ്രവര്‍ത്തകര്‍. ആക്രമണം തടയാനെത്തിയ ഉടമയെ സംഘം വെട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു. അര്‍ദ്ധരാത്രി 11.30 ഓടെയായിരുന്നു സംഭവം. മാരകായുധങ്ങളുമായി എത്തിയ 25 ഓളം പേരാണ് ആക്രമിച്ചതെന്ന് വീട്ടുക്കാര് പറഞ്ഞു.
രമണന് (71) എന്നയാളാണ് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. രമണന്റെ മകനും ഗര്‍ഭിണിയായ മരുമകള്‍ക്കും മര്‍ദ്ദനമേറ്റു. രമണന്റെ വസ്തുവിലെ മതില് പൊളിച്ച സിപിഎം പ്രവര്‍ത്തകര്‍ ഭൂമിയിലുള്ള മരങ്ങളും വെട്ടിമുറിച്ചു. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്ന് വീട്ടുകാര്‍ പറയുന്നു.
സംഭവം നടന്ന വീട്ടില്‍ നിന്നും അഞ്ചു വീട് അകലെയുള്ള ഒരു വീട്ടിലേക്ക് വഴി ചോദിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമോ മറ്റും ഉണ്ടായിരുന്നില്ലെന്ന് വീട്ടുക്കാര് പറയുന്നു. ഇതിനെ തുടര്‍ന്നാണ് കാറില്‍ മാരകായുധങ്ങളുമായി ഒരു സംഘം ഇന്നലെ രാത്രി എത്തിയത്. അയല്‍വാസികള്‍ തിരിക്കിയപ്പോള്‍ വഴിതര്‍ക്കം ഉള്ള വീട്ടില്‍ വന്നതാണെന്നും അറിയിച്ചു.
വീട്ടുക്കാര് ഉറങ്ങാന്‍ കിടന്നശേഷം ജെസിബി അടക്കമുള്ള വാഹനങ്ങളുമായി ഒരു സംഘം എത്തി മതില് പൊളിച്ചു. പ്രദേശത്തേക്കുള്ള വൈദ്യൂതി ബന്ധം വിച്ഛേദിച്ചതിനു പിന്നാലെയാണ് അതിക്രമം നടന്നത്. വീട്ടുടമ ജനറേറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ മതില്‍പൊളിക്കുന്നതാണ് കണ്ടത്. നിരവധി വാഹനങ്ങളുമായാണ് ആക്രമണ സംഘം എത്തിയത്. ഗേറ്റ് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചതിനെതിരെ പ്രതികരിക്കാന്‍ ശ്രമിച്ച് കുടുബാഗങ്ങള്‍ നേരെ സംഘം നാടന്‍ ബോംബെറിയുകയായിരുന്നെന്ന് വീട്ടുക്കാര് പറഞ്ഞു. രമണന്റെ മരുമകള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തുന്നതിനു മുന്നേ തന്നെ സംഘം വഴിവെട്ടിക്കഴിഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.
അയല്‍വാസികള്‍ക്ക് മൂന്നടി വീതിയില്‍ വഴി നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാലടി സ്ഥലം നല്കിയിട്ടാണ് മതില് പണിതതെന്ന് വീട്ടുകാര്‍ പറയുന്നു. എന്നിട്ടും വഴിക്ക് വീതി കൂട്ടി നല്‍കണമെന്ന് പറഞ്ഞ് വീണ്ടും തര്‍ക്കമുന്നയിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. അതേസമയം പോലീസ് എത്തിയ ശേഷമാണ് സ്ഥലത്ത് എത്തിയതെന്നും തനിക്ക് ഈ വിവരത്തെ കുറിച്ച് അറിവില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു വിശദികരിച്ചു.
എന്നാല്‍ സംഭവ സ്ഥലത്തുനിന്നും ഒരു വടിവാള്‍ കണ്ടെടുത്തു. തുടക്കം മുതല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും തിരിച്ചറിയാവുന്ന മൂന്നു പേര് സി.പി.എം പ്രവര്‍ത്തകരാണെന്നു വീട്ടുടമയുടെ മകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: