നെടുങ്കണ്ടം. കരുണാപുരം പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് മെമ്പര്‍മാർ അവതരിപ്പിച്ച അവിശ്വാസപ്രമേയം ബിഡിജെഎസ് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ പാസായി. ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനെതിരെ നൽകിയ അവിശ്വാസ പ്രമേയത്തിൽ പ്രസിഡന്റിനെതിരെയുള്ള പ്രമേയം ചർച്ചക്ക് എടുത്ത് വോട്ടിനിട്ടപ്പോൾ എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് വിജയിച്ചത്.
എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് തുല്യ കക്ഷിനിലയുള്ള പഞ്ചായത്തിൽ യുഡിഎഫിന് അനുകൂലമായി ബിഡിജെഎസ് സ്വതന്ത്ര അംഗമായ പി.ആർ.ബിനു അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. നിലവിലുള്ള പ്രസിഡന്റ് വിന്‍സി വാവച്ചന്റെയും വൈസ് പ്രസിഡന്റ് കെ.ടി സാലിയുടെയും കെടുകാര്യസ്ഥതയും ഏകാധിപത്യ നടപടികളും മൂലം പദ്ധതികള്‍ നടപ്പിലാക്കുന്നതിനോ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ സാധിക്കുന്നില്ലെന്നും സ്ഥിരം സമിതികളെ നോക്കുകുത്തികളാക്കി ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്നതായും കാണിച്ചാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്.
. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം നാളെ ചർച്ചക്ക് എടുക്കും. വൈസ് പ്രസിഡന്റ് അവിശ്വാസത്തിലൂടെ പുറത്തായാൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ പ്രസിഡന്റിന്റെ ചുമതല വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: