സംസ്ഥാനത്ത് രണ്ടാമത്തെ വലിയ വ്യവസായ മേഖലയെന്നാണ് കഞ്ചിക്കോട് അറിയപ്പെടുന്നത്. വ്യവസായങ്ങളുടെ എണ്ണത്തില്‍ ഒന്നാമതാണ്. എന്നാല്‍ വ്യവസായങ്ങള്‍, അത് ചെറുതും വലുതുമാകട്ടെ കഞ്ചിക്കോട് വഴി തമിഴ്നാട്ടിലേക്ക് ചേക്കേറുകയാണ്. കേരളത്തിന്റെ വ്യവസായ തകര്‍ച്ചയുടെ ആഴമറിയാന്‍ കഞ്ചിക്കോട് വന്നാല്‍ മതി.
മൂന്നരപ്പതിറ്റാണ്ട് മുമ്പാണ് കഞ്ചിക്കോട് വ്യവസായ മേഖല രൂപം കൊള്ളുന്നത്. നൂറുകണക്കിന് വന്‍കിട-ചെറുകിട കമ്പനികള്‍ ഇവിടെ ആരംഭിച്ചു. ആയിരക്കണക്കിന് തൊഴിലാളികളുടെ ആശ്രയ കേന്ദ്രമായി. എന്നാല്‍ ഇതൊക്കെ പഴയ കഥ. വ്യവസായങ്ങള്‍ ഓരോന്നായി പൂട്ടുകയോ അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറുകയോ ചെയ്തു. ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പുരുക്കു വ്യവസായങ്ങള്‍ ഉണ്ടായിരുന്നത് കഞ്ചിക്കോട്ടായിരുന്നു. എന്നാലിന്ന് അവയുടെ എണ്ണം 15ലേക്ക് ചുരുങ്ങി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്പിന്നിങ് മില്ലുകള്‍ ഉണ്ടായിരുന്നതും കഞ്ചിക്കോട്ട്തന്നെ. കാലത്തിന്റെ കുത്തൊഴുക്കില്‍ പലവിധ കാരണങ്ങളാലും ഇന്നവ നാമാവശേഷമായി. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെയുള്ള വ്യവസായികളുടെ കൂട്ടായ്മയാണ് കഞ്ചിക്കോട്ടുള്ളത്. വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി, റോഡ് എന്നിവ വ്യവസായ മേഖല രൂപംകൊള്ളുമ്പോഴുള്ള അതേ അവസ്ഥയിലാണിന്നും. വൈദ്യുതി രംഗത്ത് രാജ്യത്തൊട്ടാകെ വന്‍ വളര്‍ച്ചയുണ്ടായപ്പോള്‍ കഞ്ചിക്കോട് അതുണ്ടായില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി സ്ഥിതിഗതികള്‍ രൂക്ഷമാണ്. ജിഎസ്ടി, നോട്ടുനിരോധനം എന്നിവയെല്ലാം മേഖലയുടെ തകര്‍ച്ചക്ക് കാരണങ്ങളായി ഫോറം ചൂണ്ടിക്കാട്ടി. അതേസമയം ജിഎസ്ടി, വ്യവസായികളെ സംബന്ധിച്ചിടത്തോളം ഏറെ നല്ലതാണെങ്കിലും കാര്യങ്ങള്‍ പഠിച്ച് അവധാനതയോടെ നടപ്പാക്കേണ്ടതായിരുന്നുവെന്നാണ് അഭിപ്രായം. സ്ഥലമെടുപ്പിലെ പ്രശ്നങ്ങളും നടത്തിപ്പിനെ സാരമായി ബാധിക്കുന്നു. നേരത്തെ 99 വര്‍ഷത്തെ പാട്ടകാലാവധിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 30 വര്‍ഷമായി ചുരുക്കിയിരിക്കുന്നു. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടും ഏറെയാണ്.
കമ്പനിയുടമകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, തൊഴിലാളി പ്രതിനിധികള്‍ എന്നിവരുടെ സഹകരണമുണ്ടെങ്കില്‍ പ്രവര്‍ത്തനം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം സെക്രട്ടറി കിരണ്‍ പറയുന്നത്. എന്നാല്‍ പലപ്പോഴും ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നുമില്ല.
റോഡില്ല, കറന്റുകട്ടും
വ്യവസായ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് യാതൊരു പ്രാധാന്യവുമില്ല. റോഡുകളുടെ അറ്റകുറ്റപ്പണിപോലും നടക്കുന്നില്ല. കഞ്ചിക്കോട്ടെ റോഡുകളുടെ സ്ഥിതി അതീവ ദയനീയമാണ്. ഏറെക്കാലത്തെ മുറവിളിക്കു ശേഷമാണ് ഉള്‍ഭാഗത്തെ റോഡുകള്‍ അറ്റുകുറ്റപണി ചെയ്തത്. എന്നാലിന്നവ തകര്‍ന്നുതുടങ്ങി. അമിതഭാരവുമായി വരുന്ന വാഹനങ്ങള്‍ക്ക് അനുകൂലമല്ല റോഡുകളുടെ നിര്‍മാണം. അതിനാല്‍ത്തന്നെ തകര്‍ച്ച വേഗത്തിലാണ്.
ഇവിടെ ലോഡ്ഷെഡ്ഡിംഗ് ഇല്ലാത്ത ദിവസമില്ല. വൈദ്യുതി തകരാറുകാരണം ധനനഷ്ടം ഏറെയാണ്. ഒരുമിനിറ്റായാലും ഒരു മണിക്കൂറായാലും വൈദ്യുതവിതരണം തടസപ്പെട്ടാല്‍ അത് ഒരുപാട് മേഖലകളെയാണ് ബാധിക്കുന്നത്. ഇതുമൂലം പല കമ്പനികളുടെയും ചരമഗീതം എഴുതി. പുതിയ സബ്സ്റ്റേഷന് നിര്‍മാണത്തിനായി രണ്ടുകോടി രൂപയുടെ പ്രൊജക്ട് നല്‍കിയെങ്കിലും എവിടെയുമെത്തിയില്ല. പല തട്ടിലും ചര്‍ച്ചകള്‍ നടന്നു.
ഏകദേശം ആറായിരത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു. എന്നാല്‍ അവര്‍ക്കുവേണ്ട യാതൊരു സൗകര്യങ്ങളും ഇവിടെയില്ല. കേവലം 600 പേര്‍ക്ക് താമസിക്കുവാനുള്ള ‘അപ്നാ ഘര്‍’ മാത്രമാണ് ഇവിടെയുള്ളത്.
മാരിക്കോ, പെപ്സി, ബ്രിസ്റ്റോ തുടങ്ങിയ പ്രമുഖ കമ്പനികളാണ് അടുത്തിടെ അടച്ചുപൂട്ടിയത്. മാരിക്കോ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കിയതിനുശേഷമാണ് പ്ലാന്റ് തമിഴ്നാട്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ബജറ്റില്‍ കുപ്പിവെള്ളത്തിന്റെ വില കുറച്ചതുമൂലമുള്ള നഷ്ടത്തെത്തുടര്‍ന്നാണ് പെപ്സി പൂട്ടിയത്. കിറ്റെക്സിന്റെ ഒരുശാഖ കഞ്ചിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നഷ്ടത്തെത്തുടര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് പൂട്ടി.
തൊഴിലാളികള്‍ക്ക് പലതിലും ആനുകൂല്യം ഇനിയും ലഭിച്ചിട്ടില്ല. ഇരുമ്പുരുക്ക് കമ്പനികളുടെ എണ്ണവും നാമമാത്രമായി. വ്യവസായാന്തരീക്ഷത്തിന് അനുകൂലമായ സ്ഥിതിയല്ല ഇന്ന് കഞ്ചിക്കോട്ടുള്ളത്. കൊട്ടിഘോഷിച്ച ടെക്സറ്റൈല്‍ പാര്ക്കിന് ഏറ്റെടുത്ത 350 ഏക്കര്‍ തരിശായി കിടക്കുന്നു. കോച്ചുഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം വേറെ. അതു കാടുപിടിച്ചുകിടക്കുന്നു. കോച്ചുഫാക്ടറി വരില്ലെന്നും ഏറെക്കുറെ ഉറപ്പായി. വ്യവസായ വകുപ്പിന്റെ നൂലാമാലകളില്‍പ്പെട്ട കമ്പനികളുടെ സ്ഥലം വേറെ.
വ്യവസായങ്ങളുടെ പുരോഗതിക്കായി ഏകജാലക സംവിധാനം വരുമെന്ന പ്രതീക്ഷയിലാണ് കിഫ്. പണം മുടക്കാന്‍ വ്യവസായികള്‍ തയ്യാറാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയാണെന്ന് ഇന്‍ഡസ്ട്രീസ് ഫോറം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിയിലാണ് വ്യവസായികള്‍ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതിനായി പുതുശ്ശേരിയില്‍ 1200 ഉം ഒഴലപ്പതി, കണ്ണമ്പ്ര എന്നിവിടങ്ങളില്‍ 350 ഉം ഏക്കര്‍ വീതം സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളില്‍ നിന്നുള്ള സ്ഥലമേറ്റെടുപ്പില് പരിസ്ഥിതി ആഘാത പ്രശ്നമില്ലെന്ന് വിദഗ്ധസമിതി വിലയിരുത്തിയിട്ടുള്ളത് ആശ്വാസപ്രദമാണ്.
അതിര്‍ത്തികടക്കുന്നു
ഏകദേശം 1400 ഏക്കര്‍ ഭൂവിസ്തൃതിയുള്ള കഞ്ചിക്കോട്വ്യവസായമേഖലയില് നിന്ന് വ്യവസായങ്ങള്‍ അതിര്‍ത്തി കടക്കുകയാണ്. കേരളത്തില്‍ വ്യവസായങ്ങള്‍ പൂട്ടുന്നതിന് പല കാരണങ്ങളുണ്ട്. വ്യവസായ സൗഹൃദാന്തരീക്ഷമെന്ന് പറയുന്നുണ്ടെങ്കിലും അത് കടലാസില്‍ ഒതുങ്ങുന്നു. തൊഴിലാളി യൂണിയനുകളുയര്ത്തിയ ആവശ്യങ്ങളാണ് വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടാന്‍ കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുവാനോ പരിഹരിക്കുവാനോ യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് തകര്‍ച്ചക്കുള്ള കാരണങ്ങളെന്ന് കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം (കിഫ) അഭിപ്രായപ്പെടുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒരു പുതിയ വ്യവസായം പോലും ഉണ്ടായില്ലെന്ന് മാത്രമല്ല, പലതും അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. പ്രത്യേകിച്ച് തമിഴ്നാട്ടിലേക്ക്. ഭൂമിയുടെ വിലക്കുറവ്, വേണ്ടത്ര തൊഴിലാളികള്‍, വേതനം കുറവ്, സര്‍ക്കാരിന്റെ അനുകൂല അന്തരീക്ഷം എന്നിവയെല്ലാം വ്യവസായികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുകയാണ്. കഞ്ചിക്കോട് നിന്ന് 25 കി.മീ. മാത്രം അകലെയാണ് കോയമ്പത്തൂര്‍. നിത്യേന ആയിരക്കണക്കിന് ആളുകളാണ് കോയമ്പത്തൂര്‍ പോയിവരുന്നത്.
വ്യവസായികളോട് പുറംതിരിഞ്ഞ് നില്ക്കുന്ന കേരളമല്ല വ്യവസായികളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഭൂമിക്ക് വില വളരെ കുറവാണെന്നുള്ളതാണ് ഏറ്റവും ആകര്‍ഷകം. വൈദ്യുതി മുടങ്ങാതെ ലഭിക്കും. വ്യവസായങ്ങളുടെ കൈപിടിച്ചുയര്‍ത്തുന്നതാണ് സര്‍ക്കാറിന്റെയും ജനങ്ങളുടെയും സമീപനം.
ഷൊര്‍ണൂരില്‍ സ്ഥിതി ദയനീയം
ജില്ലയിലെ മറ്റൊരു വ്യവസായ മേഖലയായ ഷൊര്‍ണൂരിലെ ചെറുകിട വ്യവസായ മേഖലയുടെ സ്ഥിതിയും പരമദയനീയമാണ്. കേരളത്തിന്റെ ”ഷെഫീല്‍ഡ് ” എന്ന പദവിയാണ് ഷൊര്‍ണൂരിന് ഉണ്ടായിരുന്നത്. നാലായിരത്തിലധികം ആളുകള്‍ ഇതിനെമാത്രം ആശ്രയിച്ച് ജീവിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇരുമ്പുരുക്ക് കമ്പനികള്‍ തുരുമ്പെടുത്തു തുടങ്ങി. ചിലതുമാത്രം നഷ്ടം സഹിച്ചും ഓടുന്നു.
കത്രിക, മടവാള്, ചട്ടുകങ്ങള്‍, കത്തി, കൈക്കോട്ട്, പിക്കാസ്, മഴു, അരിവാള്‍ തുടങ്ങിയവയുടെ ഉല്പാദനം ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് ഷൊര്‍ണൂരിലായിരുന്നു. മെറ്റല്‍ ഇന്‍ഡസ്ട്രീസ് എന്ന സംസ്ഥാന പൊതുമേഖലാ കമ്പനിയടക്കം സിംകോ, ശ്രീനാരായണ തുടങ്ങിയ വലിയ കമ്പനികളും ഷൊര്‍ണൂരിലെ ഇരുമ്പു വ്യവസായ പട്ടികയിലുണ്ട്. കുളപ്പുള്ളി കേന്ദ്രമായുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മാത്രം 600ഓളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര കൂടാതെ നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഷൊര്‍ണൂരിന്റെ കാര്‍ഷികോല്‍പ്പന്ന വിപണിയായിരുന്നു. എന്നാല്‍ ആധുനികവല്‍ക്കരണം വന്നതോടെ പുതിയ യന്ത്രങ്ങളെത്തി, തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. അതിനാല്‍ പരമ്പരാഗത തൊഴിലുപകരണങ്ങളുമായുള്ള കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
കൊവിഡ് ഇരുട്ടടിയായി
തകര്‍ച്ചയിലായ കഞ്ചിക്കോടിന് കൊവിഡ് മറ്റൊരു ഇരുട്ടടിയായി. കൊവിഡ് തുടക്കത്തിലെ അസംസ്കൃത വസ്തുക്കളുടെ വരവ് നിലച്ചതോടെ വ്യവസായ മേഖല മാന്ദ്യത്തിലായിരുന്നു. ലോക്ഡൗണ്‍ ആയതോടെ കുറഞ്ഞത് 2000 കോടിയുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്.
കൊവിഡ് പ്രതിരോധത്തിനുള്ള എന്‍95 മാസ്ക്, പ്രതിരോധ ഫെയ്സ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ നിര്‍മ്മിക്കാന്‍ വ്യാപകമായ ആസൂത്രണമുണ്ടായിരുന്നെങ്കില്‍ കഞ്ചിക്കോട്ട് അത് പുതിയ ഉണര്‍വായി മാറുമായിരുന്നു. എന്നാല്‍ അത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതിയും ആവിഷ്കരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: