തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം മേഖല യൂണിയന്റെ അധികാരം സിപിഎം പിടിച്ചതിന് പിന്നാലെ ടോണ്‍ഡ് മില്‍ക്ക് പാലിന്റെ വില 25 രൂപയായി വര്‍ദ്ധിപ്പിച്ചു. ഹോമോജനൈസ്ഡ് ടോണ്‍ഡ് പാല് 525 എംഎല് എന്ന പേരില്‍ കവര്മാറ്റി വിപണിയില്‍ ഇറക്കിയ പാലിന്റെ നേരത്തെയുള്ള വില 23 രൂപയായിരുന്നുവെന്ന് മില്‍മ മുന്‍ മേഖലാ യൂണിയന് മുന്‍ ചെയര്മാന് കല്ലട രമേശ് പറഞ്ഞു.
ഓരോ കവറിലും 25 മില്ലി വീതം വര്‍ദ്ധിപ്പിച്ച് ഓരോ കവറിലും അളവ് 500ല്‍ നിന്നും 525 മില്ലി ആയി വര്‍ദ്ധിപ്പിച്ചു എന്നതാണ് വില കൂടുന്നതിന് കാരണമായി മില്‍മ ന്യായീകരിക്കുന്നതിന്. ഇപ്രകാരം അധികമായി നല്കുന്ന 25 മില്ലി പാലിന് കേവലം ഒരു രൂപ 15 പതിനഞ്ചു പൈസ മാത്രമാണ് മില്‍മയ്ക്ക് അധികം ചെലവ് വരുന്നത്.
എന്നാല്‍, ഒരു ലിറ്റര്‍ പാലിന് നാലു രൂപ വില വര്‍ദ്ധിപ്പിച്ച് അതിലൂടെ ഒരു ലിറ്റര്‍ പാലിന് ഒരു രൂപ എഴുപത് പൈസ വളഞ്ഞ വഴിയിലൂടെ കൈക്കലാക്കി മില്‍മ ഒരേസമയം ഉപഭോക്താക്കളെയും കര്‍ഷകരേയും ഒരേ സമയം തെറ്റിദ്ധരിപ്പിക്കുകയും കൊള്ളയടിക്കുകയുമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വിലകൂട്ടിയ മില്‍മയുടെ പാല് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിയാണ് വിപണിയില്‍ ഇറക്കിയത്. മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. മില്‍മ ഉല്‍പ്പന്നങ്ങള്‍ കെഎസ്ആര്‍ടിസിയുടെ സഹായത്തോടെ ഉപഭോക്താക്കളില്‍ എത്തിക്കുന്ന ഷോപ് ഓണ്‍ വീല്‍സ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മില്‍മ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്ന പദ്ധതികളുടെ ഭാഗമായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂടി മില്‍മയ്ക്ക് വിട്ടുനല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മില്‍മ കവറുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന അടൂര്‍ സ്വദേശിനി ലീലാമ്മ മാത്യുവിനെ ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി ആദരിച്ചു.
മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്, അംഗങ്ങളായ വി.എസ്. പദ്മകുമാര്‍, കെ.ആര്. മോഹനന്‍പിള്ള, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി. സുജയകുമാര്‍, മാനേജിങ് ഡയറക്ടര്‍ ആര്. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: