കോട്ടയം: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ അരുവികളില്‍ മുങ്ങിമരണം തുടര്‍ക്കഥയായതോടെ, വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സുര ക്ഷ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. മാര്‍മല, വേങ്ങത്താനം അരുവികളില്‍ അടുത്തിടെ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചതോടെയാണ് ഈ മേഖലകളില്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്.
മാര്‍മലയില്‍ കഴിഞ്ഞദിവസം നേവി ഉദ്യോഗസ്ഥനായ അഭിഷേക് കുമാറാണ് മുങ്ങിമരിച്ചത്. വേങ്ങത്താനം വെള്ളച്ചാട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയായ അഹദ് ബിന്‍ ഷാജിയും(20) അടുത്തിടെ മുങ്ങിമരിച്ചിരുന്നു. മതിയായ സുരക്ഷാ ബോര്‍ഡുകള്‍ ഒന്നും തന്നെ ഈ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളില്‍ ഉണ്ടാ യിരുന്നില്ല.
കട്ടിക്കയം, അരുവിക്കച്ചാല്‍, കോട്ടത്താവളം അരുവികളിലും വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല. പ്രദേശത്തെ ജനപ്രതിനിധികള്‍ പലതവണ ഇക്കാര്യങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനോട് അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമീപ ജില്ലകളില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങള്‍ ആയിട്ടും തികഞ്ഞ അവഗണനയാണ് ഉണ്ടാകുന്നത്.
നീന്തല്‍ അറിയാം എന്ന ആത്മവിശ്വാസത്തിലാണ് പലരും അരുവികളിലും വെള്ള ച്ചാട്ടത്തിലും ഇറങ്ങുന്നത്. എന്നാല്‍ അരുവികളിലെ ചെറുതും വലുതുമായ പാറക്കെട്ടുകള്‍ ആണ് അപകടം സൃഷ്ടിക്കുന്നത്. പാറക്കെട്ടുകളില്‍ വഴുതി വീണും ചുഴികളില്‍ പെട്ടുമാണ് അപകടങ്ങളുണ്ടാവുന്നത്. കിഴക്കന്‍ മേഖലകളില്‍ അടിക്കടി ശക്തമായ മഴ പെയ്യുന്നതും വെല്ലുവിളിയാണ്.
പെട്ടെന്നുണ്ടാകുന്ന മഴ ജലനിരപ്പില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. വഴുക്കല്‍ ഉള്ള പാറക്കെട്ടുകള്‍ ആണ് ഇവിടെയുള്ളത്. ഇതാണ് അപരിചിതരായ യാത്രക്കാര്‍ പെട്ടെന്ന് അപകടത്തില്‍പെടാന്‍ കാരണം. ഏറെക്കാലമായി ഇതേ സാഹചര്യം തുടര്‍ന്നിട്ടും വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമാകുന്നത്. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള മേഖലകളില്‍ അപകടം തുടര്‍ക്കഥ ആകുന്നത് ടൂറിസത്തിനും തിരിച്ചടിയാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെ, മുന്നറിയിപ്പ് സൂചന ബോര്‍ഡുകളും, സംരക്ഷണ വേലികളും സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ടൂറിസം വകുപ്പിനും നിരവധി പ്രൊജക്ടുകള്‍ സമര്‍പ്പിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്.
നിരന്തരമായി ഉണ്ടാകുന്ന അപകടമരണങ്ങള്‍ ഒഴിവാക്കുന്നതിന് ജനപ്രതിനിധികളുടെയും, തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ഡിടിപിസി എന്നിവരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ജനപ്രതിനിധികള്‍ മുന്നോട്ടു വെക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: