തൊടുപുഴ: കോലാനിക്ക് സമീപം പാറക്കടവില്‍ അരയാലിന്റെ സംരക്ഷണ ഭിത്തി പൊളിച്ച നീക്കിയ സംഭവത്തില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പാറക്കടവ് കവലയില്‍ നിന്ന് കരിങ്കുന്നം പോകുന്ന വഴിയില്‍ ജനങ്ങള്‍ക്ക് തണലേകിയിരുന്ന അരയാലിന് ആണ് കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ ഒത്തുചേര്‍ന്ന് സംരക്ഷണ ഭിത്തി കെട്ടിയത്.
പിന്നാലെ തന്നെ പോലീസ് സംരക്ഷണയിലെത്തിയ പൊതുമരാമത്ത് അധികൃതര്‍ ഇത് പൊളിച്ച് നീക്കുകയായിരുന്നു. അതേ സമയം തൊട്ടടുത്ത് നില്ക്കുന്ന സിപിഎമ്മിന്റെ രക്തസാക്ഷി മണ്ഡപം പൊളിക്കാന്‍ ഇവര്‍ തയ്യാറായതുമില്ല. ഇത് കൂടി പൊളിക്കണമെന്ന് നാട്ടുകാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചെവിക്കൊണ്ടില്ല. പ്രതിഷേധം ശക്തമായതോടെ വലിയ പോലീസ് സന്നാഹം എത്തി കഴിഞ്ഞ ദിവസം കരിങ്കല്‍ക്കെട്ട് പൊളിച്ച് നീക്കുകയായിരുന്നു.
പ്രകൃതി സംരക്ഷിക്കണമെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്കുമ്പോള് പ്രകൃതി സംരക്ഷ ദിനത്തില്‍ തന്നെ ഇത് പൊളിച്ച് നീക്കിയത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് നാട്ടുകാര്‍ സംയുക്ത പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. പാറക്കടവില്‍ തന്നെ അനധികൃത നിര്‍മാണങ്ങള്‍ കോടതി ഉത്തരവ് ലംഘിച്ച് നിലനില്‍ക്കുമ്പോഴും ഭരണ കക്ഷിക്ക് ഒത്താശ പാടുന്ന നിലപാടാണ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാട്ടുന്നത്. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രകൃതി സംരക്ഷണ സമിതിയും പ്രദേശവാസികളം അറിയിച്ചു. ഒരു പാര്‍ട്ടിയുടേയും സ്തൂപങ്ങളും കൊടിമരങ്ങളും റോഡരികില്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ഇതൊന്നും തങ്ങളറിഞ്ഞിട്ടില്ലെന്ന നിലപാടാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
നടപടി അപകടം മുന്നില്‍ കണ്ട്
അതേ സമയം റോഡിലേക്ക് കയറി നിര്‍മിച്ചതായും പാലത്തിന് സമീപമായതുകൊണ്ട് അപകട സാധ്യത മുന്നില്‍ കണ്ടാണ് പൊളിച്ച് മാറ്റിയതെന്നുമാണ് പൊതുമരാമത്ത് അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു. സമീപത്തെ കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടതായും പുതിയ നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്നും വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: