വെട്ടിക്കവല: ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ പാതിരാത്രിയില്‍ നടത്തിയ അതിക്രമത്തിന്റെ ഞെട്ടലിലാണ് വെട്ടിക്കവലയിലെ ഒരു കുടുംബം. വെട്ടിക്കവല, അദ്വൈതത്തില്‍ സതീഷ് കുമാര്‍, ഭാര്യ സരിത ഇവരുടെ രണ്ടു മക്കള്‍ എന്നിവര്‍ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. ആറ് പേരടങ്ങുന്ന സംഘം ഗേറ്റ് ചാടിക്കടന്ന് വീടിന് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചെങ്കിലും ഇവര്‍ പോകാന്‍ തയ്യാറായില്ല.
അതിശക്തമായി കതകിന് തട്ടിവിളിച്ച് വടിയുമായി ഭീഷണിപ്പെടുത്തിയോടെ കൊച്ചുകുട്ടികളും ഭാര്യയുമടങ്ങുന്ന കുടുബം ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ബന്ധുക്കള്‍ സ്ഥലത്തെത്തിയതോടെ വാതില്‍ തുറന്ന സതീഷിന്റെ വീട്ടിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു. പോലിസിന്റെ പെട്രോളിങ്ങ് സംഘവുമെത്തി. ഇതോടെയാണ് ഗേറ്റ് ചാടിയെത്തിയതും പോലീസുകാരാണെന്ന് മനസ്സിലായത്. എന്തിനായിരുന്നു പരിശോധനയെന്ന് വ്യക്തമാക്കാതെയാണ് വീട്ടിലെത്തിയവര്‍ സ്ഥലം വിട്ടത്.
എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മനസ്സിലായിട്ടില്ല. വര്‍ഷങ്ങളായി ബാംഗ്ലൂരിലായിരുന്ന സതീഷും കുടുംബവും അടുത്തിടെയാണ് വെട്ടിക്കവലയില്‍ താമസമാക്കിയത്. രാത്രിയിലുണ്ടായ പോലീസ് നടപടി കുടുംബത്തെ മാനസികമായും ശാരീരികമായും തളര്‍ത്തിയതായി സതീഷും അധ്യാപികയായ ഭാര്യ സരിതയും പറയുന്നു. എന്ത് പരിശോധനയുടെ പേരിലായാലും അസമയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ കുടുംബം റൂറല്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ചില കേസുമായി ബന്ധപ്പെട്ട് മറ്റു സ്റ്റേഷന് പരിധിയിലെ പോലീസുകാര്‍ വീട് മാറി കയറിയതാകാമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: