ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനുള്ള ചെലവിന് പത്തു കോടി രൂപ നീക്കിവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല. ക്വാറന്റീനില്ലാതെ യാത്ര ചെയ്യാന്‍ ഓക്സ്ഫോര്‍ഡ്-അസ്ട്രസെനക വാക്സിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിന് ചില രാജ്യങ്ങളില്‍ ഇതുവരെ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് സഹായം.
‘വിദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രിയപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളേ, ക്വാറന്റീനില്‍ കഴിയാതെ യാത്ര ചെയ്യാനുള്ള അംഗീകൃത വാക്സിനായി കോവിഷീല്‍ഡിനെ ചില രാജ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് പണച്ചെലവുണ്ടായേക്കാം. ഇതിനായി ഞാന്‍ പത്തുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ താഴെ അപേക്ഷിക്കുക’.-വ്യാഴാഴ്ച രാവില ചെയ്ത ട്വീറ്റില്‍ അദാര്‍ പൂനവാല അറിയിച്ചു.
വാര്‍ത്താ ചാനല്‍ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗ് പദ്ധതിയിലേക്ക് പൂനവാല ഒരു ദശലക്ഷം പൗണ്ട് സംഭവാന നല്‍കിയിരുന്നു. യുകെയില്‍ ചുവപ്പുപട്ടികയില്നിന്ന് ആംബറിലേക്ക് ഇന്ത്യ എത്തിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പത്തുദിവസം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. വാക്സിന് പൂര്‍ണമായി സ്വീകരിച്ചവരെ യുകെ, യൂറോപ്യന്‍ യൂണിയന്, യുഎസ് എന്നിവടങ്ങളില്‍ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫൈസര്‍, മൊഡേണ, അസ്ട്രാസെനക, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരമുള്ളത്. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മുപ്പതിലധികം രാജ്യങ്ങളില്‍ വാക്സിന് അംഗീകാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: