തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയും ലോക്ഡൗണ്‍ പൂട്ടഴിച്ച് സാധാരണജീവിതത്തിലേക്ക് ചുവടുവെക്കാന്‍ തുടങ്ങുകയാണ്. ആരോഗ്യരംഗത്ത് ലോകമെങ്ങും വാഴ്ത്തിയ ‘കേരളമോഡല്‍’ നിലനില്‍ക്കുന്ന കേരളത്തിലാകട്ടെ കര്‍ശനമായ ലോക്ഡൗണ്‍ തുടരുകയാണ്.
കോവിഡ് മഹാമാരി ഏറ്റവും ഭീതിദമായി അഴിഞ്ഞാടിയ മഹാരാഷ്ട്രയില്‍ ഒട്ടേറെ ഇളവുകള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. പോസിറ്റിവിറ്റി നിരക്കും ദൈനംദിന കോവിഡ് കേസുകളും കുറഞ്ഞ 25 ജില്ലകളില്‍ മഹാരാഷ്ട്ര ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. പോസിറ്റിവിറ്റി നിരക്ക് കൂടിയ 11 ജില്ലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരും. കടകള്‍, തിയറ്ററുകള്‍, സിനിമാ ഹാളുകള്‍, ജിമ്മുകള്‍ എല്ലാം തുറക്കും. എസി ഹാളുകളുടെ പ്രവര്‍ത്തനം തടയണമെന്നതിനാല് വിവാഹച്ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. വാക്സിനെടുത്തവര്‍ക്ക് മുംബൈ നഗരത്തിലെ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും.
ഗുജറാത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചുകഴിഞ്ഞു. എട്ട് പ്രധാന നഗരങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന രാത്രികാല കര്‍ഫ്യു ജൂലായ് 31 വരെ ഒരു മണിക്കൂര്‍ കൂടി ഇളവ് അനുവദിച്ചു. ഹോട്ടലുകളും റസ്റ്റോറന്റുകളും ഇവിടെ രാത്രി 10 മണി വരെ തുറക്കാം. വരാനിരിക്കുന്ന ഗണേശ ഉത്സവം പൊതുസ്ഥലങ്ങളില്‍ അനുവദിക്കും. നാലടിയില്‍ താഴെ മാത്രം ഉയരത്തിലുള്ളതായിരിക്കണം ഗണേശ വിഗ്രഹങ്ങള്‍ എന്ന ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലാകട്ടെ വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ കഴിയാതെ ശ്വാസം മുട്ടുകയാണ്. ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ ആഗസ്ത് ഒമ്പത് മുതല്‍ സര്‍ക്കാരിനെ ധിക്കരിച്ച് കടകള്‍ തുറക്കുമെന്ന് അവര്‍ ഭീഷണിയും മുഴക്കിയിരിക്കുന്നു. ഇക്കഴിഞ്ഞ ഈദിന് മൂന്ന് ദിവസത്തെ ഇളവനുവദിച്ചതിന് സുപ്രീംകോടതി ഉള്‍പ്പെടെ കേരളത്തെ വിമര്‍ശിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വ്യാഴാഴ്ച 13 ശതമാനമായി. ഇന്ത്യയിലാകെ 43,000 പുതിയ കേസുകള്‍ പ്രഖ്യാപിച്ചതില്‍ 50 ശതമാനത്തിലധികം കേരളത്തില്‍ നിന്നാണ്. ഇതിനിടെ കേരളത്തിന് നല്‍കിയതില്‍ പത്ത് ലക്ഷം കോവിഡ് വാക്സിനുകള്‍ കാണാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചതോടെ അതുവരെ ദിവസേന 50,000 മുതല്‍ ഒരു ലക്ഷം വരെ വാക്സിന് നല്കിയ കേരളത്തില്‍ രണ്ട് ദിവസത്തില്‍ എട്ട് ലക്ഷം വാക്സിനുകളാണ് രോഗികള്‍ക്ക് നല്‍കിയത്. വാക്സിന് വേഗത്തില്‍ തീര്‍ത്ത്, വാക്സിന് ക്ഷാമം വരുത്തി കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇടതുസര്‍ക്കാര്‍ മുതിര്‍ന്നപ്പോഴേക്കും ഒമ്പതര ലക്ഷം വാക്സിന് ഡോസുകള്‍ ബുധനാഴ്ച കേന്ദ്രം നല്‍കുകയായിരുന്നു. എന്തായാലും കേരളത്തിന്റെ കോവിഡ് മാനേജ്മെന്റിലെ വീഴ്ച ഇന്ത്യയാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: