ചവറ: കായലോരങ്ങളെ ശബ്ദമുഖരിതമാക്കിയിരുന്ന തൊണ്ടുതല്ല് പുതുതലമുറയുടെ കണ്മുന്നില് നിന്നും മായുന്നു. തൊഴിലും വരുമാനവുമില്ലാതെ ഓണത്തെ വരവേല്ക്കേണ്ട അവസ്ഥയിലാണ് കയര്‍ മേഖലയിലെ തൊഴിലാളികള്‍. ജില്ലയിലെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്കിയ കയര്‍ മേഖല വലിയ പ്രതിസന്ധിയിലാണ്. കയര്‍ വ്യവസായത്തോടും തൊഴിലാളികളോടും സര്‍ക്കാര്‍ അവഗണന തുടരുകയാണ്.
കയര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കായി കയറിന്റേയും കയറുല്‍പ്പന്നങ്ങളുടേയും അന്തര്‍ദേശീയനിലവാരമുളള കേന്ദ്രം ചവറയില്‍ സ്ഥാപിക്കുമെന്ന മുന്‍സര്‍ക്കാരുകളുടെ വാഗ്ദാനം പണ്ടാളി. ഫൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ പൂട്ടി. ഒറ്റമുറി ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
‘ചവറ, പന്മന, തേവലക്കര ചകിരി കൊണ്ട് പിഴയ്ക്കണം’ എന്ന നാട്ടുചൊല്ല് ഈനാടിന്റെ ജീവിതവും അവകാശവുമായിരുന്നു. റാട്ടും പിരിപ്പും തല്ലും കുരുക്കും കെട്ടുമൊക്കെയായി സജീവമായിരുന്ന കയര്‍ മേഖല ഇന്ന് ആളും ആരവവുമില്ലാത്ത ഓര്‍മയാകുന്നു.
കയര്‍ നിര്‍മാണം കേരളത്തിലെ തന്നെ പ്രധാന കുടില്‍ വ്യവസായങ്ങളില്‍ ഒന്നായിരുന്നു. വീടുകളിലെ തൊണ്ട് കായലില്‍ കെട്ടിത്താഴ്ത്തി ചീയുമ്പോള്‍ കരയ്ക്കെത്തിച്ചാണ് കയര്‍ നിര്‍മാണം നടത്തിയിരുന്നത്. തൊണ്ടു തല്ല് സ്ത്രീ തൊഴിലാളികളാണ് ഏറ്റെടുത്തിരുന്നത്. നാട്ടിന്‍പുറങ്ങളില്‍ രണ്ടു കതിരുള്ള ഇരുപ്പുവണ്ടിയും ഒരു കതിരുള്ള നടവണ്ടിയും അച്ചും ഉപയോഗിച്ച് മൂന്ന് തൊഴിലാളികള്‍ ചേര്‍ന്നാണ് കയറുണ്ടാക്കിയിരുന്നത്.
കയര്‍ സംഘങ്ങളില്‍ ആലപ്പാടന്‍, മങ്ങാടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കയറാണ് ജില്ലയിലെ കയര്‍ നിര്‍മാണ കേന്ദ്രമായിരുന്ന ചവറയില്‍ കൂടുതലായും നിര്‍മിച്ചിരുന്നത്. മുകുന്ദപുരം, ചാമ്പക്കടവ്, കുറ്റിവട്ടം, ചിറ്റൂര്‍, മുല്ലക്കേരി, പൊന്മന, തെക്കുംഭാഗം, തേവലക്കര, ചെറുശ്ശേരിഭാഗം, പാലക്കടവ്, വട്ടത്തറ, കുരിശുംമൂട്, അരിനെല്ലൂര്‍, പുത്തന്‍സങ്കേതം, നീണ്ടകരയിലെ കായല്‍ത്തീരങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി കയര്‍ പിരി കേന്ദ്രങ്ങളും സംഘങ്ങളും സജീവമായിരുന്നു.
എന്നാല്‍ ഇന്ന് സംഘങ്ങളും കളങ്ങളും പലയിടങ്ങളിലും പൂട്ടി. ഒരുക്ക്, പിരിപ്പ്, കറക്ക്, വളയല്‍, കെട്ട് എന്നിങ്ങനെയായിരുന്നു ഒരു വണ്ടിക്കളത്തിലെ തൊഴിലാളികളുടെ തിരിവ്. നാലു പൂട്ടു മുതല്‍ 25 പൂട്ടുവരെ ഉണ്ടായിരുന്ന വീടുകളും വണ്ടിക്കളങ്ങളും ഇന്നില്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: