ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തുവെന്ന് പാര്‍ട്ടി. മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിയുംവിധം ട്വീറ്റ് ചെയ്തത് വിവാദമായതിനിടെയാണിത്. ‘രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. പുനഃസ്ഥാപിക്കാനുള്ള നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
അതുവരെ മറ്റൊരു സമൂഹമാധ്യമ ഇടത്തിലൂടെ അദ്ദേഹം നിങ്ങളുമായി ബന്ധപ്പെടുകയും ജനങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും അവരുടെ പ്രശ്നങ്ങള്‍ക്കായി പോരാടുകയും ചെയ്യും. ജയ് ഹിന്ദ്’- ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെ കോണ്‍ഗ്രസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ട്വീറ്റ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
ബുധനാഴ്ച പെണ്‍കുട്ടിയുടെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ‘മാതാപിതാക്കളുടെ കണ്ണീര് ഒന്ന് മാത്രമാണ് പറയുന്നത്. അവരുടെ മകള്‍, രാജ്യത്തിന്റെ മകള്‍ നീതി അര്‍ഹിക്കുന്നു. നീതിക്കുവേണ്ടിയുള്ള വഴിയില്‍ ഞാന്‍ അവര്‍ക്കൊപ്പം’ എന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ വിവരങ്ങള്‍ പങ്കുവച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ അടിയന്തര നടപടിയെടുക്കാന്‍ ദല്‍ഹി പൊലീസിനോടും ട്വിറ്ററിനോടും ദേശീയ ബാലാവകാശ കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. ബാലനീതി നിയമത്തിന്റെയും പോക്സോയുടെയും ലംഘനമാണെന്നും ബാലവകാശ കമ്മിഷന് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: