കാബൂള്‍: അഫ്ഗാന്റെ മണ്ണില്‍ ചൈനക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് താലിബാന്. അഫ്ഗാനിസ്ഥാന് കൈപ്പിടിയിലൊതുക്കാന്‍ ചൈനയില്‍ നിന്നും എല്ലാവിധ സഹായവും തേടിയതിന് പിന്നാലെയാണ് താലിബാന് നിലപാട് വ്യക്തമാക്കിയത്. അതേ സമയം അഫ്ഗാനിസ്ഥാനെ മറ്റ് രാജ്യങ്ങളുടെ സുരക്ഷയ്ക്കെതിരായി ഉപയോഗിക്കില്ലെന്നും അവര്‍ ചൈനയ്ക്ക് ഉറപ്പ് നല്കി.
ഇതോടെ ഇന്ത്യ ഭയപ്പെടുന്ന ചൈന-താലിബാന്-പാകിസ്ഥാന് അച്ചുതണ്ട് രൂപപ്പെടാനുള്ള കളമൊരുങ്ങുകയാണ്. ഏകദേശം അഫ്ഗാനിസ്ഥാന്റെ ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 85 ശതമാനത്തോളം താലിബാന് കയ്യടക്കിക്കഴിഞ്ഞു. ഇനി കാബുളും മറ്റ് രണ്ട് നഗരങ്ങളും കീഴടക്കിക്കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാന് ഭരണം താലിബാന്റെ കൈകളിലാവും. എന്നാല്‍ ഈ നഗരങ്ങളില്‍ നല്ല സൈനിക ശക്തിയുള്ള അഫ്ഗാന് സേന താലിബാന്റെ മുന്നേറ്റത്തെ ശക്തമായി ചെറുക്കുകയാണ്.
ഇക്കാര്യത്തില്‍ യുഎസും വ്യോമാക്രമണത്തിന് അഫ്ഗാനിസ്ഥാന് സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിന്റെ കടിഞ്ഞാണ്‍ കയ്യാളാന്‍ വേണ്ടി ആക്രമണം നടത്തിയ താലിബാന് സേനയുടെ 262 തീവ്രവാദികളെ അഫ്ഗാന് സേന വധിച്ചിരുന്നു. 176 താലിബാന് തീവ്രവാദികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന് മണ്ണില്‍ നിന്നും യുഎസ് സേന പൂര്‍ണ്ണമായു പിന്‍വാങ്ങിയശേഷം ഇതാദ്യമായാണ് താലിബാന് തീവ്രവാദികള്‍ക്ക് ഇത്രയും വലിയ തിരിച്ചടി കിട്ടിയത്. ഈ പശ്ചാത്തലത്തിലാണ് അവശേഷിക്കുന്ന കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കൂടി കീഴടക്കാന്‍ താലിബാന് ചൈനയുടെ സഹായം തേടുന്നത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ഉറപ്പിച്ചുകഴിഞ്ഞാല്‍ മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ താലിബാന് സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് താലിബാന് നേതാവ് മുല്ല ബറദാര്‍ അഖുണ്ഡ് ചൈനക്ക് ഉറപ്പ് നല്കി. ഉയ്ഗുര് മുസ്ലിങ്ങളെ ശക്തമായി അടിച്ചമര്‍ത്തുകയാണ് ചൈന. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം എത്തിയാല്‍ ഉയ്ഗുര് മുസ്ലിങ്ങളുടെ തീവ്രവാദ പ്രസ്ഥാനത്തിന് അഫ്ഗാനിസ്ഥാനില്‍ തണലൊരുങ്ങുമോ എന്ന ഭയം ചൈനയ്ക്കുണ്ട്. ചൈനയുടെ ഈ ഭയം നീക്കാനാണ് മൂന്നാമതൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ താലിബാന് അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കില്ലെന്ന ഉറപ്പ് ചൈനയ്ക്ക് നല്‍കിയത്.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരിച്ചപ്പോള്‍ അല്‍ക്വെയ്ദ, ഹര്‍കത്ത് ഉല് അന്‍സര്‍, ഹുജി ബംഗ്ലദേശ് തുടങ്ങിയ തീവ്രവാദഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ പരിശീലന ക്യാമ്പ് തുറന്നിരുന്നു. പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ ത്വയിബയും പരിശീലനകേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ലോകമെമ്പാടുമുള്ള ആഗോള ജിഹാദിനെയും അന്ന് താലിബാന് ഭരണം സ്പോണ്സര് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: