കുണ്ടറ: കല്ലടയില്‍ യുവതി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പോലീസ് പരസ്പരം ആരോപണം ഉന്നയിക്കുന്നതായി ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയും സിഐയും വ്യക്തമായ മറുപടിയല്ല നല്‍കുന്നത്. അന്വേഷണത്തിന്റെ ചുമതല ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിനാണെന്നും അന്വേഷണ ഫയലുകള്‍ അദ്ദേഹത്തിന് കൈമാറിയെന്നും കിഴക്കേകല്ലട സിഐ മഹേഷ്പിള്ള പറഞ്ഞു. എന്നാല്‍ ഫയലുകള്‍ ലഭിച്ചില്ലെന്നും അന്വേഷണ ഫയലുകള്‍ ലഭിച്ചെങ്കില്‍ മാത്രമേ തനിക്ക് അന്വേഷണം ആരംഭിക്കാന്‍ കഴിയുള്ളൂവെന്നും ചില തെളിവെടുപ്പുകള്‍ കൂടി പൂര്‍ത്തിയായ ശേഷമേ ഫയലുകള്‍ ലഭ്യമാകൂ എന്നും ഡിവൈഎസ്പി രാജ്കുമാര് പറയുന്നു.
സംഭവ ദിവസം മുതല്‍ പോലീസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കും വിധമാണ് ഇപ്പോഴത്തെ പോലീസിന്റെ സമീപനം. ഭര്‍ത്താവ് സൈജുവിന്റെ ഇടതു രാഷ്ട്രീയ ബന്ധങ്ങളുടെ പിന്‍ബലത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും ഇതിന് പോലീസ് കൂട്ടുനില്‍ക്കുന്നതായുമാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ 29നായിരുന്നു പുത്തൂര്‍ പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാര്‍ ശശികല ദമ്പതികളുട മകള്‍ രേവതി കൃഷ്ണന് ആറ്റില്‍ ചാടി മരിച്ചത്.
ഭര്‍ത്തൃഗൃഹമായ കല്ലട നിലമേല്‍ സൈജു ഭവനത്തില്‍ താമസിച്ചുവരികയായിരുന്ന രേവതി ഇവിടെനിന്നാണ് ആത്മഹത്യചെയ്യാനായി പോയത്. മകളുടെ മരണത്തില്‍ സൈജുവിനും ബന്ധമുണ്ട്. അല്ലെങ്കില്‍ തന്റെ മകള്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൈജു ശ്രമിച്ചിരുന്നെങ്കില്‍ അവള് ഇന്നും ജീവിക്കുമായിരുന്നുവെന്നും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്നും രേവതിയുടെ മാതാവ് ശശികല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: