ശ്രീനഗര്‍: പുല്‍വാമ ഭീകാരാക്രമണത്തിന്റെ സൂത്രധാരന്‍ മുഹമ്മദ് ഇസ്മയില്‍ അല്‍വിയെ സൈന്യം വധിച്ചു. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവായ ഇയാളെ കാശ്മീരിലെ ഏറ്റമുട്ടലിലാണ് സുരക്ഷാസേന വധിച്ചത്. 49 സിആര്‍പിഎഫ് ജവാന്മാര് ആയിരുന്നു 2019-ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭീകരരും സുരക്ഷാസനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ പിന്നീട് പൊലീസ് പുറത്തുവിടുകയായിരുന്നു.
ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ കൂടിയാണ് മരിച്ച മുഹമ്മദ് ഇസ്മയില്‍ അല്‍വി. 2018 മുതല്‍ ഇയാള്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. യുവാക്കളെ അടക്കം ജയ്ഷെ മുഹമ്മദിന്റെ ഭാഗമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. താലിബാനില്‍നിന്ന് ഉള്‍പ്പെടെ ബോംബ് നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു. സുരക്ഷാ സേനയ്ക്കു നേരെ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ അല്‍വിയാണെന്ന് ജമ്മു കാശ്മീരിര്‍ പൊലീസ് പറയുന്നു.
പുല്‍വാമ ആക്രമണത്തിനായി ബോംബ് നിര്‍മിച്ചതും സ്ഫോടക വസ്തുക്കള്‍ അടക്കം എത്തിച്ചതും ഇയാളെന്നാണ് അന്വേഷണത്തിലെ എന്‍ഐഎയുടെ കണ്ടെത്തല്‍. കുറ്റപത്രത്തില്‍ അല്‍വിയെ പ്രതിചേര്‍ത്തിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ മുഹമ്മദ് ഇസ്മയില്‍ അല്‍വിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സൈന്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട നേട്ടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: