മൂന്നാര്‍: ദുരന്തം ഉരുള്‍പൊട്ടലായി ഒഴുകിയെത്തിയ പെട്ടിമുടി ദുരന്തത്തിന് നാളെ ഒരാണ്ട്. 2020 ആഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് കേരളത്തെ തന്നെ നടുക്കിയ പ്രകൃതി ദുരന്തമുണ്ടായത്.
കണ്ണന്‍ദേവന്‍ തേയില പ്ലാന്റേഷനിലെ നയമക്കാട് എസ്റ്റേറ്റിലെ രാജമലക്ക് സമീപമുള്ള പെട്ടിമുടി ഡിവിഷണിലെ ലയങ്ങള്‍ക്ക് മേല്‍ ആണ് ഉരുള്‍പൊട്ടിയുള്ള കല്ലും മണ്ണും വന്നടിഞ്ഞത്. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും 70 പേര് മരിക്കുകയും ചെയ്തു. ഇതില്‍ നാല് പേരുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും 18 കുട്ടികളും ഉള്‍പ്പെടും.
കനത്തെ മഴയെ തുടര്‍ന്ന് തൊഴിലാളികളില്‍ പലരും ഉറക്കം പിടിച്ചപ്പോഴാണ് ദുരന്തം കല്ലിന്റെയും മണ്ണിന്റെയും രൂപത്തില്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തിയതെന്നും അപകടത്തിന്റെ തീവ്രത കൂട്ടി.
ദുരന്തഭൂമി ഇന്ന് കാട് പിടിച്ച് പ്രേതഭൂമിയായി മാറിയിരിക്കുകയാണ്. 85 കുടുംബങ്ങള്‍ താമസമുണ്ടായിരുന്ന ഡിവിഷനില്‍ ഇന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് അധിവസിക്കുന്നത്. 8 കുടുംബങ്ങള്‍ പുതിയ വീടും നിര്‍മിച്ച് നല്കി.
ഒന്നര കിലോ മീറ്ററോളം ദൂരെ മലമുകളില്‍ നിന്നാണ് ഉരുള്‍പൊട്ടല്‍ ആരംഭിച്ചത്. ഇത് വെള്ളമൊഴുകുന്ന ചെറിയ ചാലിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകി വലിയ പ്രവാഹമായി താഴേക്ക് പതിക്കുകയായിരുന്നു. കരിന്തിരിയാറി(പെട്ടിമുടി പുഴ)ന്റെ തീരത്ത് ഉണ്ടായിരുന്ന രണ്ട് വലിയ ലയങ്ങളും രണ്ട് ചെറിയ ലയങ്ങളുമാണ് അപകടത്തില്‍ തകര്‍ന്നത്.
സ്ഥലത്ത് വലിയ തോതില്‍ വന്‍ പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞു. തിരിച്ചിലിനായി കൊവിഡ് മറന്നും നാടൊന്നിച്ചപ്പോള്‍ വലിയ പങ്കുവഹിച്ച് സേവാഭാരതിയും മുന്‍നിരയില്‍ തന്നെ തുടര്‍ന്നു. ഓരോ ദിവസവും മണ്ണിനടയില്‍ നടത്തിയ തെരച്ചിലില്‍ ഹൃദയഭേദകമായ കാഴ്ചകളാണ് കാണാനായത്. ഇത് കേരളത്തെ തന്നെ ഈറനണിയിച്ചു. അപകടത്തില്‍പ്പെട്ട പാതിയോളം പേരുടെ മൃതദേഹം പുഴയില്‍ നടത്തിയ തെരച്ചിലിലാണ് കെണ്ടത്തിയത്. 14 കിലോ മീറ്റര്‍ വരെ ദൂരത്തില്‍ എട്ടടിയിലധികം ഉയരമുള്ള മരത്തില്‍ നിന്നടക്കം മൃതദേഹങ്ങള്‍ ലഭിച്ചു. നീണ്ട 18 ദിവസത്തിന് ശേഷമാണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തെരച്ചില്‍ അവസാനിപ്പിച്ചത്. മരിച്ചവരെയെല്ലാം സമീപത്തെ മൈതാനത്താണ് സംസ്കരിച്ചത്. ഇന്ന് അവിടെ കണ്ണന് ദേവന് കമ്പനി സ്മാരകം പണിതുകൊണ്ടിരിക്കുകയാണ്.
സ്ഥലത്ത് മൊബൈല്‍ റേഞ്ചില്ലാത്തതും പെരിയവര പാലം തകര്‍ന്നതുമാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. പ്രദേശവാസികള്‍ നടന്ന് രാജമലയിലെ വനംവകുപ്പ് ഓഫീസിലെത്തിയാണ് വിവരം പുറംലോകത്തറിയിച്ചത്. മരിച്ചവരുടെ ബന്ധുക്കളടക്കം നിരവധി പേര് പ്രാര്‍ത്ഥനയും ചടങ്ങുമായി നാളെ സ്ഥലത്തെത്തും.
മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല
അപകടത്തില്‍ മരിച്ച ഇനിയും കണ്ടെത്താനുള്ള നാല് പേരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ദിനേഷ് കുമാര്‍(22), പ്രിയദര്‍ശിനി(7), കസ്തൂരി(26), കാര്‍ത്തിക(21) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവരുടെ മരണം സ്ഥിരീകരിച്ച് റവന്യൂ ഉത്തരവ് വരാത്തതാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: