ശാസ്താംകോട്ട: നാലര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിമാനപകടത്തില്‍ മരിച്ചു പോയന്നു കരുതിയ മകന് മുന്നിലെത്തിയപ്പോള്‍ വൃദ്ധമാതാവിന് ആനന്ദ കണ്ണുനീര്. തൊണ്ണൂറ്റിയഞ്ച് വയസുള്ള അമ്മയുടെ മനസില്‍ 45 വര്‍ഷമായി കത്തി എരിഞ്ഞിരുന്ന വേദനയുടെ കനല് കെട്ടടങ്ങി.
മൈനാഗപ്പള്ളി വേങ്ങ പടനിലത്ത് തെക്കതില്‍ വീടിന്റെ പൂമുറ്റത്താണ് അപൂര്‍വ സമാഗമം നടന്നത്. യൂനസ് കുഞ്ഞിന്റെയും ഫാത്തിമ്മാ ബിവിയുടെയും എട്ടു മക്കളില്‍ മൂന്നാമനായ സജാദ് ആണ് നാലര പതിറ്റാണ്ടിനു ശേഷം സ്വന്തം വീട്ടിലെത്തിയത്. സജാദ് മുബൈയിലുണ്ടെന്ന വിവരം അറിഞ്ഞ് അനുജന്മാരായ മുഹമ്മദ്കുഞ്ഞ്, റഷീദ്, സഹോദരി പുത്രന് സലീമും മുംബൈയിലെത്തി വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു.
നേത്രവതി എക്സ്പ്രസില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് സജാദ് കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇവിടെ നിന്ന് വീട്ടിലേക്ക് എത്തിയ സജാദിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. 1971 ലാണ് സജാദ് തങ്ങള്‍ ജോലി തേടി ദുബയിലേക്കു പോയത്. സജാദിന്റെ നേതൃത്വത്തില്‍ വിദേശത്ത് കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സജാദ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരവെ മലയാളി താരം റാണി ചന്ദ്രയും ഉറ്റകൂട്ടുകാരന് സുധാകരനും ഉള്‍പ്പെടെ 96 പേര് വിമാന അപകടത്തില്‍ മരിച്ചു.
വിമാനത്തില്‍ ടിക്കറ്റെടുത്തിരുന്ന സജാദ് അവസാന സമയം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന സജാദ് വിദേശത്തു നിന്ന് മടങ്ങി മുംബൈയിലെത്തി. ആരെയും ബന്ധപ്പെടാതെ 45 വര്‍ഷം പല തൊഴില്‍ ചെയ്തു ജീവിച്ചു. മാനസികമായി തകര്‍ന്ന സജാദിനെ അനാഥരെ സംരക്ഷിക്കുന്ന സീല്‍ ആശ്രമം രണ്ടു വര്‍ഷം മുന്‍പ് ഏറ്റെടുത്തു. ഇവിടുത്തെ പരിചരണത്തില്‍ ഓര്‍മകള്‍ വീണ്ടെടുത്ത സജാദ്, ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ആശ്രമ അധികൃതരോട് പങ്കിട്ടു. ഇതോടെയാണ് പുതു ജീവിതത്തിന്റെ വാതില്‍ സജാദിനു മുന്പില് തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: