ഗുവാഹത്തി: അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു. മിസോറാമിനെതിരെ സാമ്പത്തിക തടസ്സം സൃഷ്ടിയ്ക്കാനായി ലൈലാപൂരില്‍ ഉയര്‍ത്തിയ തടസ്സം അസം മന്ത്രിമാര്‍ നീക്കി. ഇതോടെ മിസോറാമിലേക്കുള്ള ഗതാഗതം സുഗമമായി.
അസം മന്ത്രിമാരായ പരിമള്‍ സുകല്ബൈദ്യയും അശോക് സിംഗാളുമാണ് ലൈലാപൂര്‍ വഴി അസമില്‍ നിന്നും മിസോറാമിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കിയത്. കചാര്‍ പൊലീസ് ഡപ്യൂട്ടി കമ്മീഷണറോടൊപ്പം മന്ത്രിമാര്‍ ശനിയാഴ്ച മുഴുവന്‍ നേരവും സമയം ചെലവഴിച്ചാണ് ലൈലാപൂര്‍ വഴിയുള്ള ചരക്ക് നീക്കം സൂഗമമാക്കിയത്.
അസമില്‍ ആറ് പൊലീസുകാരും ഒരു സാധാരണപൗരനും അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുള്ള വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ സമാധാനം സൃഷ്ടിക്കാന്‍ ആരും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അസം മന്ത്രി സിംഗാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മിസോറാമിലെ ആഭ്യന്തരമന്ത്രി ലാല്‍ചംലിയാന പൂര്‍ണ്ണപിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മന്ത്രിമാരും ജനങ്ങളോട് അനാവശ്യപ്രശ്നങ്ങളുയര്ത്തി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. മിസോറാം റൂട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഇവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എംപിമാരുമായി സംസാരിച്ച് ഒരു സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് അതിര്‍ത്തിത്തര്‍ക്കം തീര്‍ക്കാനെടുത്ത തീരുമാനം പ്രശ്നമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: