മംഗലാപുരം: കേരളത്തിലെ ഐഎസ് മൊഡ്യൂളുമായി ബന്ധപ്പെട്ട് രണ്ടു പേര് കൂടി അറസ്റ്റില്‍. മംഗലാപുരത്തിനടുത്ത് ഭട്കല് സ്വദേശി സുഫ്രി ജവ്ഹര്‍ ദാമുദി, സഹായി അബു ഹാജിര്‍ അല്‍ ബാദ്രി എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇതോടെ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആറായി.
മംഗലാപുരം സ്വദേശി അമ്മര്‍ അബ്ദുള്‍ റഹ്മാന്, ബെംഗളൂരു സ്വദേശി ശങ്കര്‍ വെങ്കടേഷ് പെരുമാള്‍ എന്ന അലി മുവിയ, ജമ്മു കശ്മീരിലെ ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി ഹസന് ഭട്ട് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. നിരന്തരമായ പ്രസംഗങ്ങളിലൂടെയും വീഡിയോകള്‍ കാട്ടിയും യുവാക്കളെ ഭീകരതയിലേക്ക് വഴിതിരിച്ചുവിടുക, ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷം മുന്‍പാണ് കേരളത്തിലെ ഐഎസ് മൊഡ്യൂള്‍ എന്‍ഐഎ കണ്ടെത്തിയത്. ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ അക്കൗണ്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തിലേറെ അംഗങ്ങളുണ്ട്. മൊഡ്യൂളിന്റെ തലവന്‍ മലപ്പുറം സ്വദേശി മുഹമ്മദ് അമീന്, സഹായികളായ സുഷാബ് അന്‍വര്‍ (കണ്ണൂര്‍), കൊല്ലം സ്വദേശി റഹീസ് റഷീദ് എന്നിവരെ നേരത്തെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു.
സുഫ്രി ജവ്ഹര്‍ ദാമുദി, സഹായി അബു ഹാജിര്‍ അല്‍ ബാദ്രി എന്നിവരെ 2020 ഏപ്രില്‍ മുതല്‍ എന്‍ഐഎ അന്വേഷിച്ചുവരികയായിരുന്നു. വോയിസ് ഓഫ് ഹിന്ദ് എന്ന ഓണ്‍ലൈന്‍ മാധ്യമം വഴിയാണ് ഇവര്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: